നവാസ് .കെ

യാത്രകളിലൂടെ ചരിത്രത്തെ കണ്ടെത്തുകയെന്നുള്ളത് ഒരു വലിയ ദൗത്യമാണ്. നമ്മുടെ നാട്ടിലെ  കഥകളും ചരിത്രങ്ങളുമെല്ലാം  പലപ്പോഴും  പൊതുസമൂഹത്തിന് അന്യമാണ്. 1921 കാലത്ത് കൊളോണിയൽ ശക്തികൾക്കെതിരേയും ജന്മിത്വത്തിനെതിരെയും പോരാട്ടം നടക്കുന്നതിന്  വർഷങ്ങൾക്ക് മുമ്പ് തന്നെ മഞ്ചേരിയുടെ മണ്ണിൽ ജന്മിമാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ പോരാട്ടങ്ങൾ നടന്നിട്ടുണ്ട് .

എന്റെ ചരിത്രനേഷണത്തിന്റെ ഭാഗമായി മഞ്ചേരിയിൽ 1849 ആഗസ്റ്റ് മാസം 27 തിയ്യതി നടന്ന  പോരാട്ടത്തിൽ മരിച്ച  ബ്രിട്ടീഷ് പട്ടാളക്കാരനായ എൻസൈൻ വൈസിൻറെ ശവകുടീരം മഞ്ചേരിയിലെ കച്ചേരിപ്പടി സ്ഥിതിചെയ്യുന്ന ബോയ്സ് ഹൈസ്കൂൾ  അങ്കണത്തിലുണ്ടെന്നറിവിൽ അവിടെ പോകുകയും അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടത്തുകയും ചെയ്തു.

1836 ലും 1841ലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും  കാർഷിക സമരങ്ങളും  ഏറനാട്ടിലും വള്ളുവനാട്ടിലും നടന്നിട്ടുണ്ടന്നുള്ളത് ചരിത്രത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. എന്നാൽ 1849 ആഗസ്റ്റ് മാസം നടന്ന കാർഷിക പോരാട്ടം മഞ്ചേരിയുടെ  ചരിത്രത്താളുകളിൽ  നിന്നും മറഞ്ഞു കിടക്കുകയാണ്.

  മഞ്ചേരിയിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കൂടുതൽ പഠനങ്ങൾ നടത്തുകയും ചില ആധികാരികമായ രേഖകൾ ചരിത്രനേഷണത്തിൽ കണ്ടെടുക്കുകയും ചെയ്തു. അതിൽ പ്രധാനമായി  ബ്രിട്ടീഷുകാരുടെ കൊളോണിയൽ കാലഘട്ടത്തിൽ എഴുതിയ  രഹസ്യ റിപ്പോർട്ടിങ് രേഖകളും ,അന്നത്തെ പത്രങ്ങളും , ബ്രിട്ടീഷ് ഉദ്യാഗസ്ഥർ എഴുതിയ പുസ്തകങ്ങളും ലോകാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത വാർത്തകളും  ലഭ്യമായ മറ്റുരേഖകളുമുണ്ട് .ഈ റിപ്പോർട്ടിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മഞ്ചേരിയിൽ 1849  ആഗസ്റ്റ്ൽ  നടന്ന – ജന്മിത്വ,ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം വിശകലനം ചെയ്യാനാണ് ഇവിടെ ഉദേശിക്കുന്നത് .
1849 ഓഗസ്റ്റ് 25ന് അടിച്ചേൽപ്പിക്കപ്പെടുന്ന കാർഷിക നികുതിക്കെതിരേ അത്തൻ കുരിക്കളുടെ നേതൃത്തത്തിൽ നടന്ന പോരാട്ടത്തിൽ  തോറങ്ങൾ ഉണ്ണിയാൽ പാടിതൊടി തൊയുണ്ണിയെ നാല് മാപ്പിളമാർ  ചേർന്ന് കൊല ചെയ്തു. അവർ പിന്നീട്  അത്തൻ കുരുക്കളുടെ വസതിയിൽ അഭയം  തേടുകയും ചെയ്തു . ഈ സംഭവങ്ങളെ   ഉദ്ദരിച്ചുകൊണ്ട്  അന്നത്തെ  ബ്രിട്ടീഷ്   ആനുകാലിക പ്രസിദ്ധീകരണങ്ങളിലും  വില്യം ലോഗൻന്റെ മലബാർ മാനുവലിലും വിവരിച്ചതായി കാണാം.

 

1835 തുടങ്ങിയ William H Allens and company തങ്ങളുടെ കൊളോണിയൽ വാർത്തകൾ പ്രസിദ്ധീകരിക്കാനായി 1845 മുതൽ 1857 വരെ പ്രസിദ്ധീകരിച്ച Allen’s indian mail -Register of Intelligence for British and Foreign india , china and all part of East എന്ന ജേർണലിൽ 7 വാള്യത്തിന്റെ  619 പേജിൽ Affray with the moplas – Madras   എന്ന തലക്കെട്ടിന്‌ ചുവടെ 1849 അഗസ്റ് 25 തുടക്കം കുറിച്ച ഈ ചരിത്ര സംഭവത്തെ ഇങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

Ri

 

Rip[p[

 

 

 

 

 

 

 

 

റിപ്പോർട്ട്
ഞങ്ങൾ ഇവിടെ ഏറ്റവും സങ്കടകരമായ  ഒരു കാര്യമാണ് അറിയിക്കുന്നത് . പടിഞ്ഞാറൻ ഭാഗത്ത് മാപ്പിളമാരും 43rd റെജിമെൻറ് സംഘവുമായി നടന്ന സംഘട്ടനത്തിൽ എൻസൈന് വൈസിനും  അവരുടെ കൂടെയുള്ള സൈനികർക്കും  ജീവൻ നഷ്ടപ്പെട്ടു. ഈ  സംഭവത്തെ കുറിച്ച്  താഴെ വിശദീകരിക്കുന്നു.

ഈ സാഹചര്യം  ഉണ്ടാവുന്നതിന് മുമ്പ് തന്നെ മുപ്പതോളം വരുന്ന മാപ്പിളമാർ ഇവിടെ ചില കൊലപാതകങ്ങൾ ചെയ്യുകയുണ്ടായിട്ടുണ്ട് .ഈ സന്ദർഭത്തിൽ മാപ്പിളമാർ ബ്രിട്ടീഷ് ആർമിയായ 5th NIയുടെ  മുന്നിൽ പെടുകയും ചെയ്തു.ഇവരിൽ നിന്ന് രക്ഷപ്പെടാനായി മാപ്പിളമാർ  അടുത്തുള്ള കല്ലു കൊണ്ടുള്ള പള്ളിയിൽ അഭയം തേടുകയാണ് ചെയ്തത് .കൂടാതെ  നാട്ടിലുള്ള സിവിൽ പോലീസിൻറെ കയ്യിൽ പെടാതെ നോക്കുകയും ചെയ്തു.എന്നാൽ അവിടെയുള്ള സിവിൽ പൊലീസിന്   മാപ്പിളമാരെ  പിടിക്കാൻ കഴിയാത്ത   സാഹചര്യത്തിൽ  സിവിൽ അതോറിറ്റി ബ്രിട്ടീഷ് ആർമിയുടെ  മറ്റൊരു  വിഭാഗമായ  43 റെജിമെന്റിന്റെ സഹായം തേടി.

മാപ്പിളമാർ അഭയം കൊണ്ട കല്ലുകൊണ്ടുള്ള പള്ളിയിൽ നിന്ന് അവരെ പുറത്തിറക്കാനായിരുന്നു 43 റെജിമെൻറ് കമാന്റർ  ക്യാപ്റ്റൻ വാട്ട്സിനെ  നിയോഗിച്ചത്. അദ്ദേഹം ഈ ദൗത്യത്തിന് വേണ്ടി  ഒരു ഡിറ്റാച്മെന്റ പട്ടാളക്കാരുമായി  മലപ്പുറത്തേക്ക് പുറപ്പെട്ടു. ഈ ദൗത്യസംഘത്തിന്റെ ചുമതല  ക്യാപ്റ്റൻ വാട്ട്സ്  എൻസൈൻ  വൈസ് ഉൾപ്പെടെയുള്ള 60 സേനാംഗങ്ങളെ ഏൽപ്പിക്കുകയും  ചെയ്തു.  എൻസൈൻ വൈസിന്  നിറവേറ്റാനുള്ള   പ്രധാനപ്പെട്ട കർത്തവ്യം  മാപ്പിളമാരെ  കീഴടക്കുക എന്നുള്ളതായിരുന്നു .അതുകൊണ്ടുതന്നെ നിലവിൽ എൻസൈൻ വൈസിന്റെ   സൈന്യത്തിന് മാപ്പിളമാരുടെ തുല്യ ശക്തി തന്നെ ഉണ്ടായിരുന്നു.

സംഭവസ്ഥലത്തെത്തിയ ഉടനെ  മാപ്പിളമാരെ നേരിടാനായി  43 റെജിമെൻറ് സൈനികർ പള്ളിയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ   പതിനഞ്ചോളം വരുന്ന  മാപ്പിളമാർ ബ്രിട്ടീഷ്   സൈന്യത്തിന് നേരെ  പള്ളിയിൽ നിന്ന് ഇറങ്ങി വന്നു. അവരുടെ അഞ്ചു പേരുടെയും കയ്യിൽ കയറിന്റെ അറ്റത്ത് കത്തിയും ബാക്കി 5 പേരുടെ കയ്യിൽ കുന്തവും ബാക്കിയുള്ളവരുടെ കയ്യിൽ തോക്കുമുണ്ടായിരുന്നു.അവർ ബ്രിട്ടീഷ്  സൈന്യത്തിന് നേരെ ഇരച്ചുചെന്നു.

