അമ്മയ്ക്ക് വേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖെന്ന് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. നേരത്തെ ചിത്രം പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്നും തന്നെ അന്തിമ ചര്‍ച്ചകളിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

‘അമ്മ സംഘടനയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ആര് സംവിധാനം ചെയ്താലും പ്രശ്‌നമല്ല. അമ്മയുമായുള്ള കരാര്‍ ആശിര്‍വാദ് സിനിമാസിനാണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നത് അവരുടെ തീരുമാനമാണ്’, അമ്മ ഭാരവാഹികള്‍ പറഞ്ഞു.

അമ്മയ്ക്ക് വേണ്ടി 2008ല്‍ ഒരുങ്ങിയ ചിത്രം ട്വന്റി 20യില്‍ വൈശാഖ് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ മമ്മൂട്ടിയെയും പൃഥ്വിരാജിനേയും നായകന്മാരാക്കി ഒരുങ്ങിയ പോക്കിരി രാജ എന്ന സിനിമയിലൂടെയാണ് വൈശാഖ് സംവിധാന രംഗത്തേക്ക് എത്തുന്നത്.

Advertisement