ഹബീബ് റഹ്മാൻ ചെങ്ങര

പാലക്കാടന്‍ നാട്ടുവഴികള്‍ പലപ്പോഴും എന്നെ കൊതിപ്പിച്ചിട്ടുണ്ട്. നാട്ടുവഴികളിലൂടെ നാടന്‍കഥകള്‍ കേട്ടുനടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമോ. കുട്ടിക്കാലത്ത് മനസില്‍ കയറിക്കൂടിയ ‘അള്ളാപിച്ചാമെല്ലാക്കാന്റെയും മൈമൂനായും അപ്പുക്കിളിയും കുപ്പുവച്ഛനും കുട്ടാടന്‍ പൂശാരിയും കുഞ്ഞാമിനയും മുങ്ങാംകോഴിയും തുമ്പിയും പല്ലിയും’ ഒക്കെ ഉള്ളിലൂടെയൊന്നുകയറിയിറങ്ങി. കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ പ ാട്ടിമലയും പല്ലാവൂരിലെ തായമ്പക വിദ്വാന്‍മാരുടെ കഥകളും പള്ളിപ്പുറത്തെ നാട്ടുവഴികളും വടവന്നൂരും അതിര്‍ത്തി പ്രദേശമായ വാളയാറും ആലത്തൂരിലെ ചിറ്റിലഞ്ചേരിയിലെ നെല്‍പ്പാടങ്ങളും പുറമത്രയിലെ നാട്ടുവഴികളും നെല്ലിയാമ്പതിയിലെ കുളിരും നെന്‍മാറ-ചിനക്കത്തൂരിലെ പൂരങ്ങളും അവിടുത്തെ നെയ്ത്ത് ഗ്രാമങ്ങളും പലപ്പോഴും ആ വഴിയില്‍ സഞ്ചരിക്കാന്‍ കാരണമായി. ഇന്ന് പക്ഷേ ഞങ്ങള്‍ക്ക് സമയം വളരെ കുറവാണ് വൈകുന്നേരമാവുമ്പോഴേക്കും വീട്ടിലെത്തണം. എന്നാല്‍ പിന്നെ കവ ലക്ഷ്യമാക്കി പോവാം എന്ന തീരുമാനത്തിലെത്തി. മലമ്പുഴ ഭാഗങ്ങളില്‍ കുട്ടിക്കാലം മുതല്‍ പലപ്പോഴും പോയിട്ടുണ്ടെങ്കിലും ഡാമിന്റെ റിസര്‍വോയറായ കവയും ആനക്കല്‍ ഭാഗങ്ങളും ഇതുവരെ സഞ്ചരിച്ചിട്ടില്ല. എന്നാലങ്ങനെത്തന്നെയാവട്ടെ എന്നുകരുതിയാണ് കവയിലേക്കു വണ്ടിതിരിച്ചത്. മലമ്പുഴ ഡാമിന്റെ പ്രവേശന കവാടത്തിനരികിലായി ഇടതുവശം ചേര്‍ന്ന റോഡിലൂടെ സഞ്ചരിച്ച് പ്രവേശനകവാടത്തിന്റെ വലതുഭാഗത്തുകൂടിയുള്ള റോഡുവഴി തിരിച്ചുവരുന്ന നാട്ടുവഴികളാണ് കവ, ആനക്കല്ല് തുടങ്ങിയ നാട്ടുപ്രദേശങ്ങള്‍. പതിയെ വണ്ടികള്‍ നീങ്ങിത്തുടങ്ങി. സുന്ദരമായ നാട്ടുവഴികള്‍ കുശലങ്ങളും കളിയും ചിരിയും പറഞ്ഞ് യാത്ര തുടരുന്നതിനിടയില്‍കണ്ട കാട്ടിലൂടെ ഒരു ചെമ്മണ്‍പ ാത. എങ്ങോട്ടാണെന്നറിയില്ലെങ്കിലും ഈ വിജനമായ സ്ഥലത്തുകണ്ട ആ കാട്ടുവഴി ഞങ്ങളെ അങ്ങോട്ടേക്കുക്ഷണിച്ചു. കുറേ വളവുകളും തിരിവുകളും കടന്നുചെന്നത് വിശാലമായ പുല്‍ത്തകിടിയില്‍. കുഞ്ഞോളങ്ങള്‍ മുത്തം വെക്കുന്ന പാലക്കാടന്‍ വികൃതി കാറ്റിന്റെ അനുസരണ ഇല്ലാത്ത കുസൃതികളിലേക്കായിരുന്നു. തികച്ചും