സിറാജുദ്ധീൻ

ഹൈദരാബാദ് -ആന്ധ്രാ പ്രാദേശിന്റെ തലസ്ഥാനം.പ്ലസ് ടു ടൂർ ഹൈദരാബാദിലേക്കാണെന്ന്  മുനീർ സർ പറഞ്ഞത് മുതൽ എന്റെ മനസ്സകം മോഹിപ്പിച്ച നഗരം…..
അദ്ധ്യാപകരും പ്യുണ്ണും കുട്ടികളും അടക്കം 136 പേർ ഒരു ഒക്ടോബർ മാസത്തിലെ ബുധനാഴ്ച്ച രാത്രി കോഴിക്കോട് നിന്നും  യാത്ര പുറപ്പെട്ടു. അവിടെ എത്തുംവരെ ഒരുപാട് അനുഭവങ്ങൾ കൈവരിക്കാനായി.വ്യാഴാഴ്ച പകൽ മുഴുവനും ഞങ്ങൾ ട്രെയിനിൽ ആയിരിക്കുമ്പോൾ ഓരോ കുട്ടികൾക്കും അവരുടേതായ സന്തോഷ നിമിഷങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരം പ്രിൻസിപ്പൽ സാലിഹ് സാർ പാട്ടും പാടി. യാത്രയിൽ കടപ്പ ഫാക്ടറി കണ്ടു. രാത്രി കുറച്ചു പേരും മറ്റു യാത്രക്കാരും കൂടി ചേർന്ന് കുറച്ചു നേരം പാട്ട് പാടി. ബിരിയാണിയും കഴിച്ച് കുറച്ചു നേരം കിടക്കട്ടെ എന്ന് കുഞ്ഞിമുഹമ്മദ്‌ സാറോട് ചോദിച്ചു, ആയിക്കോട്ടെ എന്ന് സാറും. പിന്നെ രണ്ടും കല്പിച്ചു കിടന്നു.കിനാവുകൾ തേടി ഞാൻ നിദ്രയെ പുൽകി. ഹൈദരാബാദിൽ എത്തിയപ്പോൾ ആ ദിവസം വിട പറയാൻ നിൽക്കുകയായിരുന്നു. വാച്ചുകളെല്ലാം അതിന് സാക്ഷ്യം വഹിച്ച് ഇരു സൂചിയും 12 നോട്‌ കൂട്ട് കൂടി. ഹൈദരാബാദ് റെയിൽവേയിൽ എത്തിയ ഞങ്ങളെ സ്വീകരിക്കാൻ സിദ്ധിഖ് കാത്തിരിക്കുന്നുണ്ടായിരുന്നു. ശേഷം ഞങ്ങൾ യൂത്ത് ഹോസ്റ്റലിലേക്ക് പോയി. കിടക്കാൻ ഒരിടം തേടി എല്ലാവരും ഒന്നാമത്തെ നിലയിലേക്ക് പോയി. അവസാനം പത്തു പേര് ബാക്കി…. ! എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഞങ്ങളെ ഗ്രൗണ്ട് നിലയിൽ ഉള്ള അടുക്കളയുടെഅടുത്ത് എ.സി റൂമിലേക്ക്‌ മാറ്റി.  രാവിലെ ഫ്രഷ് ആകാൻ വേണ്ടി ബാത്റൂം അന്വേഷിച്ചു.ബാത്റൂം കുറവായിരുന്നു. തികച്ചും ഒരു ഹോസ്റ്റൽ അന്തരീക്ഷം. അതിരാവിലെ തന്നെ ഫ്രണ്ട്സ് ക്യു നിൽക്കുന്നുണ്ടയിരുന്നു.ഞാൻ കുറച്ചു നേരം സമയം കാത്തിരിന്നു. അങ്ങനെ അവിടെ പോയി ഫ്രഷ് ആയി. ഭക്ഷണം കഴിച്ചതിനു ശേഷം യാത്രക്ക് തുടക്കമിട്ടു. ആന്ധ്രയിലെ ഒഴിഞ്ഞുകിടക്കുന്ന തരിശുഭൂമിക്കാരിയിലൂടെ യാത്ര ചെയ്യുമ്പോൾ അവിടെ ഇങ്ങനെ ഒരു മനോഹരമായ ഒരു സ്ഥലം പ്രതീക്ഷിച്ചതല്ല. അങ്ങനെ ഹൈദരാബാദ് എന്റെ മുന്നിൽ വന്നു നിന്നു.  മനസ്സിൽ കണ്ട ഹൈദരാബാദ് അല്ലായിരുന്നു അത്.അവിടെ ചെന്നിറങ്ങിയത് മുതൽ ഹൈദരാബാദ് എനിക്ക് സമ്മാനിച്ചത്,ഞാൻ ഭാവനയിൽ കരുതിവെച്ചതിനേക്കാൾ ഇരട്ടിയാണ്.ഓരോ ദിവസത്തെ കാഴ്ചകളും എന്നെ വല്ലാതെ അത്ഭുതപെടുത്തി. പഴമയുടെ ഗന്ധം          സൂക്ഷിക്കുന്ന നഗരം അതാണ് ഹൈദരാബാദ്.

ആദ്യ യാത്ര ഗേൾക്കോണ്ടയിലേക്ക് ആയിരുന്നു.ചരിത്രം ബാക്കി വെക്കുന്ന കാഴ്ചകളാണ് ഇവിടെ വരും തലമുറയ്ക്കുള്ളത്. വിസ്മയം എന്ന വാക്കിനാൽ തീരുന്നതല്ല.നൂറ്റാണ്ടുകൾക്ക് മുൻപ് പണികഴിപ്പിച്ച  കോട്ടയും അകത്തളങ്ങളും. കോട്ടയുടെ അകത്തേക്കു പ്രവേശിക്കുമ്പോള്‍ കാണുന്ന കവാടത്തില്‍ നിന്ന് കൈ കൊട്ടിയാല്‍ നിരവധി അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുകള്‍ ഭാഗത്ത്‌ എത്തും ആ ശബ്ദം എന്നതു മാത്രം മതി അന്നത്തെ നിർമ്മാണ വൈദഗ്ധ്യം മനസിലാക്കാൻ. ചെറിയ ചൂട് കാരണം മമ്മദ് കാക്കാന്റെ അടുത്ത് നിന്ന് തൊപ്പിവാങ്ങി. കുന്ന് കയറി മുകളിലെത്തിയാൽ ഒരു ചെറിയ കടയുണ്ട്. ഇവിടെ കുപ്പിവെള്ളത്തിന് 42 രൂപയാണ് വില ഈടാക്കുന്നതെങ്കിലും കുടിച്ച ശേഷം കുപ്പി തന്നതുപോലെ തിരിച്ചുകൊടുത്താൽ 20 രൂപ കടക്കാരൻ നൽകും. കൊള്ളാം, ഇവിടെയും മാതൃകയാക്കാവുന്നതാണ്. കോട്ടയും പരിസരവും പ്ലാസ്റ്റിക് കുപ്പികളുടെ വിഹാര കേന്ദ്രമായി മാറാത്തത് ഇത്തരം ചെറിയ കരുതലുകൾ ഉള്ളതിനാൽ കൂടിയാകണം. ഉച്ച ഭക്ഷണത്തിനായി 12:45ന് ഞങ്ങൾ അവിടെ നിന്നിറങ്ങി. ഭക്ഷണത്തോടൊപ്പം ഡബിൾ കാ മീറ്റയും ഉണ്ടായിരുന്നൂ .ഭക്ഷണശേഷം അൽപo വിശ്രമിച്ചു.ശേഷം ബിർള മന്തിർ കണാൻ പോയി.അവിടെ നിന്ന് നേരെ,ഹൈദരാബാദിന്റെ വൈകുന്നേരങ്ങളെ സജീവമാക്കുന്നയിടമായ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിലേക്ക് പോയി. ഇതിന്റെ അടുത്ത് തന്നെയാണ് ലുംബിനീ പാർക്ക്‌. ലോകത്തിലെ പ്രഥമ ലേസർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതിമനോഹരമായ പൂന്തോട്ടങ്ങൾ, കൃത്രിമ ജല കാഴ്ച്ചകൾ എന്നിവ മറ്റു പ്രത്യേകതകൾ. ഇതിന് അടുത്ത് ഒരു ബോട്ടിങ്ങ് ഉണ്ട്. അതിൽ കയറി താടാകത്തിന്റെ നടുവിലേക്ക് പോയി.