മലപ്പുറം : ഇന്ത്യയുടെ ആത്മാവായ മതേതരത്വവും ബഹുസ്വരതയും ഇല്ലായ്മ ചെയ്ത് മോദി ആരംഭിച്ച വിനാശങ്ങള്‍ കര്‍ഷകരെയും ദളിതരെയും രാജ്യത്തെ സാധാരണക്കാരെയും അടക്കം ബാധിച്ച് രാഷ്ട്ര ഘടനയെ തന്നെ തകര്‍ക്കുന്ന ദുരന്തഘട്ടത്തിലേക്ക് നീങ്ങുന്നതിനെ മതേതരത്വ കക്ഷികള്‍ ഗൗരവമായി കാണേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നുവെന്ന് മുസ്്‌ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് പ്രസ്താവിച്ചു. മുസ്്‌ലീം ലീഗ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സൈബര്‍ നടത്തുന്ന വിവരശേഖരണ ഹൗസ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശവാദങ്ങളും എതിര്‍പ്പുകള്‍ക്കെതിരെയുള്ള അവഹേളനങ്ങളും വഴി മാത്രം ഇന്ത്യപോലൊരു രാജ്യത്തെ നയിക്കാമെന്ന് കരുതുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ബ്ലുടിക്ക് സര്‍വേ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍മാരുടെയും സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുകയും ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ  വോട്ടര്‍മാരുമായി  നിരന്തര സമ്പര്‍ക്കം പുലര്‍ത്താനുവാനുമുള്ള നവീന മാര്‍ഗ്ഗങ്ങള്‍ പദ്ധതി മുഖാന്തിരം വിഭാവനം ചെയ്യുന്നുണ്ട്. യൂത്ത് ലീഗ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റിതര യുവജന സംഘടനകള്‍ക്ക് മാതൃകയും മാതൃ സംഘടനക്ക് മികച്ച മുന്നേറ്റത്തിന് വലിയ തോതില്‍ സഹായകരമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍  മുസ്്‌ലീം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ പി ഷെരീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ട്രഷറര്‍ വി ടി സുബൈര്‍ തങ്ങള്‍, ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മുസ്്‌ലീം ലീഗ് നിയോജക മണ്ഡലം ജന. സെക്രട്ടറി വി. മുസ്തഫ, യൂത്ത് ലീഗ് ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍, മന്‍സൂര്‍ പള്ളിമുക്ക്, സമീര്‍ കപ്പൂര്‍, സി ടി സാദിഖലി, മച്ചിങ്ങല്‍ അബ്ദുറഹിമാന്‍, റസാഖ് വാളന്‍, ബഷീര്‍ മച്ചിങ്ങല്‍, മച്ചിങ്ങല്‍ കുഞ്ഞി മുഹമ്മദ്  പ്രസംഗിച്ചു.