ഞാന്‍ ആദ്യമായി ഒരു കളി ഗ്യാലറിയില്‍ ഇരുന്നുകാണുന്നത് മഞ്ചേരിയില്‍വെച്ചാണ്. മഞ്ചേരി ബോയ്‌സ്
ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലിരുന്ന് കണ്ടത് റോവേഴ്‌സ് അല്ലെങ്കില്‍ റോയല് സെവന്‍സ് ഫുട്ബാള്‍ ആയിരുന്നിരിക്കണം. നന്നേ ചെറുപ്രായത്തില്‍ ആയിരുന്നു അത്. ടിക്കറ്റെടുത്ത് ഗ്യാലറിയുടെ മദ്ധ്യത്തിലെ ചെറിയ പ്രവേശനകവാടത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ വല്ലാത്ത കൗതുകം. എന്റെ ചുറ്റിലും പല തട്ടുകളിലായി കാണികള്‍. മുകളിലും താഴെയും വശങ്ങളിലും. അതില്‍നിന്നും ഉയരുന്ന ഉച്ചത്തിലുള്ള ആരവങ്ങള്‍.
മഞ്ചേരിയില്‍ സെവന്‍സ് തുടങ്ങിയാല്‍ ഞങ്ങളുടെ നാട്ടിന്‍പുറത്തൂടെ അനൗണ്‍സ്‌മെന്റ് ജീപ്പ് എന്നും കടന്നുപോവും.
”മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് എറ്റുമുട്ടുമ്പോള്‍..” എന്ന ശബ്ദം ദൂരെനിന്നും കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ വീടുകളില്‍നിന്നും റോഡിലേക്ക് ഇറങ്ങി ഓടും. അന്നത്തെ കളിയിലെ ടീമുകളെ വിശേഷിപ്പിക്കുന്ന നോട്ടീസിനായി ജീപ്പിനുപുറകെ പായും. സൂപ്പര്‍ സ്റ്റുഡിയോയും കുരിക്കള്‍ പൈപ്പ്‌ലൈന്‍സും
കെ.ആര്‍.എസും ജിംഖാനയും എല്ലാ പേരുകളും നോട്ടീസുകളിലൂടെ ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞു.
മുതിര്‍ന്നപ്പോള്‍ ക്രിക്കറ്റും ഫുട്ബാളും ലഹരിയായി. ക്രിക്കറ്റ് കളി ദൂരദര്‍ശനില്‍നിന്നും സാറ്റലൈറ്റ് ചാന
ലുകളിലേക്കുമാറി. ഞങ്ങളുടെ നാട്ടിന്‍ പുറത്ത് അവ ലഭ്യമായിരുന്നില്ല. അക്കാലത്ത് ക്രിക്കറ്റ് കളി ടി.വിയില്‍ കാണാന്‍ ഞങ്ങള്‍ മഞ്ചേരിയിലേക്കുപോയി. കച്ചേരിപ്പടിയിലെ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഉണ്ടായിരുന്നത് റോയല്‍ ക്ലബായിരുന്നുവെന്നാണ് ഓര്‍മ. അവിടെ ഞങ്ങള്‍ രാവേറെവൈകുവോളം
കളികള്‍ കണ്ടിരുന്നു. പിന്നീട് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനക്കാര്‍ (ഞങ്ങള്‍ പൂങ്കള എന്നു വിളിക്കും) ഡിഷ് ടിവിവെക്കുകയും കളികള്‍ കാണാന്‍ നാട്ടുകാര്‍ക്ക് അവരുടെ വാതിലുകള്‍ തുറന്നിട്ടുകൊടുക്കുകയും
ചെയ്തു. ഞങ്ങള്‍ കളികാണല്‍ അങ്ങോട്ടേക്കാക്കി.
ചാനലുകള്‍ വീണ്ടും പേ ചാനലുകളായി. സാധാരണ ഡിഷുകളില്‍ കിട്ടാതായി. കേബിള്‍ ടി.വി വഴി പേ
ചാനലുകള്‍ ലഭ്യമായ മഞ്ചേരിയിലേക്ക് വീണ്ടും കളി കാണാനായിവന്നു. റോയല്‍ ക്ലബിലും മഞ്ചേരി പോലീസ് ക്വര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന നാട്ടുകാരായ ഹമീദ,് റഫീഖ് എന്നിവരുടെയുമൊക്കെ വീട്ടിലും വന്നു കളികണ്ടു മടങ്ങി.
മഞ്ചേരി സെവന്‍സ് ഫുട്ബാളിന് സ്ഥിരം കാണികളായി. ഫ്‌ളഡ് ലൈറ്റ് കളി തുടങ്ങിയിട്ടില്ലാത്ത കാലമാണ്. ഐ.എം വിജയന്‍ കളിക്കാനിറങ്ങിയ ഫൈനല്‍ മത്സരം രണ്ടാംപാദംവെച്ചതില്‍ കാണികള്‍ പ്രതിഷേധിച്ചത് ഇന്നും ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. റഫീഖ് ഹസ്സന്‍, ഷൗക്കത്ത്, ബാലു, അശോകന്‍,
ജസീര്‍ കരണത്ത്, അയ്യൂബ്, നജീബ് സെവന്‍സിന്റെ മാത്രം താരങ്ങള്‍. അവരോരുത്തര്‍ക്കും വലിയ
ആരാധകര്‍ മഞ്ചേരി ഗ്യാലറിയില്‍ ഉണ്ടായിരുന്നു. കളി ഫ്‌ളെഡ് ലൈറ്റുകളുലേക്കുമാറുകയും ഒക്കെയ്
എന്ന് പേരുള്ള സുഡാനി ഇടയ്ക്ക് താരമായിമാറുകയും ചെയ്തു. പിന്നീട് നൈജീരിയയില്‍നിന്നും ഘാന
യില്‍നിന്നുമൊക്കെ അനേകം സുഡാനികള്‍ കളിക്കാനായിവന്നു.
ഇടയ്ക്ക് കേരളവും തമിഴ്‌നാടും തമ്മിലുള്ള അണ്ടര്‍-22 ക്രിക്കറ്റ് മത്സരത്തിനും ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് വേദിയായി. പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിച്ച എസ്.രമേശ് അന്ന് തമിഴ്‌നാട് ടീമില്‍ ഉണ്ടായിരുന്നു.അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. രമേശിന്റെ കരിയറിന്റെ ആദ്യകാലത്തെ മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്ന് അതായിരിക്കണം. സുറാബ്, അജയ് കുടുവ തുടങ്ങി കേരള രഞ്ജി ടീമില്‍ ഉണ്ടായിരുന്ന കളിക്കാര്‍ അന്ന്
അവിടെ കേരളത്തിനായി പാഡ് കെട്ടിയിരുന്നു. ആ ടീമില്‍ മഞ്ചേരിയില്‍നിന്നുമുള്ള ഹരീഷും ഉണ്ടായിരുന്നു. ഏകദിനത്തില്‍ ഹരീഷ് കളിച്ചിരുന്നുവെങ്കിലും തിളങ്ങാനായില്ലെന്നാണ് ഓര്‍മ.കാലങ്ങള്‍ക്കുശേഷം നാട്ടിലും വിദേശത്തുമായി വലിയ വലിയ സ്‌റ്റേഡിയങ്ങളില്‍ കളികള്‍കണ്ടു. ഓരോ സ്‌റ്റേഡിയത്തിലേക്കും കയറിച്ചെല്ലുമ്പോള്‍ ചുറ്റിലും കാണികള്‍ ആരവം ഉതിര്‍ക്കുമ്പോള്‍, നന്നേ ചെറുപ്പ
ത്തില്‍ ആദ്യമായി മഞ്ചേരി സെവന്‍സ് ഗ്യാലറിയിലേക്ക് കയറുമ്പോള്‍ കേട്ട ആരവം എന്റെ ചെവികളില്‍ അലച്ചുതുടങ്ങും. ആ ഗ്യാലറിയുടെ കാഴ്ച ഓര്‍മകളില്‍ തെളിയും.