ഞാനും മമ്മദ് കാക്കയും പെട്ടെന്ന് അവിടെ നിന്നും പാർക്കിലേക്ക് പോന്നു. ബാക്കിയുള്ളവർ അവിടെ കുറച്ചു നേരം ചെലവഴിച്ചു. പാർക്കിൽ എത്തിയ ഞങ്ങൾ കുറച്ചു നേരം അവിടെ കറങ്ങി. മറ്റുള്ളവർ അവിടെ നിന്ന് ഇവിടേക്ക് വരാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത് എണ്ണം എടുത്തപ്പോൾ ഒരാൾ കുറവ്. അപ്പോൾ ആരോ ഒരാൾ എന്റെ പേര് പറഞ്ഞു. പിന്നീട് എനിക്ക് ഫോൺ വിളിച്ചു. ഞാൻ പാർക്കിൽ ഉണ്ട് എന്ന് പറഞ്ഞു.ഞങ്ങൾ പാർക്കിൽ നിന്നും പുറത്തേക്ക് ഇറങ്ങി സ്നോ വേൾഡ് കാണാൻ പോയി. ഒരു ബസ് എത്താൻ വൈകിയത് കാരണം കുറച്ചു പേര് ഗേൾസിന്റെ ബസിൽ കയറി. അവിടെ എത്തിയപ്പോൾ ഞാൻ മൊബൈൽ മമ്മദ് കാക്കാന്റെ ബാഗിൽ ഇട്ടു. ടിക്കറ്റ് വാങ്ങി എൻട്രിയുടെ അടുത്തേക്ക് നീങ്ങി.

സ്നോ വേള്‍ഡ് എന്ന പുതിയ സങ്കേതത്തിലേക്ക്.. ഹിമാലയന്‍ കാലാവസ്ഥ പുനരവതരിപ്പിച്ചിരിക്കുന്ന ഒരിടം.. ഹിമസാഗരത്തിലൂടെ ഒരു യാത്ര.. അവര്‍ നല്‍കുന്ന വൂളന്‍ കോട്ടും പാന്റും ജംഗിള്‍ ഷൂവും ധരിച്ചു കഴിഞ്ഞാല്‍ അതിനുള്ളിലേക്ക്‌ കടക്കാം.. അകത്തു ഐസ് കട്ടകള്‍, സിനിമകളില്‍ മാത്രം കണ്ട മഞ്ഞു മഴ, കാല്‍പാദം മൂടുന്ന വിധം പൊടിമഞ്ഞു നിറഞ്ഞിരിക്കുന്നു. കുറച്ചു പേര്
കോട്ടിനുള്ളിലേക്ക് ഇടുന്നുണ്ടായിരുന്നു. അതിനകത്ത് പിള്ളേരുടെ കളിയായിരുന്നു. ഞാൻ തല വേദന സഹിക്കാതെ പുറത്തു കടന്നു. അകത്തെ വിറയ്ക്കുന്ന തണുപ്പും.തണുപ്പ് കാരണം ഷൂ ഊരാൻ കഴിയാതെ വന്നു. അപരിചിതനായ ഒരാളുടെ സഹായത്താൽ ഷൂ, കോട്ടും മറ്റും ഊരി പുറത്ത് ഇറങ്ങി. കുറച്ചു നേരം കുഞ്ഞിമുഹമ്മദ്‌ മാഷോട് കുശലം പറഞ്ഞു കൊണ്ടിരുന്നു. തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ച് ഞാൻ മുകളിലേക്ക് റൂം മാറി.


