പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊണ്ടോട്ടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന യു.പി സ്‌കൂള്‍ പ്രവൃത്തി ഉദ്ഘാടനവും സൈറ്റ് ഹാന്‍ഡ് ഓവറും ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചെലവില്‍ രണ്ട് ബ്ലോക്കുകളാണ് സ്‌കൂളിന് നിര്‍മിക്കുന്നത്. രണ്ട് കോടി രൂപ ചെലവില്‍ യു.പി സ്‌കൂള്‍ ബ്ലോക്കും മൂന്ന്  കോടി രൂപ ചെലവില്‍ ഹയര്‍സെക്കന്‍ഡറി ബ്ലോക്കുമാണ് നിര്‍മിക്കുന്നത്. രണ്ട് കോടിയുടെ യു.പി ബ്ലോക്കില്‍ രണ്ട് നിലകളിലായി 14 ഹൈടെക്ക് ക്ലാസ് മുറികളാണ് നിര്‍മിക്കുന്നത്. കിഫ്ബി വഴി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച്ച  ആരംഭിക്കും. ഒന്‍പത് മാസത്തിനകം യു.പി ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവും.

മൂന്ന് കോടി ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഹയര്‍ സെക്കന്‍ഡറി  ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം നേരത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചിരുന്നു. 10 ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, പ്രിന്‍സിപ്പള്‍ റൂം, ടോയ്‌ലറ്റുകള്‍, ഓഡിറ്റോറിയം, തുടങ്ങിയവ ഉള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി ബ്ലോക്കില്‍ ക്ലാസ് റൂമുകള്‍ക്കിടയില്‍ ഇടനാഴി, ഗാര്‍ഡന്‍ ഉള്‍പ്പടെ സജീകരിക്കാവുന്ന രീതിയില്‍ അതിനൂതനമായാണ് നിര്‍മിക്കുന്നത്. കെട്ടിടം അവസാനഘട്ട മിനുക്കുപണിയിലാണ്.

കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍  കെ.സി ഷീബ, നഗരസഭാ സ്ഥിര സമിതി അംഗം റാഫി, നഗരസഭാ വിദ്യാഭ്യാസ സ്ഥിര സമിതി അംഗം ചുക്കാന്‍ മുഹമ്മദലി, വാര്‍ഡ് അംഗം പാറപ്പുറം അബ്ദു റഹ്മാന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ മണി, എ.ഇ.ഒ സുനിത, ബി.പി സി സുധീരന്‍, പി.ടി.എ പ്രസിഡന്റ് സാദിഖ് കാളങ്ങാടന്‍, ഹെഡ്മാസ്റ്റര്‍ അബ്ദു സലാം, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement