പ്രാദേശികമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ക്കും ഉത്പാദന, സേവന മേഖലകളില്‍ ആനുകാലിക ഇടപെടലുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 181,35,17,366 രൂപ വരവും 180,03,40,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന 1,31,77,366 രൂപയുടെ മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം അവതരിപ്പിച്ചത്. കോവിഡിന് ശേഷം ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരമാവധി പരിഹാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചു.

ആഭ്യന്തര ഉത്പാദനവും ആളോഹരി വരുമാനവും വര്‍ധിപ്പിക്കാന്‍ ഉത്പാദന മേഖലയില്‍ 23.03 കോടി രൂപയാണ് വകയിരുത്തിയത്. വ്യവസായ മേഖലക്ക് 11.6 കോടി രൂപയും കുടിവെള്ളത്തിന് 5.65 കോടി രൂപയും വിദ്യാഭ്യാസ മേഖലക്കായി 20.80 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു. ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 12.73 കോടി രൂപ വകയിരുത്തിയപ്പോള്‍ ഭൂരഹിത – ഭവന രഹിതരുടെ പുനരധിവാസത്തിന് 13.49 കോടി രൂപ, ലിംഗ സമത്വം – വനിതാ ശാക്തീകരണം എന്നീ മേഖലക്ക് 6.93 കോടി രൂപ, ശുചിത്വം – മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് 12.55 കോടി രൂപ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് 9.55 കോടി രൂപ എന്നിങ്ങനെയാണ് നീക്കിവച്ചിരിക്കുന്നത്. കായിക മേഖലയില്‍ ആറ് കോടി രൂപയുടെ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് ഒരു കോടി രൂപയും എസ്.സി കോളനികള്‍ക്കായുള്ള കുടിവെള്ള പദ്ധതികള്‍ക്ക് 5.65 കോടി രൂപയും സാന്ത്വന പരിചരണത്തിന് 4.82 കോടി രൂപയും റോഡുകളുടെ പുനരുദ്ധാരണത്തിന് 31.09 കോടി രൂപയും നീക്കിവച്ചു.
ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എ. കരീം, ഷറീന ഹസീബ്, ജമീല ആലിപ്പറ്റ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും നടന്നു.

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഇടംപിടിച്ച പ്രത്യേക പദ്ധതികള്‍