രണ്ടാം ദിവസമായ ശനിയാഴ്ച ഞങ്ങൾ പോയത് ഫിലിം സിറ്റിയിലേക്കാണ്.അതിനെ കുറിച്ച് ആദ്യം അറിയുന്നത് SSLC പഠിക്കുമ്പോൾ ക്ലാസ്സ്‌ മാഷ് ലത്തീഫ് സാറിന്റെ വാക്കുകളിലൂടെ ആയിരുന്നു. 2000 ഏക്കറോളം വിസ്തൃതിയുള്ള ഇതിനകത്തു കൂടിയുള്ള യാത്രയിൽ ഫിലിം സിറ്റി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും ബസിൽ നമുക്കൊപ്പമുണ്ടാകും. വിമാനത്താവളം, ലണ്ടൻ നഗരത്തിെന്റെ തനിപ്പകർപ്പ്, നാട്ടിൻപുറത്തെ വീടുകൾ, ബാഹുബലി സെറ്റ് തുടങ്ങി എണ്ണമറ്റ വിസ്മയങ്ങൾക്കു സമീപം ബസ് നിർത്തി കാഴ്ച കണ്ട ശേഷം അതിൽ തന്നെ മടങ്ങാൻ സൗകര്യമുണ്ട്. പ്രത്യേകം ലൈറ്റ് സൗണ്ട് ഷോകളും ഇതിനിടയിൽ സജ്ജീകരിച്ചിരിക്കുന്നത് മടുപ്പില്ലാതാക്കും.
ഞങ്ങൾ ആദ്യമെത്തിയത് കുറെ റൈഡ്സ് ഉള്ള ഒരു ഗ്രൗണ്ടിലേക്കാണ്. ഉത്സവപ്പറമ്പിലെന്ന പോലെ ധാരാളം റൈഡ്സ് ഉണ്ടായിരുന്നു അവിടെ.കൊച്ചു കുട്ടികൾക്ക് ഉള്ളത് മുതൽ പ്രായമായവർക്കും ഉള്ള റൈഡ്സ് അവിടെയുണ്ട്.മമ്മദ് കാക്ക റൈഡിൽ കയറി തലകറങ്ങിയതിനാൽ പാതി വഴിയിൽ അത് ഉപേക്ഷിച്ചു.വിദേശരാജ്യങ്ങളുടെ സീൻ ഷൂട്ട് ചെയ്യാനായി വലിയൊരു ഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.ഫിലിം സിറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ സമയത്തോട് മല്ലിടേ ണ്ടി വരും. തൽക്കാലം ഫിലിംസിറ്റിയോട് വിട പറയാം.
മൂന്നാം ദിവസമായ ഞാറാഴ്ച പതിവുപോലെ പരിപാടികൾ കഴിഞ്ഞ് നേരെ പോയത് സിനിമ തിയറ്ററിലേക്കായിരുന്നു. നാട്ടിലെ തിയേറ്റർ പോലെയുള്ളതല്ല. മൂന്ന്, നാല് നിലയിൽ ഷോപ്പിംഗ് സംവിധാനത്തോടെ ഉള്ള തിയേറ്റർ ആണ് അത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്പോലൊരു സ്ഥലത്തേക്ക് കാലുകൾ ചവിട്ടുന്നത് .THE FIRST MEN എന്ന മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ ഫിലിം കണ്ടു. ബ്രേക്ക്‌ ആയപ്പോൾ പുറത്ത് ഇറങ്ങി. നടവഴി ഇടവഴിയിലൂടെ നടന്നു.
പിന്നെ ഞങ്ങൾ സാലർ ജംങ് മ്യൂസിയം കാണാൻ കുതിച്ചു. വാക്കുകളില്‍ ഒതുങ്ങാത്ത മ്യൂസിയം അതാണ്‌ സലാര്‍ജംഗ് മ്യൂസിയം, 1889,1949 നവാബ് മിർ യൂസഫ് അലി ഖാൻ സാലർ ജംഗ് മൂന്നാമൻ സ്വന്തം ശേഖരങ്ങള്‍ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും അധികം പുരാവസ്തുക്കൾ ഉള്ള മ്യൂസിയം.
