കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തെ ആർ.എസ്.എസ് കാര്യാലയത്തില്‍ പോയി നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന ആരോപണം ആവർത്തിച്ച് പി ജയരാജൻ ,

പി ജയരാജന്റെ കുറിപ്പ്:

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തെ ആര്‍.എസ്സ്.എസ്സ് കാര്യാലയത്തില്‍ പോയി നേതാക്കളുമായി ചര്‍ച്ച നടത്തിയതാണ് ഏറ്റവും ഒടുവില്‍ വന്ന പ്രധാന വാര്‍ത്ത. ഇത് ഒറ്റപ്പെട്ട കാര്യമല്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിക്കെതിരായ പ്രചാരണം കൊഴുപ്പിക്കാനായിരുന്നു സംഘപരിവാര്‍ അജണ്ട. അതിലും കോണ്‍ഗ്രസ്സ് സംഘപരിവാര്‍ ബന്ധം മറനീക്കി പുറത്തു വന്നു.

ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും തടഞ്ഞ ഹൈക്കോടതി വിധിയെ മറികടക്കാനാണ് ഡെല്‍ഹിയില്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് അറസ്റ്റ് നാടക രംഗത്തിന് തിരശീല പൊങ്ങിയത്. അതിന്‍റെ ഭാഗമായി ഡെല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി മുരളീധരന്‍റെ പത്ര സമ്മേളനം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ പത്ര സമ്മേളനം ആവശ്യം മുരളീധരന്‍ പറഞ്ഞതു തന്നെ. ഇങ്ങനെ ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിക്കുന്നതിന്‍റെ ഒടുവിലത്തെ ദൃശ്യമാണ് കോട്ടയത്തെ ആര്‍.എസ്സ്.എസ്സ് കാര്യാലയത്തില്‍ കണ്ടത്. കോണ്‍ഗ്രസ്സ് മാത്രമല്ല ലീഗും ആ വഴിക്കാണ് കേരളത്തില്‍ തങ്ങളുടെ ശത്രു ബി.ജെ.പി അല്ലന്നും സി.പി.ഐ.എം ആണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നതിന്‍റെ പൊരുള്‍ ഇതു തന്നെയാണ്.

1991-ലെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം രൂപപ്പെട്ടതും ഇങ്ങനെയാണ്. അതിനായി കോഴിക്കോട് കൊക്കോടന്‍ ടൂറിസ്റ്റ് ഹോമിലാണ് രഹസ്യ ചര്‍ച്ച നടന്നത്. അതേപോലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- യു.ഡി.എഫ് അന്തര്‍ധാര രൂപപ്പെടുത്തുക. ഇതോടൊപ്പം ജമാത്തെ ഇസ്ലാമിയുമായി രഹസ്യ ധാരണ ഉണ്ടാക്കുക. ഇതിന്‍റെയെല്ലാം ഉന്നം വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ആറ് മാസത്തിനകം നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ച ലഭിക്കരുത് എന്ന ഒറ്റ ലക്ഷ്യം മാത്രം. പക്ഷെ ഇവിടെ ഈ ഇടത്പക്ഷ വിരുദ്ധ അവസര വാദികള്‍ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്. അത് കൃത്യമായി കെ.ജി. മാരാരുടെ ജീവ ചരിത്ര ഗ്രന്ഥത്തില്‍ ജന്‍മഭൂമി കുഞ്ഞിക്കണ്ണന്‍ എഴുതിയിട്ടുണ്ട്. ഒരു അദ്ധ്യായത്തിന്‍റെ തലക്കെട്ടുതന്നെ പാഴായ പരീക്ഷണം എന്നാണ്. 91-ലെ രഹസ്യ ധാരണ ആയിരുന്നു പാഴായിപ്പോയതായി ഗ്രന്ഥകാരന്‍ വിലയിരുത്തിയത്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ജനങ്ങാളാകെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 നേക്കാള്‍ 2019 ആഗസ്ത് 5നും, 2020 ആഗസ്ത് 5 നുമാണ് പ്രാധാന്യമെന്ന സംഘപരിവാര്‍ പ്രചരണത്തിന്‍റെ ആപത്ത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആപത്തിനെ നേരിടാന്‍ കഴിയാതെ പരാജയപ്പെട്ട കോണ്‍ഗ്രസ്സിനെ കുറിച്ചും അവര്‍ക്ക് നല്ല ധാരണ ഉണ്ട്. 5 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ്സ്, ബി.ജെ.പിക്ക് നല്‍കിയ സംഭാവന നോക്കുക. 112 മുന്‍ എം.പിമാര്‍, 4 മുന്‍ മുഖ്യമന്ത്രിമാര്‍, 126 മുന്‍ എം.എല്‍.എമാര്‍, 80 എം.എല്‍.എമാര്‍- ഇവരെല്ലാമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറ് മാറിയത്. എന്നാല്‍ കേരളത്തില്‍ ആവട്ടെ ഇടത്പക്ഷമാണ് സംഘപരിവാര്‍ ശക്തികളെ ഫലപ്രദമായി പ്രതിരോധിക്കുന്നത്. ആ ഇടത്പക്ഷത്തെ നേരിടാനുളള മഴവില്‍ സംഖ്യം രൂപപ്പെടുത്താനാണ് ശ്രമങ്ങള്‍ തുടരുന്നത്. ഈ പരീക്ഷണവും പാഴാവും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

Advertisement