മലപ്പുറം:   ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും പ്രത്യേക കോവിഡ് ആശുപത്രികളുടെ സജ്ജീകരണങ്ങള്‍ക്കുമായി തങ്ങളുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ഇത്തരത്തില്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുമായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കലക്ടറേടറ്റില്‍ സംസാരിക്കുകയായിരുന്നു സ്പീക്കറും മന്ത്രിയും.

ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാകുന്നത് വരെ വരും ദിവസങ്ങളിലും ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സന്നദ്ധ സേവനങ്ങളില്‍ ഏര്‍പ്പെടുന്നത് അച്ചടക്ക രാഹിത്യത്തിനുള്ള ലൈസന്‍സായി ആരും കാണരുതെന്നും ഇരുവരും ഓര്‍മിപ്പിച്ചു. വളണ്ടിയര്‍ പാസ് ലഭിച്ചവരാണെങ്കിലും ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ പേര് വ്യക്തമാക്കുന്ന തരത്തില്‍ വേഷ വിധാനങ്ങള്‍ സ്വീകരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ അനുവദിക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റുകള്‍ ഹാര്‍ബറുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ അണു വിമുക്തമാക്കണം. മത്സ്യ ബന്ധന നിരോധനത്തിന് ഇന്ന് മുതല്‍ ഇളവ് വരുത്തുന്നതിനാല്‍ പോലീസും ഫിഷറീസ് വകുപ്പും ഇതുമായി ബന്ധപ്പെട്ട് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

Advertisement