എന്നാൽ സൈന്യത്തിന്റെ നേതൃത്വം കൊടുത്ത  എൻസൈൻ വൈയ്സിന്റെ അനുമതി കിട്ടുന്നതിനു മുൻപ് തന്നെ കൂട്ടത്തിലുള്ള ശിപ്പായിമാർ  മാപ്പിളമാർക്ക്  നേരെ വെടിവച്ചു. എന്നാൽ ഇത് ബ്രിട്ടീഷ് സൈന്യത്തിന് തിരിച്ചടിയായി.ഈ സാഹചര്യത്തിൽ   എൻസൈൻ വെയ്സ്ന്റെ കൂട്ടത്തിലുള്ള 54 പേരും തിരിഞ്ഞോടുകയാണ് ഉണ്ടായത് .എന്നാൽ ബ്രിട്ടീഷ് സേനയോടും എൻസൈൻ വൈസിനോടും കൂറും  വിശ്വസ്തതയും  പുലർത്തിയ  ഒരു ജമീന്ദാർ ഉൾപ്പെടെ ആറ് പേർ മാത്രമാണ് അവിടെ നിലയുറപ്പിച്ചത്. ഈ സാഹചര്യത്തിൽ പോരാട്ടം രൂക്ഷമാവുകയും   മാപ്പിളമാരിൽ ഒരാൾ എൻസൈൻ വൈസിനെ  ആക്രമിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തെ എൻസൈൻ വൈസ് പ്രതിരോധിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു .അതിനു ശേഷം വീണ്ടും മറ്റൊരു മാപ്പിള എൻസൈൻ വൈസിനെ  ആക്രമിക്കുകയും അയാളെ  കൂട്ടത്തിലുള്ള ശിപായി വധിക്കുകയും ചെയ്തു. എന്നാൽ മാപ്പിളമാരുടെ അംഗബലം  കൂടുതലായതിനാൽ മാപ്പിളമാർക്ക്  എൻസൈൻ വൈസിനെയും കൂടെയുള്ളവരെ എതിരിടാനും  കൊല്ലാനും  സാധിച്ചു.

ഈ പരാജയത്തെ തുടന്നും വീണ്ടും  ക്യാപ്റ്റൻ വാട്ട്സിന്റെ നേതൃത്വത്തിൽ മാപ്പിളമാരെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല. മാപ്പിളമാരുമായുണ്ടായ തിരിച്ചടിയിലും എൻസൈൻ വൈസ് ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായതിന്റെ കാരണത്താൽ  ക്യാപ്റ്റൻ വാട്ട്സനെ സ്ഥാനത്തിൽ നിന്ന് ബ്രിട്ടീഷ് അതോറിറ്റി  നീക്കുകയും അസിസ്റ്റൻറ് കളക്ടറിന്റെ ട്രഷറി ക്ലർക്കായി നിയമിക്കുകയും ചെയ്തു.ഈ  സാഹചര്യത്തിൽ ബ്രിട്ടീഷ്  ഗ്രൂപ്പായ എച്ച് എം  94 റെജിമെൻറ് പട്ടാള ഗ്രൂപ്പ് ആഗസ്റ്റ് 30 ന് ആയുധങ്ങളുമായി മലപ്പുറത്തെത്തുകയും ചെയ്തു . ഈ സന്ദർഭം എത്തീനിയം പത്രം സെപ്റ്റംബർ 13ന് വിവരിക്കുന്നത് ബ്രിട്ടീഷ്  ഗ്രൂപ്പായ എച്ച് എം  94 റെജിമെൻറ്  മാപ്പിളമാരെ കണ്ടെത്തി 64 പേരെയും കൊന്നുകളഞ്ഞു ,എന്നാൽ യൂറോപ്യൻ പട്ടാളത്തിന്റെ  ഭാഗത്ത് മൂന്ന് മരണം ഉണ്ടാവുകയും ക്യാപ്റ്റൻ ഡെന്നിസ്, ലുയറ്റ് വൌഗൺ  എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ്.

ഈ വാർത്ത “The madras spectator” സെപ്റ്റംബർ 7 ആം തിയതി വളരെ വ്യക്തമായി   വിശദീകരിക്കുകയും ആ വാർത്ത   Allen’s Indian mail- page 654-655 വീണ്ടും ഉദ്ധരിക്കുകയും ചെയുന്നുണ്ട് .

ഈ വാർത്തയിൽ  കച്ചേരിയിൽ (കച്ചേരിപ്പടി) നിന്ന്   കുറച്ചകലെ  മഞ്ചേരിയിലാണ്   ഈ സംഭവം നടന്നതെന്നും ഒരു കുന്നിൻ മുകളിലാണെന്നും വ്യക്തമായി തന്നെ വിവരിക്കുന്നു.  പക്ഷേ മുൻപ് സൂചിപ്പിച്ച പ്രകാരം മാപ്പിളമാർ അഭയം കൊണ്ടത്  പള്ളി എന്നുള്ളതിന് പകരം ഇവിടെ കൊടുത്തിട്ടുള്ളത് പഗോഡ എന്നാണ് (ആരാധനാലയം എന്നർത്ഥം. നിർമാണത്തിൽ ഗോപുരം പോലെയെന്നു സാരം).

