മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 705 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,215 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 255 പേര്‍  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 243 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഏഴ് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. 10,630 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,330 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 90 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 90 പേരാണ്  നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, ഇടുക്കി സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 140 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 48 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയില്‍ ഇതുവരെ 4,047 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 375 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 214
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 107 പേര്‍
• കൗണ്‍സലിങ് നല്‍കിയത് – 10
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് നഴ്‌സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ – 383
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

Advertisement