നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേരി നിയമസഭാ മണ്ടലത്തെ  പ്രതിനിധീകരിച്ച് ലീഗിന്റെ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചകൾ മുറുകുകയാണ്.മഞ്ചേരി എം.എൽ.എ അഡ്വ. എം ഉമ്മർ തന്നെ മത്സരിക്കാൻ
സാധ്യതയുണ്ടെങ്കിലും മൂന്ന് തവണ  മത്സരിച്ചവർക്ക് അവസരം നൽകേണ്ടെന്ന്മുസ്ലീം ലീഗ്  തീരുമാനമുണ്ടായാൽ സ്ഥാനാർത്ഥിത്വത്തിൽ മാറ്റങ്ങളുണ്ടാവും.ഒരു തവണ മലപ്പുറത്തേയും രണ്ടു വട്ടം മഞ്ചേരിയേയും പ്രതിനിധീകരിച്ച് എം. ഉമ്മർ നിയമസഭയിലെത്തിയിട്ടുണ്ട്.

എം ഉമ്മറിന് പകരം മുസ്ലീംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ ലത്തീഫിനെ പരിഗണിക്കുമെന്നാണ് സൂചന.  നേരത്തെ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് യു.എ ലത്തീഫിന് പകരം കെ.എൻ.എ ഖാദറിനെ സ്ഥാനാർത്ഥിയാക്കിയത്. അന്ന് അത് പാർട്ടിക്കുള്ളിൽ  വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു . അതുകൊണ്ട് തന്നെ  മഞ്ചേരി സ്വദേശി കൂടിയായ ലത്തീഫിന്  ഇത്തവണ അവസരം നൽകുന്നതിൽ നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.മഞ്ചേരി നിയമസഭാ മണ്ഡലം രൂപം കൊണ്ട നാൾ മുതൽ മുസ്ലിം ലീഗിൻ്റെ കോട്ടയാണ്. 1960 ന് ശേഷം മുസ്ലിം ലീഗ് പ്രതിനിധികൾ മാത്രമാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുള്ളത്.  മഞ്ചേരിയിൽ 2011 ൽ 29079 വോട്ടിനാണ് ലീഗ്  ജയിച്ചത്. 2016 ൽ ഭൂരിപക്ഷം 19616 ആയി കുറഞ്ഞെങ്കിലും ജില്ലയിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നായിരുന്നു മഞ്ചേരിയിലേത്.

Advertisement