ഐ.ലീ​ഗിൽ ​ഗോകുലം കേരള ചരിത്രം രചിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്.സിയെ തോല്‍പ്പിച്ചാണ് ഗോകുലം കേരളയുടെ കിരീടധാരണം. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടമാണ് ഗോകുലം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെറേഷന്‍ കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തിമിടുന്നത്.

ഷെരീഷ് മുഹമ്മദ് (69), എമിൽ ബെന്നി (74), ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. ​വിദ്യാസാ​ഗർ സിങ്ങാണ്(23) ട്രാവുവിനായി ആശ്വാസ ഗോള്‍ നേടിയത്.

23-ാം മിനിട്ടിൽ ട്രാവുവിന്റെ ​വിദ്യാസാ​ഗർ സിങ്ങിലൂടെ ട്രാവു എഫ്.സിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് വെളിയിൽ വെച്ച് പന്ത് സ്വീകരിച്ച വിദ്യാസാ​ഗർ പന്ത് കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാ​ഗർ ഈ സീസണിൽ നേടുന്ന 12-ാം ​ഗോളാണിത്. തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ഗോള്‍ നേടാന്‍ ഗോകുലത്തിലായില്ല.69-ാം മിനിട്ടിൽ ഫ്രീകിക്കിലൂടെയാണ് ഷരീഫ് ഗോകുലത്തിന് സമനില ​ഗോൾ നേടിക്കൊടുത്തു.74 -ാം മിനിട്ടിൽ എമിൽ ബെന്നിയിലൂടെ രണ്ടാം ​ഗോൾ ​ഗോകുലം നേടി. ബോക്സിനകത്തേക്ക് പന്തുമായി കുതിച്ച എമിൽ ബെന്നി ​ഗോൾകീപ്പർ‌ അമൃതിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ​ഗോകുലത്തിനായി രണ്ടാം ​ഗോൾ നേടി.

പതിനഞ്ച് കളികളില്‍ നിന്ന് ഇരുപത്തിയൊന്‍പത് പോയിന്റുമായാണ് ഗോകുലം ചാമ്പ്യന്മാരായത്. അവസാന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനും ഇരുപത്തിയൊന്‍പത് പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയാണ് ഗോകുലത്തിന് കിരീടം ഉറപ്പിച്ചത്.

Advertisement