· മലപ്പുറത്തെ ബാല സൗഹൃദ ജില്ലയാക്കുന്നതിന് 10 ലക്ഷം രൂപ.
· ലഹരിമുക്ത മലപ്പുറം പദ്ധതിക്ക് 10 ലക്ഷം രൂപ.
· വയോജനങ്ങള്‍ക്കായുള്ള അഭയം പദ്ധതിക്ക് 1.1 കോടി രൂപ.
· വിജയഭേരി വിദ്യാഭ്യാസ പദ്ധതി സിലബസിനനുസരിച്ച് പരിഷ്‌ക്കരിക്കും. വിജയഭേരി പദ്ധതി തുടരുന്നതിന് 25 ലക്ഷം രൂപ.
· ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ ഐ.എ.എസ്. അക്കാദമി സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ.
· സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് ഐ.എ.എസ്, ഐ.പി.എസ് മേഖലകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ.
· യുവതയെ അര്‍ഹമായ ജോലിക്ക് പ്രാപ്തരാക്കുന്നതിന് ഉദ്യോഗഭേരി പദ്ധതി. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 15 ലക്ഷം രൂപ.
· മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായൊരുക്കുന്ന ആധുനിക ഡിജിറ്റല്‍ ലൈബ്രറിക്ക് ഒരു കോടി രൂപ.
· പൂക്കോട്ടൂര്‍ യുദ്ധ സ്മാരക മ്യൂസിയവും റിസര്‍ച്ച് സെന്ററും, പുല്ലങ്കോട് വാരിംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സാംസ്‌ക്കാരിക നിലയം, കേളപ്പജി സ്മാരക തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ പൈതൃക കേന്ദ്രം എന്നിവക്കായി 50 ലക്ഷം രൂപ വീതം 1.5 കോടി രൂപ.
· ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് 1.5 കോടി രൂപ.
· പുതിയ ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിന് രണ്ട് കോടി രൂപ.
· ജില്ലാ ആശുപത്രികളില്‍ വ്യായാമ കേന്ദ്രങ്ങള്‍ക്കായി 20 ലക്ഷം രൂപ.
· എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാര വിതരണത്തിന് 24 ലക്ഷം രൂപ.
· വിവാഹ പൂര്‍വ കൗണ്‍സലിങ് സെന്ററുകള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപ.
· ജില്ലയിലെ 15 ബ്ലോക്ക് അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ടുകള്‍ ഒരുക്കുന്നതിന് 3.75 കോടി രൂപ.
· എടവണ്ണ സീതിഹാജി സെമി ഒളിമ്പിക്‌സ് സ്‌കൂള്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ.
· ഊരകം സ്പോര്‍ട്സ് കോംപ്ലക്സിന് 75 ലക്ഷം രൂപ.
· വെറ്റില കര്‍ഷകര്‍ക്ക് പ്രത്യേക സഹായം – കര്‍ഷകര്‍ക്ക് നേരിട്ട് പ്രോത്സാഹനം ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായി വെറ്റില കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ 75 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതി.
· നെല്‍കൃഷിക്ക് പ്രത്യേക സഹായം – നെല്‍ കര്‍ഷകര്‍ക്ക് കൂലിയിനത്തില്‍ വരുന്ന ചെലവ് കുറക്കാന്‍ സബ്സിഡിയിനത്തില്‍ ഒരു കോടി രൂപയുടെ ധന സഹായ പദ്ധതി.
· കാര്‍ഷിക മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കനാല്‍, കുളം, വി.സി.ബി, തോട്, തടയണ, ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 5.9 കോടി രൂപ.
· ജില്ലാ പൗള്‍ട്രി ഫാമില്‍ എഗ്ഗര്‍ നഴ്സറിയും ഹാച്ചറി സംവിധാനവും – ആതവനാടുള്ള ജില്ലാ പൗള്‍ട്രി ഫാമില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം മുട്ട കോഴികളെ വളര്‍ത്തി മുട്ട വിരിയിച്ച് മുട്ടയും കോഴിക്കുഞ്ഞുങ്ങളും രണ്ട് മാസം പ്രായമായ കോഴികളേയും വില്‍പ്പന നടത്തുന്ന പദ്ധതി. ഇതിനൊപ്പം മുയലുകളേയും വളര്‍ത്തി വില്‍പ്പന നടത്തും. തൊഴില്‍രഹിതരെക്കൂടി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിക്കായി ആതവനാട് ജില്ലാ പൗള്‍ട്രി ഫാമിന് 1.2 കോടി രൂപ.
· മൃഗ പരിപാലന മേഖലയില്‍ നടപ്പാക്കുന്ന 2.29 കോടി രൂപയുടെ വിവിധ പദ്ധതികളില്‍ വെറ്റിനറി ന്യായവില ഷോപ്പുകള്‍ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ.
· മത്സ്യ മേഖലയില്‍ പ്രത്യേക പദ്ധതികള്‍ – മത്സ്യങ്ങള്‍ സൂക്ഷിക്കുന്നതിന് കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഒരുക്കാന്‍ 50 ലക്ഷം രൂപ, മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് ഹാച്ചറി യൂണിറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ, തീരദേശ മേഖലയില്‍ ഫിഷ് ലാന്റിങ് സെന്റര്‍ നവീകരിക്കുന്നതിന് 50 ലക്ഷം രൂപ, ലൈവ് ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 7.2 ലക്ഷം രൂപ, കൂട് മത്സ്യ കൃഷിക്ക് 15 ലക്ഷം രൂപ.
· വ്യവസായ മേഖലയില്‍ വിവിധ പദ്ധതികള്‍-പുതിയ സാമ്പത്തിക വര്‍ഷം 10,000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതികള്‍.
· വനിതാ സ്വയം തൊഴില്‍ സംരംഭക യൂനിറ്റുകള്‍ക്ക് കുടുംബശ്രീ മുഖേന യന്ത്ര സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ഒരു കോടി രൂപ. ജില്ലാ പഞ്ചായത്തിന്റെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപ. തൊഴില്‍ രാഹിത്യം പരിഹരിക്കുന്നതിന് നവംബറില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന് 50 ലക്ഷം രൂപ.
· പ്രവാസികള്‍ക്കായി പ്രത്യേക വ്യവസായ പദ്ധതി- കോവിഡ് പ്രതിസന്ധി കാരണം തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ച 50 ലക്ഷം രൂപയുടെ പദ്ധതി.
· പെട്രോള്‍ പമ്പും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും- ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പെട്രോള്‍ പമ്പും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും ആരംഭിക്കും. ഇതിനായി മൂന്ന് കോടി രൂപ.
· നാളികേരത്തില്‍ നിന്ന് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സഹകരണ സംഘങ്ങളുമായി ചേര്‍ന്നുള്ള യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ.
· ചക്കയില്‍ നിന്നുള്ള മൂല്യാധിഷ്ടിത ഉത്പന്ന നിര്‍മ്മാണ യൂനിറ്റുകള്‍ക്കായി 25 ലക്ഷം രൂപ.
· ജില്ലാ വ്യവസായ കേന്ദ്രവുമായി ചേര്‍ന്ന് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് മൂന്ന് കോടി രൂപ.
· ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലൊരുക്കുന്ന മില്‍ക്ക് എ.ടി.എം യൂനിറ്റുകള്‍ക്ക് 50 ലക്ഷം രൂപ.
· ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായ ഹാപ്പി മിനറല്‍ വാട്ടര്‍ ഒരുക്കാന്‍ 1.25 കോടി രൂപ.
· പട്ടികജാതി സങ്കേതങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുമാടം സ്ഥാപിക്കാന്‍ 1.2 കോടി രൂപ.
Advertisement