സുബീന മുനീബ്
പഴയൊരു പത്താം ക്ലാസുകാരിയുണ്ടായിരുന്നു..
”മരിച്ചാലും അന്നെ മറക്കൂല” എന്ന വാചകത്തിനായി അനിയത്തിപ്രാവിലെ കുഞ്ചാക്കോ_ശാലിനി മുഖചിത്രമുള്ള ഓട്ടോഗ്രാഫുമായവൾ കൂട്ടുകാരുടെ ഇടയിൽ ഓടി നടക്കും…
 പക്ഷെ ഇതേ ഓട്ടോഗ്രാഫ് തിരിച്ചെഴുതി കൊടുക്കാൻ അവൾക്ക് മടിയായിരുന്നു.. പല ഒഴിവ് കഴിവുകളും പറഞ്ഞ് കഴിവതുമവൾ എഴുത്ത് ഒഴിവാക്കും…
എന്തിനായിരുന്നു അതെന്ന് അവളിപ്പൊഴും മറന്നിട്ടില്ല…
വെറും രണ്ടേ രണ്ട് പ്രശ്നങ്ങളായിരുന്നല്ലോ അവൾക്കു മുന്നിൽ…
ഒന്ന്: 
അവളുടെ കൈയ്യക്ഷരം അത്ര ഭംഗിയുള്ളതായിരുന്നില്ല…
ഓരോ കുട്ടിയും അവരുടെ ഓട്ടോഗ്രാഫിലെ ഭംഗിയുള്ള കയ്യക്ഷരങ്ങളെക്കുറിച്ച് വാചാലയാവുമ്പോൾ അവളുടെ ഹൃദയം നുറുങ്ങുമായിരുന്നു.. താനതിലെഴുതാൻ അർഹതപ്പെട്ടയാളല്ലെന്ന് അവളോടാരോ ഉള്ളിൽ നിന്ന് പറയുമായിരുന്നു… പിന്നെ പിന്നെ അവരത് മനസ്സിലാക്കാതിരിക്കാൻ അവരുടെ ഓട്ടോഗ്രാഫിൽ നിന്നവൾ ഓടിയൊളിച്ചു..
രണ്ട്: 
ഓട്ടോ ഗ്രാഫിൽ അവൾക്കൊരു ഫോൺനമ്പർ എഴുതാനുണ്ടായിരുന്നില്ല…
 എത്ര സില്ലിയാണവളെന്ന് നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നുന്നുണ്ടല്ലേ… പക്ഷെ അങ്ങനെയല്ല.. മൊബൈൽ ഫോൺ അത്ര പരിചിതമല്ലാത്ത അക്കാലത്ത് വീട്ടിൽ റേഷൻ കാർഡില്ലാത്തതിന്റെ പേരിൽ  കിട്ടാത്ത ലാന്റ്ഫോണിനെ(അന്ന് ഒരു റേഷൻ കാർഡിൽ ഒരു ഗ്യാസു കണക്ഷനും ഒരു ഫോൺ കണക്ഷനും മാത്രമേ ലഭ്യമാവൂ..) ചൊല്ലി അവളെത്ര സങ്കടപ്പെട്ടിട്ടുണ്ട്.. ക്ലാസിലെ മിക്ക കുട്ടികളും ഓട്ടോഗ്രാഫിലെഴുതുന്ന ആ ആറക്ക സംഖ്യ തനിക്കില്ലെന്ന് അവരറിയാതിരിക്കാൻ പിന്നെയും ഒളിച്ചോടൽ അവൾ തുടർന്നു പോന്നു…
അവളിന്ന് ഒരുപാട് വളർന്നു…
കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായി.. ആ രണ്ടു കാര്യങ്ങളും വളരെ നിസ്സാരമായിരുന്നെന്ന് ഇന്നവൾക്ക് പറയാമായിരിക്കാം..ജീവിതപ്രയാസങ്ങളോട് പാകപ്പെടാൻ പഠിപ്പിക്കാത്ത രക്ഷിതാക്കളെയും അധ്യാപകരെയും കുറിച്ച് പഴിയും പറയാം..
