മഞ്ചേരി: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എയുമായി നൈജീരിയയിലെ ബയഫ്ര സ്വദേശിയായ മൈക്കിൾ (30) എന്നയാളെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടി. മഞ്ചേരി എസ് എച്ച്‌ ബി ടി സ്ൻ്റാൻ്റിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്നും 10 ഓളം പാക്കറ്റ് എം ഡി എം എയും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ ഹണ്ടേഴ്സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്നു മനസിലായിട്ടുണ്ട്. ഇവരെ പിടിക്കാൻ ശ്രമിച്ചാൽ കൂട്ടമായി വന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

ആവശ്യക്കാർ മുൻകൂട്ടി ഇയാൾ ആവശ്യപ്പെടുന്ന പണം ഇയാളുടെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ പറയുന്ന സ്ഥലത്ത് ലഹരി മരുന്നുമായി ഇയാൾ എത്തും. ഇത്തരത്തിൽ ബാംഗ്ലൂരിൽ നിന്നും ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി മഞ്ചേരിയിൽ വന്ന സമയത്താണ് പിടിയിലായത്.

കഴിഞ്ഞ മാസം കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാടു നിന്നുമായി 100 ഗ്രാം അടുത്താണ് എം ഡി എം എ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ്‌ പിടികൂടിയത്. ഇതിൽ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് നൈജീരിയൻ സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ദിവസങ്ങളോളം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്.

Advertisement