മുകളിൽ സൂചിപ്പിച്ച പോലെ മഞ്ചേരിയിലെ ഇതേ സംഭവം ‘ ദി മദ്രാസ് സ്‌പെക്റ്റാറ്റർ”  എന്ന പത്രം  മാപ്പിളമാരോടുള്ള ലഹള എന്ന തലക്കെട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതിൻറെ ചുരുക്കം ഇവിടെ വിശദീകരിക്കുന്നു.

7 സെപ്തംബറിൽ കണ്ണൂരിൽ നിന്ന് ദി മദ്രാസ് സ്‌പെക്റ്റാറ്റർ മാപ്പിള ലഹളയെപറ്റി ഒരു കത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നു.

തെക്കൻ മലബാറിൽ ശാന്തമായ സാഹചര്യം മാറി  അശാന്തമായ സാഹചര്യം ഉണ്ടായതിൽ ഇവിടുത്തെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുകയാണ്.ഇപ്പോൾ മുൻപത്തെ അപേക്ഷിച്ച്  കൊള്ളയടികൾ  ജില്ലയിൽ കൂടുതലായി  നടക്കുകയും ചെയ്യുന്നുണ്ട്.എന്നാൽ  ഇവരെയെല്ലാം പിടികൂടാനും  മജിസ്‌ട്രേറ്റിന്  മുന്നിൽ കൊണ്ടുവരാനും നിയമപാലകർക്ക്  കഴിഞ്ഞിട്ടുണ്ട് .പക്ഷേ  തെളിവുകളും സാഹചര്യങ്ങളും  ഇവർക്ക്  അനുകൂലമായാതിനാൽ അവർ കുറ്റവിമുക്തരാവുകയും ചെയ്തു.

ഇങ്ങനെയൊക്കെ  ആക്രമണങ്ങൾ നടക്കുന്നതിന്  ചില വ്യക്തികളുടെ  പിൻബല   മുണ്ടായിരുന്നെന്ന് കണ്ടെത്തി.കാർഷിക നികുതിയും ജന്മിമാരുടെ  അടിച്ചമർത്തലും  കൂടിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.ഈ സാഹചര്യം പിന്നീട്  രൂക്ഷമായി മാപ്പിളമാരും ജന്മിമാരും തമ്മിൽ സംഘർഷത്തിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. മുപ്പതിനടുത്തുവരുന്ന മാപ്പിളമാർ ഏഴോ എട്ടോ വരുന്ന നായന്മാരായ ഹിന്ദുക്കളെ കൊല്ലുകയും  ചെയ്തിരിക്കുന്നു  .എന്നിട്ടവർ കച്ചേരിയിൽ  നിന്ന് കുറച്ചകലെയുള്ള മഞ്ചേരിയിൽ ഒരു ആരാധനാലയത്തിൽ അഭയം തേടുകയും    ചെയ്തു. തുടന്നുണ്ടായ സംഘർഷത്തിൽ അവിടെ വച്ച് ഒരു ജന്മി  മരണപ്പെടുകയും ചെയ്തു .

ഈ സാഹചാര്യത്തിൽ  രഹസ്യാനേഷണം ദൗത്യം  കൊടുത്തിട്ടുള്ളത് കളക്ടർ മിസ്റ്റർ കാനോലിയായിരുന്നു.ഇദ്ദേഹം 43 NI ക്യാപ്റ്റൻ വാട്ട്സിനു നിർദേശം കൊടുക്കുകയും  നേതൃത്വം ഏറ്റടുക്കാൻ ആവശ്യപ്പെടുകയും   മലപ്പുറത്തേക്ക് സൈന്യവുമായി  പോയി  മാപ്പിളമാരെ നേരിടാനും  പിടിക്കാനും ആവശ്യപ്പെടുകയും ചെയ്തു .കൂടാതെ  പോരാട്ടം ശക്തിപ്പെടുത്താൻ വേണ്ടി ഇതേ റെജിമെന്റിന് കീഴിലുള്ള മിസ്റ്റർ ബേണിനെ സംഭവ സ്ഥലത്തേക്ക്   അയക്കുകയും ചെയ്തു.കളക്ടർ കാനോലിയുടെ  അസിസ്റ്റന്റ് ആയ മിസ്റ്റർ കോലറ്റ്   സംഭവസ്ഥലത്തേക്ക് മിലിട്ടറിയെ സഹായിക്കാനായി ക്യാപ്റ്റൻ വാട്സ്ൻറെ നേതൃത്തത്തിൽ  ലക്ഷ്യസ്ഥാനത്തേക്ക്  മലപ്പുറത്തുനിന്ന്  കുറച്ചു മൈൽ ദൂരമുള്ള മഞ്ചേരിയിലേക്ക് മാർച്ച് ചെയ്തു.

