പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 റിലീസായ മുതൽ വൻ വരവേൽപ്പാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത പടം
ദൃശ്യം 1 നോട് കിടപിടിക്കുന്നതാണെന്നാണ് പരക്കെയുള്ള അഭിപ്രായം.തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമായിരുന്നു എന്നാണ് മോഹൻലാൽ ആരാധകരുടെ അഭിപ്രായം.വ്യത്യസ്ത റിവ്യൂകളും അഭിപ്രായങ്ങളും ദിനം തോറും ഫേസ്ബുക്കിൽ വന്ന് കൊണ്ടിരിക്കുകയാണ്.അതിൽ ഒരു കുറിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ശ്രീരാജ് പി.ചന്ദ്രൻ എന്നയാൾ പങ്ക് വെച്ച കുറിപ്പിൽ പറയുന്നത് ദൃശ്യം 2 ക്ലൈമാക്സ് ആരും കണ്ടിട്ടില്ല എന്നാണ്.അത് കൊണ്ട് തന്നെ ദൃശ്യം 3 യും വരാൻ സാധ്യതയുണ്ട് എന്നും കുറിപ്പുകാരൻ പങ്ക് വെക്കുന്നു.
കുറിപ്പ് വായിക്കാം
“ദൃശ്യം 2 ക്ലൈമാക്സ് നമ്മൾ കണ്ടിട്ടില്ല!”
(സിനിമ കണ്ടവർ മാത്രം തുടർന്നു വായിക്കുക.)
നമ്മൾ കണ്ടതല്ല ദൃശ്യം 2 എന്ന സിനിമയുടെ ക്ലൈമാക്സ്. അതിപ്പോഴും നിഗൂഢമാണ്. എന്തുകൊണ്ടെന്നല്ലേ?
ദൃശ്യം ഒന്നാം ഭാഗം നമ്മൾ കണ്ടത് ജോർജ്ജ്കുട്ടിയുടെ വേർഷനിൽ ആണ്. കുറ്റകൃത്യം നടക്കുന്നത് മുതൽ പോലീസ് സ്റ്റേഷന്റെ സുരക്ഷയിൽ തെളിവ് ഒളിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ജോർജ്ജ്കുട്ടി നേരിട്ടാണ് പ്രേക്ഷകരോട് പറയുന്നത്.
പക്ഷേ, രണ്ടാം ഭാഗത്തിലെ തെളിവ് നശിപ്പിക്കൽ പ്രേക്ഷകർ കേട്ടത് വിനയചന്ദ്രൻ എന്ന തിരക്കഥാകൃത്തിൽ കൂടിയാണ്. സ്വാഭാവികമായും തോന്നുന്നില്ലേ, ഇത്രയും ബുദ്ധികൂർമ്മതയുള്ള ജോർജ്ജ്കുട്ടി എന്തിനാണ് തന്റെ മുഴുവൻ പദ്ധതികളും അയാളോട് പറയുന്നത് എന്ന്. പ്രത്യേകിച്ച് ആദ്യം പറഞ്ഞ, നായകൻ കുറ്റമേറ്റെടുത്ത് ജയിലിലാകുന്ന കഥ വിനയചന്ദ്രന് കൺവിൻസ്ഡ് ആയ ശേഷവും! മറ്റൊരു ക്ലൈമാക്സിന് വേണ്ടി എന്ന് പറഞ്ഞ് വിനയചന്ദ്രൻ വഴി അറിഞ്ഞ വിവരങ്ങൾ വെച്ച് ജോർജ്ജ്കുട്ടിക്ക് തന്റെ പദ്ധതികൾ പ്ലാൻ ചെയ്യേണ്ട ആവശ്യമേ ഉള്ളൂ. ശേഷം അത് വെച്ച് ഒന്നും വർക്കൗട്ട് ആവുന്നില്ല എന്ന് പറഞ്ഞ് ഒഴിവാകാം. പക്ഷേ, ജോർജ്ജ്കുട്ടിക്കറിയാം വിനയചന്ദ്രൻ വിവരമറിഞ്ഞ് പോലീസിനെ തേടി വന്നില്ലെങ്കിലും, കോടതിയിൽ തന്റെ വക്കീൽ വിനയചന്ദ്രന്റെ പേരിൽ പുറത്തിറങ്ങിയ നോവൽ ഉയർത്തിക്കാണിക്കുന്നതോടെ പോലീസ് അയാളെ തേടി പോകും എന്ന്. അപ്പോൾ പറയാൻ വിനയചന്ദ്രന് ഒരു കഥ വേണം. ആ കഥ ജോർജ്ജ്കുട്ടി വിനയചന്ദ്രന് പറഞ്ഞു കൊടുത്തു. അത് തന്നെ വിനയചന്ദ്രൻ പോലീസിനോടും നമ്മളോടും പറഞ്ഞു.
അന്ന്, രണ്ട് ദിവസം കൊണ്ട് മെനഞ്ഞ തന്ത്രം ആറ് വർഷത്തേക്ക് പോലീസിനെ വട്ടം കറക്കിയെങ്കിൽ ഈ ആറ് വർഷങ്ങൾ കൊണ്ട് അയാൾ എത്രയെത്ര തന്ത്രങ്ങൾ മെനഞ്ഞിരിക്കണം! എത്രയെത്ര backup plans ഉണ്ടാക്കിയിരിക്കണം! അങ്ങനെയെങ്കിൽ ജോർജ്ജ്കുട്ടി വിനയചന്ദ്രനോട് പറഞ്ഞ ആ കഥ അയാളുടെ Plan A to Z -ൽ പോലും ഉള്ളതായിരിക്കില്ല.
അതുകൊണ്ട്, നമ്മൾ കണ്ടതല്ല ക്ലൈമാക്സ്! ‘ദൃശ്യം’ പൂർണ്ണമാവണമെങ്കിൽ ജോർജ്ജ്കുട്ടിയുടെ വേർഷനിൽ തന്നെ പ്രേക്ഷകർ അത് കാണണം. അതിന് അയാൾ ഒരു വരവു കൂടി വന്നേക്കും. അല്ലെങ്കിൽ ഐജി തോമസ് ബാസ്റ്റിനും ഗീതാ പ്രഭാകറും അയാളെ ഇനിയും വരുത്തും.
Advertisement