പക്ഷെ അവളതൊരിക്കലും പറയില്ല.. കാരണം ജീവിതത്തോട് പൊരുത്തപ്പെടാൻ പക്വത കൈവരിച്ചിട്ടില്ലാത്ത  പഴയ അവളെപ്പോലുള്ള കുട്ടികളോടൊപ്പമാണല്ലോ അവളിന്നും.. ആ കുട്ടികളെ ക്കുറിച്ച് അവൾക്കിന്ന് ചെറുതായൊക്കെ അറിയാം… അവരുടെ ലോകം അവരുടെ ചുറ്റുമുള്ള കുട്ടികൾ മാത്രമായിരിക്കുമെന്നറിയാം… ഓരോ കുട്ടിയും തന്റൊപ്പമുള്ള  കുട്ടികളോടൊപ്പം സമപ്പെട്ടു നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നുമറിയാം.. അതിനാൽ  തന്റെ വീട്ടിൽ കാറുണ്ടെന്നോ ബൈക്കുണ്ടെന്നോ അവർ ടീച്ചറോടോ കൂട്ടുകാരോടോ പറഞ്ഞ് നടന്നേക്കാം.. പക്ഷെ തന്റെ വീട്ടിൽ പട്ടിണിയാണെന്ന് അവർ പറഞ്ഞ് നടന്നേക്കുമെന്നോ( നടക്കണമെന്നോ) നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചു പോവരുത്.. അവരതാഗ്രഹിക്കുന്നില്ല
ആ പഴയ പത്താം ക്ലാസുകാരിയും അങ്ങനെത്തന്നെയായിരുന്നു.. ഒരു വിളിയുടെ കാര്യമല്ലേയുള്ളൂ… കൂട്ടുകാരെ വിളിക്കാൻ അടുത്ത വീട്ടിലെ ഫോൺ നമ്പർ  കൊടുത്താൽ മതിയായിരുന്നില്ലേ എന്ന് ഇത് വായിക്കുമ്പോൾ  നിങ്ങൾക്കൊരു പരിഹാരം കണ്ടെത്താമായിരിക്കാം.. പക്ഷെ അതൊരു ശരിയായ പരിഹാരമാവുമോ…??.  ഫോണില്ലാത്തതോ കയ്യക്ഷരം മോശമായതോ ആയിരുന്നു അവളുടെ യഥാർത്ഥപ്രശ്നമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ… ?എന്നാൽ അതങ്ങനെയായിരുന്നില്ല.. അവളതിനോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവളായിരുന്നില്ലേ… പക്ഷെ അക്കാര്യം അവളുടെ കൂട്ടുകാർ( സമൂഹം ) അറിയാനവൾ ഇഷ്ടപ്പെട്ടിരുന്നില്ല..ദയവ് ചെയ്ത് അവളെ പോലെയുള്ള അത്തരം കുട്ടികളിൽ നിന്ന് ഇതിൽ കവിഞ്ഞ പക്വത നിങ്ങൾ പ്രതീക്ഷിച്ചേക്കരുത്..
ഈ ന്യൂസിന്റെ തുടർചർച്ചകൾ കണ്ടപ്പോൾ ആ പത്താം ക്ലാസുകാരി ദേവികയെ ഓർത്തു..അന്നത്തെ പത്താം ക്ലാസുകാരിയെപ്പോലൊരു കുട്ടിയായിരിക്കില്ലേ  ഈ ദേവികയും.. ഒരു പക്ഷെ തന്റെ വീട്ടിലല്ലാതെ കിട്ടുമായിരുന്ന ഓൺലൈൻ പഠനസൗകര്യങ്ങളിൽ (ഇതിന് പരിഹാരമെന്ന് നമ്മൾ പറയപ്പെടുന്ന )അവളെ പോലുള്ളവർ തൃപ്തയായേക്കുമോ??? എനിക്ക് തോന്നുന്നില്ല..
ഒന്നേ പറയാനുള്ളൂ…
ജീവിച്ചിരിക്കുന്ന ദേവികമാർക്ക്  സൗകര്യങ്ങൾ ഒരുക്കുമ്പോൾ ചില കാര്യങ്ങൾ നമ്മളുറപ്പു വരുത്തേണ്ടതുണ്ട്…മറ്റുള്ളവരെപോലെയാവാൻ കഴിയാത്ത തങ്ങളെക്കുറിച്ച് അവരുള്ളിൽ മുറിപ്പെടുന്നുണ്ടോ എന്ന്…,
ഒളിച്ച് വെക്കാനാഗ്രഹിക്കുന്ന ഐഡന്റിറ്റികൾ മറ്റുള്ളവരുടെ മുമ്പിൽ അഴിഞ്ഞ് വീഴുമ്പോൾ അവരുടെ ഹൃദയം ഉരുകുന്നുണ്ടോ എന്ന്…
കാരണം അവർ വെറും കുട്ടികളല്ലേ..
 നമ്മുടെയത്രയും പക്വതയോടെ അവർ ചിന്തിച്ചേക്കുമെന്ന് നമ്മൾക്കെങ്ങനെ വാശി പിടിക്കാനാവും…