മലപ്പുറത്തുനിന്ന് മാർച്ച് ചെയ്ത് മഞ്ചേരിയിലെത്തിയ ബ്രിട്ടീഷ് സേന സർവ സന്നാഹങ്ങളോട് കൂടി  തങ്ങളുടെ ദൗത്യത്തിലേക്ക് കടന്നു. എൻസൈൻ വൈസിന്റെ നേതൃത്വത്തിൽ, മാപ്പിളമാർ അഭയം കൊണ്ട ആരാധനാലയത്തിൽ തന്ത്രപരമായി  എത്തി.   മുൻകൂട്ടി അനുമതിയില്ലാതെ  ഡിറ്റാച്ച്മെന്റിലുള്ള     ശിപായിമാർ ആരാധനാലയത്തിലേക്ക് വെടിവെക്കുകയും   തൽഫലമായി 15 ഓളം വരുന്ന മാപ്പിളമാർ കൈയിൽ വാളുമായി ആരാധനാലയത്തിൽ നിന്നു ഇറങ്ങിവരുകയും ചെയ്തു . പള്ളിയിൽ നിന്ന്  ഇറങ്ങിവന്ന ഒരാൾ  എൻസൈൻ വൈസിനെ വെട്ടുകയും ചെയ്തു. ഈ  സമയത്ത് എൻസൈൻ വൈസിന്റെ  കൂടെയുള്ളവർ  ചിതറിയോടുകയും ചെയ്തു.മാപ്പിളമാരുടെ അംഗബലത്തോടൊപ്പം പോരാട്ടവീര്യവും  കൂട്ട്ചേർന്നത് കൊണ്ട് എൻസൈൻ വൈസുൾപ്പെടെ   നാല് ശിപായിമാരും ജമീന്ദാരും  അവിടെ മരിച്ചു വീഴുകയും ചെയ്തു.

എൻസൈൻ വൈസിനെയും ശിപായിമാരെയും മാപ്പിളമാർ കൊന്നപ്പോൾ ബാക്കിയുള്ള ഡിറ്റാച്മെന്റ് കുന്നിറങ്ങിപ്പോരുകയും ഉണ്ടായ സംഭവങ്ങളെ മറ്റു ആർമി ഓഫീസർമാരോട്  വിശദീകരിക്കുകയും ചെയ്തു  . ഈ സന്ദർഭം മാപ്പിളമാരെ വിജയശ്രീലാളിതരായി കാണപ്പെടുകയും അവർ ആരാധനാലയത്തിലേക്ക്  മടങ്ങുകയും ചെയ്തു. പിന്നീട് ശിപായികളെയെല്ലാം അവിടെ നിന്ന് കച്ചേരിയിലേക്ക് ക്യാപ്റ്റൻ  വാട്സൺ മാറ്റുകയും ചെയ്തു അവിടെ വച്ച് അവർക്ക് ധൈര്യവും ഉപദേശവും നൽകി.ഇതിന്റെ പ്രധാനമായ കാരണം ഡിറ്റാച്മെന്റിലുള്ള സൈനികർക്ക്  ജോലിയോടുള്ള പ്രവണത കൂട്ടുവാനും  പരാജയത്തിൽ  നിന്ന് അവരെ തിരിച്ച് മുന്നോട്ട് നയിച്ച്  കൊണ്ടുവരാനുമായിരുന്നു.
ഈ സമയത്തു  ബ്രിട്ടീഷ്   സേന   നിലവിലെ  സാഹചര്യം കളക്ടറോട്‌  വിശദീകരിക്കുകയും കൂടുതൽ  സൈനിക സഹായത്തിനായി  അഭ്യർത്ഥിക്കുകയും  ചെയ്തു .ബ്രിട്ടീഷ്  ട്രൂപായ 39 NI  പാലക്കാട്ടുനിന്നും  മറ്റൊരു  റെജിമെൻറ്ന്റെ  ഒരു വിഭാഗം കണ്ണൂരിൽ നിന്നുമായിരുന്നു  ആവശ്യപ്പെട്ടത്  ഈ ആവശ്യം മനസിലാക്കി കളക്ടർ  94 റെജിമെൻറ്റിലുള്ള  രണ്ടു സൈനിക  കമ്പനികളെ  മഞ്ചേരിയിലേക്ക് അയക്കാൻ തീരുമാനിക്കുകയും ചെയ്തു .കൂടാതെ  “The Grenadier ” എന്ന സേനയും  മറ്റൊന്ന് മേജർ  ഡെന്നിസിന്റെ കൂടെ ക്യാപ്റ്റൻ മെർസെർ,ല്യുയറ്റ്  , വോഗൺ, ലെവിസ് ആൻഡ് എൻസൈൻ വൈറ്റ്  കൂടാതെ 43rd മെഡിക്കൽ ചാർജുള്ള  ഡോക്ടർ  പെന്നിയും 31 തിയതി മഞ്ചേരിയിലേക്ക്  പുറപ്പെട്ടു.

എന്നാൽ ഈ  സമയത്ത് എൻസൈൻ വൈസിന്റെയും കൂട്ടാളികളുടെയും മരണവും  പരാജയവും ഉണ്ടായിട്ടുപോലും  അവരെ   തിരിച്ചയക്കാത്തതിന്റെ കാരണം മാപ്പിളമാരെ ജീവനോടെ പിടിക്കുന്നതിന് വേണ്ടിയും നിലവിലെ സാഹചര്യത്തിൽ സൈനിക ശക്തികൂട്ടുന്നതിന് വേണ്ടിയുമായിരുന്നു.

