ശിഹാബ് കാരാപറമ്പ്
        സുഹ്റത്താ.. ഇങ്ങക്കൊര് കത്ത്ണ്ട്. മോന് ദുബായീന്ന് അയച്ചതാ.
ഇജ്ജ് അതൊന്ന് പൊട്ടിച്ച് ബായ്ച്ചെന്നാ മനേ….
ഇനിക്ക് എഴുത്തും ബായനൊന്നും അറിയൂലാന്ന് അനക്കറീലെ !
    പണ്ട് കാലങ്ങളിൽ നാട്ടിൻ പുറത്തെ ഊട് വഴികളിലൂടെ കിലോമീറ്ററുകളോളം ഓടിയും നടന്നും സൈക്കിളിലുമായി വിലാസക്കാരെ കണ്ടെത്തി കത്തും മണിയോഡറും കൊണ്ട് പോയി കൊടുത്തിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു പോസ്റ്റുമാന്മാർ.ഇന്ന് പോസ്റ്റുമാന്മാർഉണ്ടെങ്കിലും കൂടുതലും ഔദ്യോഗിക ലെറ്ററുകൾക്ക് മാത്രമാണ് നമ്മൾ ഇവരെ ആശ്രയിക്കുന്നത്.തപാലോട്ടക്കാരൻ അഞ്ചലോട്ടക്കാരൻ എന്നിങ്ങനെ പല പേരിലും ഇവർ അറിയപ്പെട്ടിരുന്നു.
    കേരളത്തിലെ പരമ്പരാഗതമായ തപാൽ സമ്പ്രദായത്തിൽ തപാൽ ഉരുപ്പടികളുള്ള തോൽ സഞ്ചി വഹിച്ചുകൊണ്ട് ഓടുന്ന ആൾക്കാണ് അഞ്ചലോട്ടക്കാരൻ എന്ന് അറിയപ്പെട്ടിരുന്നത്.തിരുവിതാംകൂർ രാജഭരണകാലത്താണ് ഈ സബ്രദായം നിലനിന്നിരുന്നത്.
     ഒരഗ്രം മുനവാർത്തു കെട്ടിയ ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണി കെട്ടിയ അരപ്പട്ടയും ധരിച്ച് ഓട്ടക്കാരൻ ദിവസം 8 മൈൽ ദൂരം ഓടണമെന്നായിരുന്നു അന്നത്തെ ഉത്തരവ്.അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോട്ടിലൂടെ വേണം ഓടേണ്ടതെന്നും പ്രത്രേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആളുകൾ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നൊള്ളു എന്നും പറയപ്പെടുന്നു. ആ വരവൊന്ന് ആലോചിച്ച് നോക്കിയേ നമ്മൾ ആംബുലൻസിന് വഴിമാറി കൊടുക്കുന്ന പോലെയായിരുന്നു അഞ്ചലോട്ടക്കാരന് വഴിമാറികൊടുത്തിരുന്നത് എന്ന് ചുരുക്കം. ലാന്റ് ഫോണും മൊബൈലും ഇല്ലാത്ത അക്കാലത്ത് അടിയന്തിര സന്ദേശങ്ങുളുമായിട്ടായിരിക്കും അവരുടെ ഓട്ടം.
     ലാന്റ് ഫോണുകളുടെ കടന്നുവരവിന് മുമ്പ് എഴുത്തിലൂടെയായിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. വിദേശത്തുള്ള മക്കളുടേയും ഭർത്താക്കന്മാരുടേയും കത്തുകൾക്കും ഡ്രാഫ്റ്റുകൾക്കും വേണ്ടി പോസ്റ്റുമാനെ കാത്ത് ഉമ്മറക്കോലായിലിരുന്ന് പ്രതീക്ഷയോടെ വഴിവക്കിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു പാട് ഉമ്മമാരും ഭാര്യമാരും കഴിഞ്ഞ കാലങ്ങളിലെ തങ്ങളനുഭവിച്ച വിരഹ നൊമ്പരങ്ങൾ ഇപ്പോൾ ഓർത്തെടുക്കുന്നുണ്ടാവും.