അകത്തുകടന്നാല്‍ ഏതുകാണണം എന്ത് കാണണം എന്നുള്ള വിഭ്രാന്തിയില്‍ പെട്ടുപോകും.മൂന്നു നിലകളിലായുള്ള ഒരു അത്ഭുത സൃഷ്ടി,1951-ല്‍ ശ്രീ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു ആണ് ഇത് പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തത്.
നിരവധി ഗാലറികളുള്ള ഈ മ്യൂസിയം നാലു നിലകളിലായി സജജീകരിച്ചിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാണിവിടെ. ഇറ്റാലിയൻ ശിൽപിയുടെ മാസ്റ്റർ പീസായ ‘വെയ്ൽഡ് റബേക്ക’ എന്ന ഒറ്റക്കല്ലിൽ തീർത്ത തൂവെള്ള മാർബിൾ ശില്പം ആകർഷണീയത നിറഞ്ഞതാണ്. നിരവധി ചരിത്ര ഏടുകൾ രാജവംശത്തിന്റെ ഓർമ്മ പുതുക്കി മ്യൂസിയത്തിൽ ഇടം പിടിച്ചിരിക്കുന്നു. മണിക്കൂർ ഇടവിട്ട് മണി മുഴങ്ങുന്ന ഘടികാരം ഉൾപ്പെടെയുള്ളവ ഇവിടുത്തെ വിസ്മയങ്ങളിൽ ചിലതുമാത്രം. അവസാന ദിനം കോട്ട കണ്ടിറങ്ങിയപ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു.
ശേഷം ഞങ്ങൾ ഉച്ചഭക്ഷണത്തിനായി ഹോസ്റ്റലിലേക്ക് പോയി.ഭക്ഷണ ശേഷം ഞങ്ങളെ കാത്തിരുന്നത് ചൗ മഹല്ല പാലസ് ആയിരുന്നു. ഓൾഡ് സിറ്റി പ്രദേശത്തു തന്നെയാണ് പ്രശസ്തമായ ചൗമഹല്ലാ കൊട്ടാരവുമുള്ളത്. നൈസാമുമാരുടെ ഔദ്യോഗിക വസതിയായ ചൗമഹല്ല വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ‘നാലു കൊട്ടാരങ്ങൾ’ എന്നർഥം വരുന്ന ‘ചാർ മഹല്ലത്ത്’ എന്ന ഉറുദു വാക്കിൽ നിന്നാണ് കൊട്ടാരത്തിനു ഈ പേരു വന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമാണം.

വിശാലമായ അങ്കണങ്ങളാണ് ചൗമഹല്ലയുടെ ഏറ്റവും വലിയ സവിശേഷത. ഇരുവശത്തുമായി പരന്നു കിടക്കുന്ന കൊട്ടാരം, വിശാലമായ മുറികൾ, നടുവിൽ തണൽമരങ്ങൾ നിറഞ്ഞ വലിയ മുറ്റം, അവിടെയൊരുക്കിയ ഇരിപ്പിടങ്ങൾ…കയറിച്ചെല്ലുന്ന ഏതൊരാൾക്കും കൊട്ടാരത്തോട് ഒരിഷ്ടം തോന്നും. അഫ്താബ് മഹൽ, മെഹ്താബ് മഹൽ, തഹ്നിയത് മഹൽ, അഫ്സൽ മഹൽ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ചൗമഹല്ലയുള്ളത്.

