സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അംഗീകാരമില്ലാത്ത ലാബുകള്‍ പരിശോധന നടത്തുന്നതും സര്‍ക്കാര്‍ അംഗീകരിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതും ടെസ്റ്റുകളുടെ വിവരങ്ങള്‍ യഥാസമയം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാത്തതുമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളിറക്കിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരമില്ലാതെ ജില്ലയില്‍ കോവിഡ് പരിശോധനകള്‍ നടത്തുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേസ് നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു.
സ്വകാര്യ ലാബുകള്‍ കോവിഡ് കണ്ടെത്തുന്നതിനായി നടത്തുന്ന വിവിധ പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിനേക്കാള്‍ അധിക നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇത്തരം ലാബുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും അംഗീകാരം റദ്ദാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആര്‍.ടി പി.സി.ആര്‍ 2,100 രൂപ, ട്രൂനാറ്റ് ടെസ്റ്റിന് 2,100 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍ എക്‌സ്‌പേര്‍ട്ട് 2,500 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
എല്ലാ സര്‍ക്കാര്‍ ലാബുകളും സ്വകാര്യലാബുകളും സാമ്പിള്‍ കളക്ഷന്‍ സെന്ററുകളും കോവിഡ് സാമ്പിളുകളുടെയും പരിശോധനകളുടെയും വിവരങ്ങള്‍ സാമ്പിള്‍ ശേഖരിച്ച് 48 മണിക്കൂറിനകം സര്‍ക്കാര്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisement