മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിനായി ഓഡിറ്റോറിയം, ജിംനേഷ്യം, ഫുട്ബാള്‍ ടര്‍ഫുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 31 വരെ നിയന്ത്രണം കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ട അസോസിയേഷനുകളോട് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍, ഡി.എം.ഒ എന്നിവരുടെ നേതൃത്വത്തില്‍ ചേംബറില്‍ ബന്ധപ്പെട്ട അസോസിയേഷനുകളുമായി  നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലാണ്   തീരുമാനം.
കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി നേരത്തെ ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്തവരുമായി ബന്ധപ്പെട്ട് പരമാവധി 30 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങുകളാക്കി മാറ്റണമെന്നാണ് യോഗത്തിലെ പ്രധാന നിര്‍ദ്ദേശം. ഇതിന് തയ്യാറാകാത്തവരുമായി സഹകരിക്കേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് പരിപാടികള്‍ സംഘടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാമെന്നും കലക്ടര്‍ പറഞ്ഞു.

ഓഡിറ്റോറിയത്തിന് പുറമെ വീടുകളിലടക്കം  നടത്തുന്ന പരിപാടികള്‍ക്കായി ഇവന്റ് മാനേജ്‌മെന്റ് കാറ്ററിങ് കരാറുകള്‍ ഏറ്റെടുക്കുന്നവരും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതാണെങ്കില്‍ സഹകരിക്കാന്‍ പാടുള്ളതല്ല.

ജിംനേഷ്യങ്ങള്‍ 15 ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടണം. രോഗ വ്യാപനം തടയാനാണ് നടപടി. ടര്‍ഫുകളിലടക്കം നടത്തപ്പെടുന്ന ഫുട്ബാള്‍ മത്സരങ്ങള്‍  നിര്‍ത്തിവെക്കാനും യോഗം നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ വിവിധ താലൂക്കുകളില്‍ നിന്നുള്ള തഹസില്‍ദാര്‍മാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍  വീഡിയോ കോണ്‍ഫറന്‍സ്  വഴി ജില്ലാ കലക്ടര്‍, ഡി.എം.ഒ, ഡി.വൈ.എസ്.പി എന്നിവരുമായി ആശയവിനിമയം നടത്തി.