കാഴ്ചകളിലെ ഏറ്റവും വലിയ സവിശേഷത ഇവിടെ സൂക്ഷിച്ചിരിക്കുന്ന കാറുകളാണ്. വെറും കാറുകളല്ല, ലോകത്തെ കൊതിപ്പിച്ച ആഢംബര കാറുകൾ. 1906ലെ നേപിയർ ടൈപ്, 1912ൽ പുറത്തിറങ്ങിയ റോൾസ് റോയ്സ്, 1934ൽ പുറത്തിറങ്ങിയ ഫോർഡ് ടൂറർ…തുടങ്ങി വാഹനപ്രേമികളായിരുന്ന നൈസാമുമാരുടെ കാറുകളെല്ലാം പുതുപുത്തനായി ഇപ്പോഴും ഇവിടെയുണ്ട്. ഓടിക്കാനല്ല, സന്ദർശകർക്ക് കാണാനായാണെന്നു മാത്രം.ഇവിടെ നിന്ന് ഏകദേശം പത്ത് മിനിറ്റ് നടന്ന് ചാർമിനാർ എത്തി.നാല് മിനാരങ്ങളുള്ള ഈ നിര്‍മ്മിതി മാര്‍ബിളിലും ഗ്രാനേറ്റിലും ആണ് നിര്‍മ്മിച്ചിരിക്കുന്നത്.ഉള്ളില്‍ മുകളിലേക്ക് 149-സ്റ്റെപ്പുകളുണ്ട്,ഇതിന്‍റെ ഉയരം 48.7 മീറ്ററാണ്.ചാര്‍മ്മിനാറിന്‍റെ ഓരോ വശത്തുമുള്ള ആര്‍ച്ചുകളില്‍ 1889-ല്‍ സ്ഥാപിച്ചു എന്ന് കരുതുന്ന ഓരോ ക്ലോക്കുകള്‍ ഉണ്ട്.മനോഹരമായൊരു സൃഷ്ടിയാണ് ചാര്‍മിനാര്‍.
ഇതിനടുത്തുള്ള തെരുവുകളില്‍ മിക്കകടകളും കുപ്പിവളകളുടെയാണ്,വലിയ
കടകളില്‍ പലവര്‍ണ്ണങ്ങളിലുള്ള വളകള്‍ വച്ചിരിക്കുന്നത് കാണേണ്ട കാഴ്ച്തന്നെയാണ്.തെരുവുകള്‍ മുഴുവനും മിക്കസമയത്തും നല്ലതിരക്കാണ്.
ഇതിനടുത്ത് തന്നെയാണ് പ്രശസ്തമായ മക്കാമസ്ജിദ്‌.1617-ല്‍ ഖുലികുത്ത്ഷാ പണിതുടങ്ങിയ ഈ പള്ളി 1694-ല്‍ ഔറംഗസീബാണ് പൂര്‍ത്തീകരിച്ചത്.ശേഷം ഷോപ്പിങ്ങ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോയി .ഏകദ്ദേശം രാത്രി 12:30യോട് കൂടി കിടക്കാൻ പോയി.തിങ്കാളഴ്ച്ച ഞങ്ങൾ 11:30Am ന് മടക്ക യാത്രക്ക് തുടക്കo കുറിച്ചു.ഹൈദരാബാദിന് വിട, കാണാത്ത കാഴ്ചകൾ ഏറെ, കണ്ടത് മനോഹരവും.
ചൊവ്വാഴ്ച 10:45ന് ഷൊർണൂരിൽ എത്തി. 10:30ന് നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് വന്നത്. സാലിഹ് മാഷും സുനിൽ ബാബു മാഷും മമ്മദ് കാക്കയും പകുതിയോളം കുട്ടികളും അതിൽ യാത്രയായി. ബാക്കി വന്നവർ ഞാൻ അടക്കം ഭക്ഷണം കഴിച്ചതിന് ശേഷം സാവധാനം മടങ്ങി
ഒരുപാട് പുത്തനറിവുകൾ കൈവരിച്ചു.പലരുമായി പരിചയപെട്ടു.യാത്രകൾ തുടങ്ങുമ്പോൾ അവസാനിക്കരുതെന്നും തീരാറാകുമ്പോൾ എത്താറായില്ലേ എന്നും അസ്വസ്ഥത പ്രകടിപ്പിക്കൽ എനിക്കു മാത്രമാണോ എന്ന ചോദ്യവും അവശേഷിക്കുന്നു

Advertisement