തിരൂര്‍ നഗരസഭ പരിധിയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. തിരൂര്‍ നഗരത്തിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന മൂന്ന് കോടി രൂപയുടെ പൊറ്റിലത്തറയില്‍ ആരംഭിച്ച എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്,  അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സംസ്‌കരിക്കാന്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ അടക്കം തിരൂര്‍ നഗരസഭയുടെ വിവിധ പദ്ധതികളാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

തുമ്പൂര്‍ മുഴി മോഡലില്‍ എറോബിക് കമ്പോസ്റ്റിംഗ് മാലിന്യ സംസ്‌കരണ കേന്ദ്രവും തിരൂര്‍ നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കൃഷിഭവന്‍, ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് ലാബ്, ഏഴൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലക്ടേടേഴ്സ് സ്‌കൂള്‍ പദ്ധതി, ഓരു ജല കരിമീന്‍ കൂട് കൃഷി, ഓരു ജലസമ്മിശ്ര മല്‍സ്യകൃഷിഎന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു.

നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവ അധ്യക്ഷനായി. തുടര്‍ന്ന് നഗരസഭാ ഓഫീസ് കോമ്പൗണ്ടിലെ കൃഷിഭവന്‍ ഓഫീസ്, പൊറ്റിലത്തറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റ്, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍, ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബോട്ടണി, സയന്‍സ് ലാബുകള്‍, ഏഴൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതി, പതിനഞ്ചാം വാര്‍ഡില്‍ പി കുഞ്ഞുമുഹമ്മദിന്റ ഓരു ജല കരിമീന്‍ കൂടുകൃഷി, ഒമ്പതാം വാര്‍ഡില്‍ ജംഷീദ് റഫീഖ് പന്നിക്കണ്ടത്തിലിന്റെ ഓരു ജലസമ്മിശ്ര മല്‍സ്യ കൃഷി എന്നിവയുടെ സമാരംഭം നഗരസഭ ചെയര്‍മാന്‍ കെ. ബാവ നിര്‍വഹിച്ചു. വിവിധ ചടങ്ങുകളില്‍’വൈസ് ചെയര്‍പേഴ്സണ്‍ പി. സഫിയ,  സ്ഥിരം സമിതി  ചെയര്‍പേഴ്സണ്‍മാരായ കെ. വേണുഗോപാല്‍, ഗീത പള്ളിയേരി, കെ. പി. റംല, മുന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, സെക്രട്ടറി എസ്. ബിജു,അഡ്വ. പി. ഹംസക്കുട്ടി, പിമ്പുറത്ത് ശ്രീനിവാസന്‍ , വി. നന്ദന്‍, പാറപ്പുറത്ത് കുഞ്ഞുട്ടി, കൗണ്‍സിലര്‍മാരായ ഇസ്ഹാഖ് മുഹമ്മദലി, കെ അബ്ദുറഹിമാന്‍, പി. കുഞ്ഞുട്ടി ബാവ, നാജിറ അഷറഫ്, സാബിറ, റിനീഷ്, കെ. ശാന്ത എന്നിവര്‍ പങ്കെടുത്തു.