ഈ  സമയത്തു ഈ വാർത്ത അറിഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ  മേജർ മില്ലർ തന്റെ ജനറൽ ലീവ് അപ്ലൈ ചെയുകയും കണ്ണൂരിൽ നിന്ന് മഞ്ചേരിയിലേക്ക് യൂറോപ്യൻ ട്രൂപ്പ് വരുന്നതിനു മുൻപ് തനിക്ക് മഞ്ചേരിയിൽ എത്തണമെന്നും  എൻസൈൻ വൈസിന്റെയും ശിപായിമാരുടെയും മരണത്തിൽ നിന്നുമുണ്ടായ പരാജയത്തിന് പകരം ചോദിക്കണമെന്നും കരുതിയിരുന്നു. എന്നാൽ ഈ തീരുമാനം  പിന്നീട്           ഉപേഷിക്കേണ്ടിവന്നു.

ഈ  അവസരത്തിലെല്ലാം മാപ്പിളമാർ സധൈര്യം  ആരാധനാലയത്തിൽ  നിന്ന് ഭക്ഷണത്തിനു വേണ്ടി പുറത്തുപോകുന്നത്  പതിവായിരുന്നു .അങ്ങനെ  മാപ്പിളമാർ ഭക്ഷണത്തിന് വേണ്ടി പുറത്തു പോകുമ്പോൾ   അവരെ ശിപായിമാരോ മറ്റുള്ളവരോ   ഒന്നും ചെയ്യാറില്ലായിരുന്നു. അവർ ഒരു പ്രശ്നനവും കൂടാതെ ആരാധാലയത്തിൽ  തിരിച്ചെത്തുകയും ചെയ്യുമായിരുന്നു.ഈ സമയത്തെല്ലാം ആരാധനാലയത്തിൽ   മാപ്പിളമാർ 150 വരുന്ന ശിപായികൾക്ക് ഇടക്ക് സന്ദേശം കൈമാറുകയും  അവരോടു പഗോഡയിലേക്കു കാണാനും ചർച്ച ചെയ്യാൻ വരാൻ  അഭ്യർത്ഥിക്കുകയുമുണ്ടായി .വന്നില്ലെങ്കിൽ വലിയ പ്രത്യഘാതമുണ്ടാകുമെന്നും  കച്ചേരി മൊത്തമായി ചുട്ടു ചാമ്പലാക്കുമെന്നും അറിയിച്ചു .മാപ്പിളമാരുടെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും  മറുപടിയായി  ശിപായിമാർ  നിങ്ങൾ ഒന്ന് രണ്ടു ദിവസം കാത്തിരിക്കൂ പുതിയ ബ്രിട്ടീഷ്  ട്രൂപ്പ് വരുന്നുണ്ടന്നും അതിനു ശേഷം നിങ്ങൾ വരൂ എന്നും മറുപടി പറഞ്ഞു.

ഇതിനു ശേഷം മാപ്പിളമാർ പലആവശ്യങ്ങളും  അധികാരികളോട്

അറിയിച്ചുകൊണ്ടിയിരുന്നു . തങ്ങളുടെ  കൈയിലുള്ള വെറ്റില തീർന്നുപോയെന്നും  എത്രയും പെട്ടെന്ന് കിട്ടണമെന്നും അറിയിച്ചു തഹസിൽദാർക്ക് ഒരു അറിയിപ്പ് കൊടുത്തു .ഇല്ലെങ്കിൽ   ആ പ്രദേശം മൊത്തമായി  കത്തിച്ചു കളയുമെന്നും പറഞ്ഞു. ഈ സന്ദർഭം മുഖവിലക്കെടുത്തു തഹസിൽദാർ അധികൃതരുമായി  സംസാരിക്കുകയും മാപ്പിളമാരുടെ  നിദേശം അനുസരിക്കുകയാണ് എപ്പോൾ  നല്ലതെന്നും  ഉത്തരവിട്ടു .ആയതുകൊണ്ട്  നല്ല തണുത്ത വെറ്റില മാപ്പിളമാർക്ക്  എത്തിച്ചു കൊടുക്കുകയും ചെയ്തു.അതോടെ മാപ്പിളമാരുടെ ആവശ്യം രമ്യമായി പരിഹരിച്ചു.

മുൻപ് ബ്രിട്ടീഷ്  സൈന്യം ആവശ്യപ്പെട്ടത് പ്രകാരം തന്നെ   രണ്ടാം ദിവസത്തിനുള്ളിൽ  യൂറോപ്യൻ ട്രൂപ്പ് 39 NI സംഭവസ്ഥലത്തെത്തുകയും  ചെയ്തു.എന്നാൽ കളക്ടറുടെ നിർദേശമുണ്ടായതിനാൽ അക്രമണങ്ങളൊന്നും ഉണ്ടായില്ല. കൂടാതെ അന്നുതന്നെ ഗ്രനൈഡർ കമ്പനിയും  മേജർ ഡെന്നിസും ല്യുയറ്റിന്റെ നേതൃത്തത്തിൽ  94 റെജിമെൻറ് കോഴിക്കോട് എത്തുകയും ചെയ്തു .  അവിടെ നിന്നവർ ബോട്ടുമാർഗം അരീക്കോട് പോകുകയും ബാക്കിയുള്ളവർ കോഴിക്കോട്ടേക്ക് മാർച്ച്   നടത്തുകയും  ചെയ്തു. എന്നാൽ അരീക്കോട്ടേക്ക്  പോകുമ്പോൾ ശക്തമായ മഴകാരണം യാത്ര തടസ്സം നേരിടുകയും ചെയ്തു .ഇതിലൂടെ  മലബാറിലുള്ള  മൺസൂൺ കാലാവസ്ഥയെ മനസിലാക്കാനും  ശക്തമായ മഴയിൽ വന്ന   യാത്ര ബുദ്ധിമുട്ടുകളെ തരണം ചെയാനും അവർക്ക് കഴിഞ്ഞു .അരീക്കോടെത്തിയ അവർ അവിടെ  നിന്ന് മാർച്ച് ചെയ്ത്  വൈകുന്നേരം മഞ്ചേരിയിൽ എത്തുകയാണ് ചെയ്തത്.

ഈ  സമയത്ത്  സെപ്റ്റംബർ  4 ന് മാപ്പിളമാർ മഞ്ചേരിയിലെ  ആരാധനാലയത്തിൽ  നിന്ന് പോയതായി കണ്ടെത്തി. എന്നാൽ  രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനേഷണത്തിൽ  അവരെ പെട്ടന്ന് കണ്ടെത്തുകയും യൂറോപ്യൻ സൈനികരും 200 ഓളം വരുന്ന ശിപായിമാരും  മാപ്പിളമാരെ  പിന്തുടരുകയും മഞ്ചേരിയിൽ നിന്നകലെയുള്ള  അങ്ങാടിപ്പുറത്താണ് എത്തിയതെന്നും കണ്ടത്തി.

ഈ ഘട്ടത്തിൽ  മാപ്പിളമാർ  അങ്ങാടിപുറത്തുള്ള മറ്റൊരു ആരാധനാലയത്തിൽ എത്തുകയും അവിടെ  അഭയം കൊള്ളുകയും ചെയ്തിരുന്നു .സൈനികബലം കൂടിയതിനാൽ ബ്രിട്ടീഷ്   സൈന്യം   ആരാധനാലയം വളയുകയും  മാപ്പിളമാർ അക്രമിക്കുന്നതിനു മുൻപ് തന്നെ  അവരെ ആക്രമിക്കുകയും ചെയ്തു. ഈ അക്രമണത്തിൽ 61 ഓളം വരുന്ന മാപ്പിളമാർ അവിടെവെച്ച്  ദാരുണമായി  മരണപ്പെട്ടു

 ബ്രിട്ടീഷ് ട്രൂപ്പിന്റെ   ഭാഗത്തു രണ്ടു  സൈനികർ   മരിക്കുകയും മിസ്റ്റർ  വോണും നാല്  പട്ടാളക്കാർക്കും ഒരു ശിപായിക്കും മുറിവേൽക്കുകയും ഒരു പട്ടാളക്കാരൻ മരണപ്പെടുകയും ചെയ്തു. മേജർ രക്ഷപ്പെട്ടെങ്കിലും സാരമായി മുറിവേറ്റു. മാപ്പിളമാരെ ജീവനോടെ പിടിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം എന്നാൽ ശക്തമായ പോരാട്ടത്തിൽ അത്  സാധ്യമായിരുന്നില്ല.മാപ്പിളമാർ അവരുടെ  കൈയിലുള്ള  ആയുധങ്ങളുമായി ശക്തമായ ആക്രമണം നടത്തിയെങ്കിലും  ബ്രിട്ടീഷുകാരുടെ കൈയിലുണ്ടായിരുന്ന തോക്കുകൾക്ക്  മുന്നിൽ ഒന്നുമല്ലാതായി.
1887ൽ പ്രസിദ്ധീകരിച്ച വില്യം ലോഗൻന്റെ മലബാർ  മാനുവലിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ മൃതദേഹങ്ങൾ പെരിന്തൽമണ്ണ താലൂക്ക് കച്ചേരിക്ക് സമീപമുള്ള ഒരു കിണറിൽ കൊണ്ടിടുകയായിരുന്നെന്ന് പറയുന്നുണ്ട്.
മഞ്ചേരിയിൽ നടന്ന ഈ   ചരിത്ര സംഭവം  വീണ്ടും W .H ALLEN &COMPANY   History of India and Queen Victoria – 1936 മുതൽ 1880  CAPTAIN LIONEL J TROTTER എഴുതിയ ഒന്നാം വാള്യത്തിൽ  INDIA UNDER LORD DALHOUSIE ((1849 -1852) യെന്ന തലക്കെ ട്ടിൽ  251 പേരിലും വിവരിക്കുന്നുണ്ട്.1904ൽ ബ്രിട്ടീഷ് ആർമി ഓഫീസർ ആയിട്ടുള്ള ഹോളണ്ട് പ്രസിദ്ധീകരിച്ച മാപ്പിളാസ് ഓർ മോപ്പിളാസ് എന്ന പുസ്തകത്തിലും മഞ്ചേരി കാർഷിക പോരാട്ടത്തെ പറ്റി വിവരിക്കുന്നുണ്ട്. (പേജ് 11 -12). കൂടാതെ ബ്രിട്ടീഷ് പത്രമായ വാട്ടർഫോർഡ് മെയിൽ നവംബർ 7 ആം തിയതി 1849 (പേജ് 4)  ഈ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ രേഖകളും എന്റെ  അനേഷണത്തിൽ  കണ്ടെത്താനായിട്ടുണ്ട്

