മഞ്ചേരി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ മഞ്ചേരി പ്രസ് ക്ലബിൻ്റെ സഹകരണത്തോടെ  മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നൽകുന്നതുമായി ബന്ധപെട്ട വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന്  അഡ്വ. എം. ഉമ്മര്‍ എംഎല്‍എ  ഉദ്ഘാടന വേളയിൽ പറഞ്ഞു.നിരവധി വെല്ലുവിളികൾ അഭിമുഖീകരിച്ചാണ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്നും അവര്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കാന്‍ പോലീസിനോ പൊതുപ്രവര്‍ത്തകര്‍ക്കോ ഗവണ്‍മെന്റിനോ പലപ്പോഴും സാധിക്കാറില്ലെന്നുംഅഡ്വ: എം. ഉമ്മര്‍ എംഎൽഎ പറഞ്ഞു. പ്രാദേശികമായ വാര്‍ത്തകള്‍ നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍   പത്രപ്രവര്‍ത്തകര്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍  സുബൈദ വി.എം. അധ്യക്ഷത വഹിച്ചു.  പിഐബി കേരള റീജിയണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മിസ്. എര്‍മെലിന്‍ഡ ഡയസ് മുഖ്യപ്രഭാഷണം നടത്തി.മഞ്ചേരി, വേങ്ങര, കോട്ടയ്ക്കല്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് മേഖലകളില്‍ നിന്നുള്ള അറുപതോളം മാധ്യമപ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകരും കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാര്‍ത്താ  വിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്‌ക്കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താലാപ്.

‘ പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങും ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികളും’ എന്ന വിഷയത്തില്‍ മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ശ്രീ ജയന്‍ ശിവപുരവും , ‘ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകള്‍: കേന്ദ്ര ഗവണ്‍മെന്റ് സംരംഭങ്ങള്‍’  എന്ന വിഷയത്തില്‍ മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ രഞ്ജിത്ത് എന്‍പിസിയും ‘നോവല്‍ കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ആരോഗ്യ റിപ്പോര്‍ട്ടിങ്ങ്’  എന്ന വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ജയകൃഷ്ണന്‍ തയ്യിലും ക്ലാസുകളെടുത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പിഐബി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍  ഐസക്ക് ഈപ്പന്‍ വിശദീകരിച്ചു. കേരള ജേണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്  സി. ജമാല്‍, മഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ്  എം. ശശികുമാര്‍, പിഐബി കൊച്ചി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്  ബിബിന്‍ എസ്. നാഥ് എന്നിവര്‍ പ്രസംഗിച്ചു