ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് 2021 പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷ നീട്ടിവെക്കണമെന്ന് ഹരജി സുപ്രീംകോടതി തള്ളി.
സെപ്റ്റംബർ 12നാണ് നീറ്റ് പരീക്ഷ. ലക്ഷകണക്കിന് വിദ്യാർഥികൾ കഠിനമായ പരിശ്രമം നടത്തുന്ന സമയത്ത് പരീക്ഷ മാറ്റാനാകില്ലെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചില വിദ്യാർഥികളുടെ മാത്രം ആവശ്യം പരിഗണിച്ച് പരീക്ഷ മാറ്റിവെക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കൽ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വരും ദിവസങ്ങളിൽ മറ്റു പ്രവേശന പരീക്ഷകളും നടക്കുന്നതിനാൽ നീറ്റ് മാറ്റണമെന്നായിരുന്നു ഹരജി നൽകിയ വിദ്യാർഥികളുടെ ആവശ്യം.
തൊട്ടടുത്ത ദിവസങ്ങളിലായി പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും. neet.nta.nic.in ലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിലേക്കാൾ പരീക്ഷകേന്ദ്രങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 14 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്