 

ബ്രിട്ടീഷുകാർക്കെതിരെയുള്ള മഞ്ചേരി മാപ്പിളമാരുടെ പോരാട്ട ചരിത്രം പ്രസക്തമായതുകൊണ്ടും അവർക്കുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്തും ഈ പോരാട്ടത്തെ ചെറുതായി കാണാൻ കൊളോണിയൽ ബുദ്ധിജീവികൾ  ശ്രമിച്ചില്ല എന്ന് വേണം കരുതാൻ.

ബ്രിട്ടീഷുകാരുമായി ഇങ്ങനെ ഒരു പോരാട്ടം മാപ്പിളമാർ  നടത്തിയതിന്റെ പ്രധാനമായ കാരണം മുൻപ് സൂചിപ്പിച്ചപോലെ  കാർഷിക അവകാശ നിഷേധങ്ങളാണ് .1792 ൽ  ബ്രിട്ടീഷുകാർ ടിപ്പുവിൽ നിന്ന് അധികാരം പിടിച്ചെടുത്തതിന്  പിന്നാലെ മലബാർ പ്രദേശങ്ങളിൽ മുസ്ലിങ്ങളായ കർഷകർക്ക് കാർഷിക അവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമായി.മുമ്പ് ടിപ്പുവിൻറെ കാലത്ത് വന്ന ഭൂപരിഷ്കരണ നിയമങ്ങൾ മുസ്ലിങ്ങൾക്കും കീഴാളൻ മാർക്കും ഉപകാരപ്രദമായിരുന്നു അതിൻറെ നേർ വിപരീതമായിരുന്നു ബ്രിട്ടീഷുകാരും ജന്മിമാരും അധികാരത്തിന്റെ ഹുങ്കിൽ പ്രത്യേകിച്ച് മലബാർ പ്രദേശമായ ഏറനാട്ടിലും വള്ളുവനാട്ടിലും ചെയ്തു കൂട്ടിയത് .

ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ  കാർഷിക ഇടനിലക്കാരായ ജന്മിമാർക്ക് സ്വാധീനം വളർന്നതോടെ മാപ്പിള കർഷകർക്കെതിരെ  അവർ തിരിഞ്ഞു. ഇതോടെ ജന്മിമാർക്കെതിരെ മാപ്പിളമാർക്ക് പോരാടേണ്ടി വന്നു. ബ്രിട്ടീഷ് പട്ടാളവും സിവിൽ പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാപ്പിള  കീഴാളവർഗങ്ങൾക്ക് നേരെ  പിടി മുറുക്കി യപ്പോൾ അതിനെതിരെ ചെറുത്തുനിൽപ്പും മാപ്പിളമാരുടെ ഭാഗത്തു നിന്നുണ്ടായി. തുടക്കത്തിൽ സൂചിപ്പിച്ചപോലെ 1836ലും 1841ലും  മാപ്പിളമാരും  ജന്മിമാരും തമ്മിൽ കാർഷിക പോരാട്ടം തന്നെയുണ്ടായി.

മഞ്ചേരിയിൽ 1849 ൽ നടന്നത്  കാർഷിക അവകാശത്തിന് വേണ്ടി മാപ്പിളമാർ  ബ്രിട്ടീഷ് പട്ടാളത്തോട്  നേർക്ക് നേരെ നടന്ന പോരാട്ടമായിരുന്നു ഈ പോരാട്ടത്തിൽ പൊരുതിവീണ 45ൽ പരം  ആളുകൾ വെറും 24 വയസിന് താഴെയുള്ളവരായിരുന്നു എന്നത് ചരിത്രകാരന്മാർ രേഖപെടുത്തിയിട്ടുണ്ട്. 1851 , 2 ഡിസംബറിലെ  മദ്രാസ് ജുഡീഷ്യൽ പ്രൊസീഡിങ്സ് വാള്യം 1ൽ ഈ സംഭവുമായുള്ള കോടതി നടപടികളും കാണാം.യഥാർത്ഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജന്മിത്വത്തിനെതിരെയും നടന്നിട്ടുള്ള മാപ്പിളമാരുടെ ഐതിഹാസികമായ ചെറുത്ത്നില്പുതന്നെയായിരുന്നു മഞ്ചേരിയിലുണ്ടായതെന്ന് രേഖകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

 Email: nawasaru567@gmail.com

( മഞ്ചേരി ചെറുകുളം സ്വദേശിയായ ലേഖകൻ  കോട്ടക്കലിലെ ദി ബി സ്കൂൾ ഇന്റർനാഷണലിലെ മാനേജ്‍മെന്റ് വിഭാഗം ലക്ച്ചർ കൂടിയാണ്)

Advertisement