      ആഴ്ചയിലോ മാസങ്ങളിലോ എത്തുന്ന കത്തുകൾ പൊട്ടിച്ച് വായിക്കുമ്പോൾ കിട്ടുന്ന സന്തോഷമായിരുന്നു അന്നത്തെ ഏക ആശ്വാസം.ഇവിടെ എല്ലാവർക്കും സുഖം അവിടെയും അങ്ങനെയെന്ന് കരുതി സന്തോഷിക്കട്ടെ  കത്ത് ചുരുക്കുന്നു .എന്ന അവസാന വരിവായിച്ച് കത്ത് മടക്കി വെക്കുമ്പോൾ ഉറ്റുന്ന കണ്ണീർ കണങ്ങൾ തട്ടത്തിന്റെ തുമ്പ് കൊണ്ട തുടച്ച് അൽപ്പസമയം ഒറ്റക്കിരിക്കുന്ന എത്രയോ ഉമ്മമാരെ, ഭാര്യമാരെ നമ്മൾ കണ്ടിട്ടുണ്ട്.
         പോയ കാലത്തെ ഗൾഫ് പ്രതാപത്തിന്റെ നല്ല നാളുകൾ ഇത്തരത്തിലായിരുന്നു. ഗൾഫ് നാടുകളിലും പ്രവാസികൾ ഉറ്റവരുടെ കത്തുകൾക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു.ഇന്നത്തെപ്പോലെ ആറു മാസമോ ഒരു വർഷമോ കൂടുമ്പോൾ ലീവിന് നാട്ടിൽ വന്ന് പോവുന്ന അവസ്ഥയിലല്ലായിരുന്നല്ലോ അന്ന്. മൂന്നും നാലും അഞ്ചും വർഷങ്ങളിലാണ് ആറുമാസത്തെ ലീവ് അടിച്ച് കിട്ടുക. നീണ്ട പ്രവാസത്തിന്റെ പ്രയാസങ്ങൾ മറക്കാൻ ഒഴിവു സമയങ്ങളിൽ ഇരുന്നെഴുതുന്ന കത്തുകൾക്ക് സനേ ഹത്തിന്റെ നല്ല മണമുണ്ടാവും. വിദേശത്തുള്ള ഉപ്പാക്ക് ഉമ്മകത്തെഴുതുമ്പോൾ മക്കൾ ചെറിയപേപ്പറിൽ ഉപ്പാക്ക് എഴുതി ഉമ്മയുടെ എഴുത്തിന്റെ കൂടെ അയക്കുന്ന പതിവുമുണ്ടായിരുന്നു,
     ലാന്റ് ഫോണിന്റെ കടന്ന് വരവോടെ ശബ്ദം കേൾക്കാനും സംസാരിക്കുവാനുമായി കിലോമീറ്ററുകളോളം നടന്ന് പോയി ഫോൺ ചെയ്യുന്ന കാഴ്ചകൾ കാണാമായിരുന്നു. ലാന്റ് ഫോൺ വ്യാപിച്ചതോടെ തൊട്ടടുത്ത വീട്ടിലേക്ക് വിളിച്ച് ഒന്ന് ബീ വിയോട് വരാൻ പറയോ? ഞാൻ കുറച്ച് കഴിഞ് വിളിക്കാം എന്ന് പറഞ്കട്ടാക്കുന്ന പ്രവാസിയെ കാത്ത് കെട്ട്യോളും കുട്ട്യോളും പൊന്നുപ്പയുടെ ഫോൺ വിളിയും കാത്ത് അയൽക്കാരന്റെ ഫോണിനു താഴെ ആകാംശ യോടെ കാത്തിരിക്കുന്ന കാഴ്ചകളും നമ്മൾ കണ്ടു.
    ഇന്ന് എല്ലാം മാറി മൊബൈൽ പ്രളയത്തിൽ കത്തും ലാന്റ് ഫോണുമെല്ലാം ഒന്നുമല്ലാതായി  പകരം വാഡ് സാപ്പും ഐ എംഒയും സ്കൈപ്പും പോലോത്ത ആപ്പുകൾ കടന്നു കയറി .ഒരു കാലത്ത് സന്തോഷവും ആശ്വാസവുമായി നമ്മോടൊപ്പം കൂടിയവയെനമ്മൾ സൗകര്യാർത്ഥം മറന്നു എന്നു തന്നെ പറയാം. ഇന്ന് ഓരോരുത്തർക്കും കൈയ്യിലുള്ള ന്യുതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഫോണുകളിലൂടെ ലോകത്തിന്റെ ഏത് കോണുകളിലുള്ളവരോടും നേരിട്ട് നിമിശ നേരം കൊണ്ട് കണ്ട് സംസാരിക്കാൻ കഴിയുന്നതലത്തിലേക്ക് നമ്മൾ വളർന്നു. സ്നേഹത്തിന്റെ അത്തർ മണമുള്ള കത്തുകളും വിശേഷങ്ങളും ഓർമ്മകളിൽ എന്നുംപ്രകാശിക്കട്ടെ.
Advertisement