മഞ്ചേരി :  ഏട്ട് വീടുകളിൽ ചിത്രീകരിച്ച്,വീടുകളിലെ അംഗങ്ങൾ തന്നെ അഭിനേതാക്കളായി പുതുമയുള്ളൊരു ഹ്രസ്വചിത്രം.കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ ആയതോടെയാണ് വേറിട്ട സിനിമയുടെ ചിന്ത പിറവിയെടുക്കുന്നത്.വീഡിയോ കാളിലൂടെയാണ് സംവിധായകൻ നിർദേശങ്ങൾ
നൽകിയത്.30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചലച്ചിത്രത്തിന് ഡേർട്ട് ഡെവിൾ എന്നാണ് പേരിട്ടിരിക്കുന്നത്.കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയുടെ പ്രമേയവും കോവിഡുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.കോവിഡ് -19 പടർന്ന് ജനങ്ങൾ ഭീതിയിലാകുമ്പോൾ ഓരോ കഥാപാത്രവും അതിജീവനത്തിന്റെ സന്ദേശവാഹകരാകുന്നതാണ് ചിത്രത്തിന്റെ കഥയെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സോമൻ കള്ളിക്കാട്ട് പറഞ്ഞു.കൊറോണ വൈറസാണ് പ്രധാന കഥാപാത്രം.ഉൾഗ്രാമങ്ങളിൽ പോലും വൈറസ് ബാധിക്കുന്നതിന്റെ കാരണം മനുഷ്യൻ തന്നെയല്ലേയെന്നും ചിത്രം അന്വേഷിക്കുന്നു.
കണ്ണൂർ,വയനാട്,കൊച്ചി,പെരുമ്പാവൂർ,ഗൂഡല്ലൂർ,തിരുവനന്തപുരം,അങ്കമാലി,മഞ്ചേരി എന്നീ സ്ഥലങ്ങളിലെ ഓരോ വീടുകളായിരുന്നു ലൊക്കേഷൻ.ഈ വീടുകളിലെ താമസക്കാരായ കിരൺ രാജ്,സുൽഫി ഗൂഡല്ലൂർ,ഷനൂപ് വയനാട്,ഗദ്ദാഫി കോർമത്ത്,ഷെഹിൻ നിദാൻ കോർമത്ത്,വർഗീസ് മൂലൻ,ഏലിയാസ് ഇസാക്,വിപിൻ ഒമേഗ,ജലജ റാണി,ഷിവ വർണ എന്നിവർ അഭിനേതാക്കളായി.ക്യാമറ സജ്ജീകരിച്ചതും അഭിനേതാക്കളായിരുന്നു.ഇവരുടെ കയ്യിലുള്ള ഐഫോണും 4കെ ക്യാമറയും ഉപയോഗിച്ചു.പത്ത് ദിവസം കൊണ്ടാണ്ചിത്രം പൂർത്തിയാക്കിയത്.

Advertisement