മലപ്പുറം :  കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ 224 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 391 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 335 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 42 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 25,729 പേര്‍ വീടുകളിലും 1,945 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 9,225 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8,167 പേരുടെ ഫലം ലഭിച്ചു. 7,715 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,058 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 231 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗം ഭേദമായ ആറ് പേര്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍നിരീക്ഷണത്തിലുണ്ട്.