വിജനമായ ഇവിടം മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്നു. വിശാലമായ പുല്‍പ്പരപ്പില്‍ കുറച്ചകലെയായി മേഞ്ഞുനടക്കുന്ന കന്നുകാലികളും കാടിന്റെ പല ദിശകളിലേക്കായി പല വഴികളും തിരിയുന്നതായും കണ്ടു. മനസ്സാഗ്രഹിച്ച സുന്ദരമായ ഒരിടം കിട്ടിയതിന്റെ ആഹ്ലാദം. മഴ ലഭിച്ചതിനാല്‍ നല്ല പ്രസരിപ്പില്‍ നില്‍ക്കുന്ന പുല്‍മേടുകള്‍. ഇവിടെ അല്‍പം വിശ്രമിച്ചിട്ട് പോവാമെന്നുകരുതി കയ്യില്‍ കരുതിയിരുന്ന ടെന്റടിക്കാന്‍ നോക്കുമ്പോള്‍ കാറ്റ് പ്രശ്‌നക്കാരനായി. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു. കുറേ സമയം അവിടെ ചിലവഴിച്ചു. അകലെ പാറക്കൂട്ടങ്ങള്‍ കഴിഞ്ഞുകാണുന്ന കാട്ടുവഴികളിലെ മലകളുടെ സൗന്ദര്യം ഞങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അടുത്തുകണ്ട മറ്റൊരു വഴിയിലൂടെ വണ്ടിയെടുത്ത് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചധികം ചെന്നപ്പോ അതുവഴിവന്ന ഒരു പയ്യനോട് അവിടുത്തെ സ്ഥലങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ നേരെപ്പോയി ഇടതുവശം ചേര്‍ന്നുള്ള വഴിയിലൂടെ പോയല്‍ പ്രധാന റോഡില്‍ പ്രവേശിക്കുമെന്നും അവിടുന്ന് കാട്ടിലൂടെ കുറേ നടന്നാല്‍ ഒരു വെള്ളച്ചാട്ടമുണ്ടെന്നും ആനയും പുലിയുമൊക്കെയുള്ള കാടാണെന്നുമൊക്കെ പറഞ്ഞ് കൊതിപ്പിച്ചു. പിന്നെ അവന്‍ പറഞ്ഞ വഴിയിലൂടെയായി യാത്ര. പ്രധാന റോഡിലേക്ക് കയറിയെങ്കിലും അടുത്തുള്ള വീടുകള്‍ക്കകലെയായി മലകളും കുന്നുകളുമായി നല്ല കൊടുംകാട് കാണാം. നാട്ടുകാരോട് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ കാണാന്‍ സുന്ദരമായ ഇടമാണെന്നും പലപ്പോഴായി ഈ വെള്ളച്ചാട്ടത്തിനരികിലേക്കുപേ ായ യാത്രികര്‍ അപകടങ്ങളില്‍പ്പെട്ടുമരിച്ച കഥകളും അതിനാല്‍ ഇപ്പോള്‍ ആ ഭാഗത്തേക്കുപ്രവേശനം കൊടുക്കാറില്ലെന്നും അറിയാന്‍ കഴിഞ്ഞു. കുറച്ചകലെയായി ഫോറസ്റ്റ് ഓഫീസുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ കൂടുതല്‍ അറിയാമെന്നും പറഞ്ഞപ്പോള്‍ അതുവഴി പോയി നോക്കുമ്പോള്‍ ഓഫീസില്‍ ആരും തന്നെ ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പാഴ്ശ്രമമാണെന്നറിഞ്ഞിട്ടും അവിടുത്തെ കാര്യങ്ങളെക്കുറിച്ച് അറിയാം എന്ന ഉദ്ദേശത്തിലാണ് ഓഫീസില്‍ പോയത്. അവിടെയെങ്ങും ആരെയും കാണാത്തതിനാല്‍ തിരിച്ചിറങ്ങി. ഈ കാടിനു ചേര്‍ന്നുള്ള ഗ്രാമപ്രദേശത്തെ വീടുകള്‍ക്കരികിലൂടെ വെറുതെ കാടിനടുത്തുവരെ പോയി. വഴിയില്‍ക്കണ്ട ഒരു കുഞ്ഞുവെള്ളച്ചാട്ടത്തിനരികില്‍ അല്‍പം വിശ്രമിച്ച് പതിയെ ആനക്കല്‍ ഭാഗത്തെ നാട്ടുവഴികളിലൂടെ വീണ്ടും സഞ്ചാരം തുടങ്ങി. പ്രധാന റോഡില്‍നിന്നിറങ്ങി പ ുല്‍ത്തകിടിയിലൂടെയുള്ള യാത്ര ഏറെ സന്തോഷിപ്പിച്ചു. ഈ ഭാഗങ്ങളില്‍ പല സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ടെന്നറിയാന്‍ കഴിഞ്ഞു. കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയായിരുന്നുവത്രെ അവസാനമായി
ഇവിടെ ചിത്രീകരിച്ചത്. കഥകള്‍ കേട്ടും കണ്ടും പറഞ്ഞും ഈ നാട്ടുവഴികളില്‍ സമയം പോയതറിഞ്ഞില്ല. ആനക്കല്‍ ഭാഗങ്ങളോടുവിട പറയാന്‍ സമയമായിത്തുടങ്ങി. ഇനിയും അധികം ഇവിടെ നില്‍ക്കാന്‍ മനസുപറയാഞ്ഞിട്ടല്ല. പിന്നീടൊരിക്കല്‍ വീണ്ടും വരാമെന്നും തിരക്കില്‍നിന്നൊഴിഞ്ഞ് ഒരു രാത്രി ഇവിടെ ഈ നാട്ടുവഴികളില്‍ കിടന്നുറങ്ങി പോവാമെന്നും കരുതി പതിയെ നാടുലക്ഷ്യമാക്കി വണ്ടിയെടുത്തു. ചെറുയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടം നിരാശ നല്‍കില്ലെന്നുറപ്പാണ്. കുറേ പണം മുടക്കി സ്വന്തം നാടും നാട്ടുപരിസരവും കാണാതെ പാക്കേജ് യാത്രകളും ഹിമാലയവും ബുള്ളറ്റും ഫ്‌ളൈറ്റും കയറിപ്പോകുന്ന യാത്രികരെക്കുറിച്ചല്ല. ഗ്രാമവിശുദ്ധികളുടെ ഈ നാട്ടുപാതകളിലെ പുല്‍മേടുകളും കാടും മേടും മലകളും മുങ്ങാംകോഴികളും തുമ്പയും തുമ്പിയും ശലഭങ്ങളും ഭൂമിയുടെ മറ്റ് അവകാശികളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത്തരം ചെറുയാത്രകള്‍ ഇഷ്മാവാതിരിക്കില്ല. അള്ളാപിച്ചാമെല്ലാക്കയുടെ നാട്ടില്‍നിന്ന്…. അധിനിവേശങ്ങളുടെയും പടയോട്ടങ്ങളുടെയും കഥകളള്‍ ചെവിയില്‍ മൂളുന്ന പാലക്കാടന്‍ കാറ്റിനോട്… രഥചക്രങ്ങള്‍ ഉരുളുന്ന അഗ്രഹാരങ്ങളുടെ നാടിനോട്…. നിള ഒഴുകുന്ന ഈ ഗ്രാമത്തിന്‍ ഊടുവഴികളിലൂടെ ഒരു കരിയില കാറ്റുപോലെ.. തെന്നിതെറിച്ച് എപ്പോഴെങ്കിലും ഇതുവഴി വീണ്ടും വരാം എന്ന ആശയാലെ ഈ നാടോടിക്കൂട്ടം തിരിച്ചിറങ്ങി.