മലപ്പുറം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാലും ജില്ലയില്‍ നിരോധനാജ്ഞ നിലവിലുള്ള സാഹചര്യത്തിലും ജില്ലയിലെ മുഴുവന്‍ പെട്രോളിയം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ മാത്രമാക്കി ക്രമീകരിച്ചതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസര്‍വീസായ പെട്രോളിയം റീട്ടെയില്‍ ഔട്ട്‌ലെറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അവ ലംഘിച്ച് പമ്പിലേക്ക് എന്ന വ്യാജേന ആളുകള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രമീകരണം. കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് ഏത് സമയത്തും ഇന്ധനം നല്‍കുന്നതിനുള്ള ക്രമീകരണം എല്ലാ നടത്തിപ്പുകാരും ഒരുക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.