നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്.അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ ലിവർപൂൾ ക്വാർട്ടറിൽ എത്തുമെന്ന് ഏകദേശം ഉറപ്പായ ഘട്ടത്തിൽ നിന്നാണ് അത്ലറ്റിക്കോ മാഡ്രിഡ് പൊരുതിക്കയറി വിജയം നേടിയത്.ഇരുപാദങ്ങളിലുമായി (4-2) നാണ് അത്ലെറ്റിക്കോയുടെ വിജയം.

നിശ്ചിത സമയത്ത് 43ആം മിനുറ്റില്‍ ജോര്‍ജീനിയോ വൈനാള്‍ഡം നേടിയ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു.പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നതുവരെ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നേരത്തെ ആദ്യ പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ത്തിന് ജയിച്ചിരുന്നു. അതോടെ ഇരുപാദങ്ങളിലുമായി ടീമുകള്‍ 1-1ന്റെ സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് കടന്നു. 94ആം മിനുറ്റില്‍ റോബര്‍ട്ടോ ഫിര്‍മീനോ ഗോള്‍ നേടി
ലിവർപൂളിനെ മുന്നിലെത്തിച്ചു.എന്നാൽ 97, 105+1′ മിനുറ്റുകളില്‍ മാര്‍ക്കസ് ലോറെന്റെയും 120+1 മിനിറ്റിൽ  അല്‍വാരോ മൊറാറ്റയും അത്‌ലറ്റികോ മാഡ്രിഡിനായി ഗോളുകള്‍ നേടി .ഇരുപാദങ്ങളിലുമായി 4-2 ന്റെ ജയവുമായാ‍ാണ്   അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കയറിയത്.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ച് പി.എസ്.ജി ക്വാര്‍ട്ടറിലെത്തി.ഇരുപാദങ്ങളിലുമായി 3-2നായിരുന്നു പി.എസ്.ജിയുടെ വിജയം. നെയ്മറും ബെര്‍നറ്റുമാണ് പി.എസ്.ജിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.സൂപ്പർ ഫോമിൽ കളിക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പി.എസ്.ജിയുടെ വിജയ ശില്പി.28ആം മിനുറ്റില്‍ നെയ്മര്‍ തന്നെയായിരുന്നു ആദ്യ ഗോള്‍ നേടിയയത്. ഏഞ്ചല്‍ ഡി മരിയയുടെ കോര്‍ണറാണ് നെയ്മറിന്റെ ക്ലോസ് റേഞ്ച് ബുള്ളറ്റ് ഹെഡ് ഗോളിനുള്ള വഴിയൊരുക്കിയത്. ആദ്യപകുതിക്ക് തൊട്ടു മുമ്പ് യുവാന്‍ ബെര്‍നറ്റ് പി.എസ്.ജിയുടെ ലീഡ് രണ്ട് ഗോളാക്കി മാറ്റി.