മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ മുഴുവനായും പാലിച്ചുകൊണ്ട്  നടക്കുന്ന ത്രീജിത്രീ വിചാരണക്ക് ഹാജരാകണമെന്ന് മുൻകൂട്ടി നോട്ടീസ് ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഇരുന്നൂറോളം ദേശീയപാത ഇരകൾ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിൽ തിങ്കളാഴ്ച കാലത്ത് ഹാജരാവുകയും എന്നാൽ വിചാരണക്കായി യാതൊരുവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ  സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന ഇരകൾക്ക് ഇരിക്കാൻ  കസേര പോലും ഒരുക്കാതെയും മണിക്കൂറുകളോളം നിറുത്തി ദ്രോഹിച്ച അധികൃതരുടെ നടപടിക്കെതിരെ ഇരകൾ ശക്തമായി പ്രതിഷേധിച്ചു. നഷ്ടപരിഹാരം അനുവദിച്ചതിന് ശേഷം മാത്രം നൽകേണ്ട ആധാരവും രേഖകളും സമ്മത പത്രവും ഇപ്പോൾത്തന്നെ ഓഫീസിൽ ഹാജരാക്കി സമർപ്പിച്ചില്ലെങ്കിൽ വിവരങ്ങൾ നൽകാനാവില്ല എന്ന സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ ഇരകൾ കൂട്ടത്തോടെ ചോദ്യം ചെയ്തു.  പുനരധിവാസം, ഭൂമിയുടെ വില, മറ്റ് നഷ്ടപരിഹാരങ്ങൾ എന്നിവ സംബന്ധിച്ച് യാതൊരു വിവരവും ഇരകളെ അറിയിക്കാതെ രേഖകളും സമ്മത പത്രവും കൈക്കലാക്കി ഭൂമി പിടിച്ചെടുക്കുന്ന രീതിയാണ് ഉദ്യോഗസ്ഥർ അവലംബിക്കുന്നത്. ഭൂമിയും കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്ന ഇരകളുടെ നഷ്ടവിവരങ്ങളെ  സംബന്ധിച്ച കണക്കുകൾ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി കളക്ടറും തഹസിൽദാർമാരും യാതൊരുവിധ വിവരങ്ങളും നൽകുന്നില്ല. തിങ്കളാഴ്ച ഹാജരായ ഭൂവുടമകളോട് നഷ്ടപ്പെടുന്ന ഭൂമിയുടെ കണക്കോ  നഷ്ടപ്പെടുന്ന കെട്ടിടത്തിൻെറ അളവോ കിട്ടുന്ന നഷ്ടപരിഹാരം എത്രയാണെന്നോ എന്ന ചോദ്യങ്ങൾക്കെല്ലാം നിങ്ങളുടെ വിവരങ്ങളടങ്ങിയ ഫയൽ പൂർത്തിയായി വരുന്നതേയുള്ളു എന്നുള്ള മറുപടിയാണ് ലഭിച്ചത്.ഓരോ ഇരക്കും കിട്ടുന്ന നഷ്ടപരിഹാരവും  ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും കൃത്യമായി പറഞ്ഞു കൊടുക്കേണ്ട ത്രീജിത്രി വിചാരണയ്ക്കപോലും ഇത്തരം മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരം സാഹചര്യത്തിലും ഹൈവേ അധികൃതർ ആവശ്യപ്പെടുന്നത് പതിമൂന്നോളം രേഖകൾ ഹാജരാക്കുവാനാണ്. എന്നാൽ ഇതെല്ലാം ത്രീ ജിത്രീ വിചാരണക്ക് ശേഷമുള്ള ത്രീ എച്ച് നടപടിയിൽ മാത്രമേ ഹാജരാക്കേണ്ടത് ഉള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. നഷ്ടപ്പെടുന്ന ഇരകളുടെ ഭൂമിയുടേയും കെട്ടിടത്തിൻെറയും നഷ്ടപരിഹാരത്തിൻെറ കണക്ക് എത്രയെന്ന് ഭൂവുടമകളെ ബോധ്യപ്പെടുത്താതെ ഇത്രത്തോളം രേഖകൾ ആവശ്യപ്പെടുന്നത് സൂത്രത്തിൽ രേഖകളെല്ലാം കൈക്കലാക്കി നടപടികളെല്ലാം എത്രയും പെട്ടെന്ന് ഏകപക്ഷീയമായി പൂർത്തിയാക്കി സർക്കാറിന് മുന്നിൽ നല്ലപിള്ളചമയാനുള്ള ഡെപ്യൂട്ടി കലക്ടറുടെയും ഉദ്യോഗസ്ഥരുടെയും ഗൂഢതന്ത്രം മാത്രമാണെന്ന് ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കുഞ്ഞാലൻ ഹാജിയും ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂരും, ട്രഷറർ മുരളീധരൻ ചേലമ്പ്രയും ആരോപിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും അളവിൽ വൻതോതിൽ മനഃപൂർവം വെട്ടിക്കുറക്കൽ വരുത്തുന്നതായും, നിയമത്തിൽ പറയാത്ത സാൽവേജ് ചാർജ് എന്നപേരിൽ ആറ് ശതമാനം തുക നിർമിതികൾക്ക് വെട്ടി കുറക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Advertisement