മഞ്ചേരി : കാത്തിരിപ്പുകള്‍ക്കൊടുവില്‍ സ്ഥല പരിമിതിയില്‍ നിന്ന് മഞ്ചേരി നഗരസഭക്ക് മോചനമായി. ഓഫീസും ഭരണ വിഭാഗവും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മഞ്ചേരിക്ക് സമര്‍പ്പിച്ചു.
കോവിഡ് നിയന്ത്രങ്ങള്‍ക്കിടെ ലളിതമായ ചടങ്ങിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് മഞ്ചേരിക്ക് സമര്‍പ്പിച്ചത്. 16 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആധുനിക കെട്ടിട സമുച്ചയത്തില്‍ ഓഫീസും ഭരണ വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. എ.പി. അനില്‍കുമാര്‍ എം.എല്‍.എ മുഖ്യ അതിഥിയായെത്തി. നഗരസഭാധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷന്‍ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ വല്ലാഞ്ചിറ മുഹമ്മദലി, പി.പി. അബ്ദുള്‍ കബീര്‍, സാബിറ കുരിക്കള്‍, അഡ്വ. ബീന ജോസഫ്, സജ്‌ന അത്തിമണ്ണില്‍, സെക്രട്ടറി പി. സതീഷ് കുമാര്‍ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മഞ്ചേരി നഗരസഭക്ക് സ്ഥല പരിമിതി പ്രശ്‌നത്തില്‍ നിന്ന് മോചനമായത്. രണ്ടര വര്‍ഷം കൊണ്ട് നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആധുനിക രീതിയില്‍ സൗകര്യപ്രദമായൊരുക്കിയ ഓഫീസിനു പുറമെ ജനപ്രതിനിധികളുടെ ഓഫീസുകളും വിശാലമായ കൗണ്‍സില്‍ ഹാളും ഓഡിറ്റോറിയവും വ്യാപാര കേന്ദ്രവും ഉള്‍പ്പെടുന്നതാണ് കെട്ടിട സമുച്ചയം. വ്യാപാരാവശ്യങ്ങള്‍ക്കുംള്ള 64 കടമുറികളാണ് ഷോപ്പിംഗ് കോപ്ലക്‌സില്‍ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ നഗരസഭയുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനാവുമെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു.
നേരത്തെ ഇവിടെയുണ്ടായിരുന്ന നഗരസഭാ കെട്ടിടം പൊളിച്ചുമാറ്റിയ ശേഷം പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാനുള്ള നടപടികള്‍ അനന്തമായി നീണ്ടു പോകുകയായിരുന്നു. നിലവിലെ ഭരണസമിതിയുടെ ഇടപെടലോടെയാണ് നഗരസഭാ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് യാഥാര്‍ഥ്യമായത്. കോഴിക്കോട് റോഡിലെ മാധവന്‍ നായര്‍ സ്മാരകത്തില്‍ ഭരണ വിഭാഗവും തൊട്ടടുത്തുള്ള നഗരസഭാ കെട്ടിടത്തില്‍ ഓഫീസുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസിലെ സൗകര്യക്കുറവ് പൊതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ പ്രയാസം തീര്‍ത്തിരുന്നു.