മഞ്ചേരി : പ്രതിവാര അവധിദിനങ്ങളിൽ വർഷം മുഴുവൻ  സംസ്ഥാനത്തുടനീളം അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ശാസ്ത്രപരീക്ഷണ പരിശീലനങ്ങളുമായി ഓടിനടന്നിരുന്ന  ഇല്യാസ് പെരിമ്പലം എന്ന പേരിൽ അറിയപ്പെടുന്ന മഞ്ചേരി ഗവ: ബോയ്സ് ഹൈസ്ക്കൂളിലെ യു.പി. വിഭാഗം ശാസ്ത്രാധ്യാപകനായ ഇല്യാസ് മാഷ് കൊറോണ ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ച് മാതൃകയാകുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് വിദ്യാർഥികളെ സഹായിക്കാനായി വീട്ടിലിരുന്ന് ഇരുനൂറിനു മേൽ ശാസ്ത്രപരീക്ഷണ വീഡിയോകളും ഇരുപത്തഞ്ചിലധികം ശാസ്ത്ര ഡോക്യുമെൻ്ററികളുമാണ് അദ്ദേഹം തയ്യാറാക്കി BeeTV Science എന്ന സ്വന്തം യൂട്യൂബ് ചാനലിൽ  അപ് ലോഡ് ചെയ്തത്. കൂടാതെ ഏതാനും ശാസ്ത്ര ക്ലാസുകളും കുട്ടികളെ പ്രചോദിപ്പിക്കുന്ന ശാസ്ത്ര കഥകളും, ജ്യോതിശാസ്ത്ര വീഡിയോകളും ഇതേ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
 ഇവയിൽ നിന്നും കുട്ടികൾക്ക് സ്വയം ചെയ്യാൻ സാധിക്കുന്ന 10 വീതം പരീക്ഷണങ്ങളുടെ ലിങ്കുകൾ ഇടക്കിടെ ക്ലാസിലെ കുട്ടികളുടെ വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെയും സംസ്ഥാനത്തെ ഒട്ടേറെ ശാസ്ത്രാധ്യാപക ഗ്രൂപ്പുകളിലൂടെയും അദ്ദേഹം ഷെയർ ചെയ്യുന്നു. ഒട്ടേറെ കുട്ടികൾ ഈ പരീക്ഷണങ്ങൾ ചെയ്യുകയും ചെയ്തതിൻ്റെ വീഡിയോകൾ മാഷിന് അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. മാഷ് അവ വിലയിരുത്തി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.
നിലവിലുള്ള യു.പി. ശാസ്ത്ര പാഠങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷണങ്ങളും ഒന്നര മാസത്തെ കഠിന ശ്രമത്തിലൂടെ അദ്ദേഹം വീഡിയോകളാക്കി മാറ്റി.  നൂറുകണക്കിന് സ്വയം നിർമ്മിച്ച ഉപകരണങ്ങളുള്ള വികസിച്ചു വരുന്ന ഒരു ഹോം സയൻസ് ലാബ് ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. സ്ക്കൂളിൽ പോകുമ്പോൾ എന്നും അന്നന്ന് പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ഒരു സഞ്ചിയിലാക്കി കൊണ്ടു പോകും. സ്ക്കൂളിലെ സഹാധ്യാപകരെയും പരീക്ഷണ ഉപകരണങ്ങൾ നൽകി സഹായിക്കാറുണ്ട്.
നിലവിലുള്ള യു.പി. ശാസ്ത്രപാഠ പുസ്തകങ്ങളുടെ രചനയിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന് ഗുരുശ്രേഷ്ഠ അവാർഡ്, സംസ്ഥാന പി.ടി.എ. യുടെ ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളകളിൽ ഇദ്ദഹത്തിൻ്റെ ശിഷ്യൻമാരും അധ്യാപകർക്കുള്ള ടീച്ചിംഗ് എയിഡ് മത്സരത്തിൽ ഇദ്ദഹവും ഒന്നിലേറെ തവണ സമ്മാനിതനായിട്ടുണ്ട്. ടെക്ക് മലപ്പുറം എന്ന ശാസ്ത്രാധ്യാപക കൂട്ടായ്മയുടെ ചെയർമാൻ, മലപ്പുറം അമേച്വർ ആസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.