കൊടും ചൂടിൽ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് ആശ്വാസമായി മമ്മൂട്ടിഫാൻസിന്റെ വക ‘കടയ്ക്കല്‍ ചന്ദ്രന്‍‘ വിശറികള്‍. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വണ്‍’എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് മമ്മൂട്ടി ഫാന്‍സ് വിശറികളുമായി നിരത്തിലിറങ്ങിയത്.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘വൺ’.മമ്മൂട്ടിയുടെ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ‘കടക്കൽ ചന്ദ്രൻ’ ഇതിനകം തന്നെ  ചർച്ചയായിക്കഴിഞ്ഞു.ചിറകൊടിഞ്ഞ കിനാവുകൾ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്.ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം ആണ് തിരക്കഥയെഴുതുന്നത് എന്നത് കൊണ്ട് തന്നെ മികച്ച സിനിമയായിരിക്കും വൺ എന്നത് ആരാധകർ ഇപ്പോഴേ ഉറപ്പിച്ച് കഴിഞ്ഞു.  ജോജു ജോര്‍ജ് ,സംവിധായകന്‍ രഞ്ജിത്ത്,മാമുക്കോയ, ശ്യാമ പ്രസാദ്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇചായീസ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിർമ്മിക്കുന്നത് .സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ആര്‍. വൈദി സോമസുന്ദരമാണ്  ഛായാഗ്രാഹകന്‍. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.