എൻ.പി മുനീർ

മഞ്ചേരി നഗരമധ്യത്തിൽ കപ്പ കച്ചവടം നടത്തുന്ന ഒരു കൃഷ്ണനുണ്ട്.പഴയ ബസ്റ്റാന്റ് കെട്ടിടത്തിന്റെ ചെറിയ ഒരു മുറിയിലാണ് കൃഷ്ണന്റെ കപ്പകച്ചവടം.ഒരാൾക്ക് മാത്രം
നിൽക്കാൻ പറ്റുന്ന കൊച്ചു പീടികയിൽ രാവിലെ മുതൽ വൈകുന്നേരം വരെ കപ്പയും വിറ്റിരിക്കും കൃഷ്ണൻ.കച്ചവടത്തിനൊരു പ്രത്യേകതയുണ്ട്.നാടൻ കപ്പ മാത്രമേ വിൽക്കുകയുള്ളൂ.മഞ്ചേരിയുടെ പരിസരത്തുള്ള ഗ്രാമ പ്രദേശങ്ങളിൽ നിന്ന് കർഷകർ വിളവെടുക്കുന്ന കപ്പയാണ് വിപണനം നടത്തുന്നത്.സീസൺ മാറുന്നതനുസരിച്ച് കപ്പക്ക് പുറമേ മാങ്ങ,മാങ്ങ  ഇഞ്ചി,ചക്ക, ഇടിച്ചക്ക,മധുരക്കിഴങ്ങ്, ഇണ്ണിത്തണ്ട്,കറുമൂസ,മുള്ളൻ ചക്ക എല്ലാം ഇവിടെ വിൽപ്പനക്ക് വെക്കും.എല്ലം തനി നാടൻ.മുള്ളമ്പാറ,വെള്ളില,വേട്ടേക്കോട് ഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് കൂടുതലും കാർഷിക വിളകൾ എത്തിച്ച് കൊടുക്കുന്നത്.കഴിഞ്ഞ വർഷം നല്ല തേൻ വരിക്ക ചക്കയൊക്കെ ഇഷ്ടം പോലെ വിൽക്കാനുണ്ടായിരുന്നു.കോമാങ്ങ പോലുള്ള നാടൻ മാങ്ങകളും യഥേഷ്ടം വിറ്റ് പോയിട്ടുണ്ട്. “തമിഴ് നാട് നിന്ന് കൊണ്ട് വരുന്നതൊന്നും എടുക്കൂല്ല.നാടൻ മാത്രം..നാടൻ വന്നാൽ വേഗം വിറ്റ് പോകും..ഇപ്പോൾ ഇടിച്ചക്കയൊക്കെ വിൽക്കുന്നുണ്ട്.പഴുത്ത് തുടങ്ങുന്ന കാലമായാൽ ചക്കക്കും മാങ്ങക്കുമൊക്കെ ഇവിടെ മുൻകൂർ ബുക്കിംഗാ..പന്തല്ലൂർ മലയുടെ മുകളിൽ നിന്നും നറുകര വില്ലേജിന്റെ ഭാഗത്ത് നിന്നുമൊക്കെ ഞാൻ തന്നെ പോയി എവിടെയും കിട്ടാത്ത നാടൻ പഴങ്ങളൊക്കെ കൊണ്ട് വരാറുണ്ട്.മരുന്നടിക്കാത്ത പഴങ്ങള് കിട്ടിയാൽ കൊണ്ട് പോകാൻ ഇഷ്ടം പോലെ ആളുകളുണ്ടിവിടെ.നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ ഉണ്ടാകുന്ന സാധനങ്ങൾ ചന്തയിൽ പോയാൽ വാങ്ങാൻ കിട്ടില്ലല്ലോ.അതോണ്ട് എന്റെ കപ്പക്കും മാങ്ങക്കുമൊക്കെ എന്നും ഡിമാന്റാണ്..” കൃഷ്ണൻ കച്ചവടത്തിൽ കാണിക്കുന്ന സൂക്ഷ്മത കൊണ്ട് അത് കണ്ടറിഞ്ഞ് വാങ്ങാൻ വരുന്നവരാണധികവും.സ്ഥിരമായി കടയിൽ കാണുന്നത് കപ്പയാണ്.കപ്പയും മീനുമൊക്കെ വിൽക്കുന്ന കഞ്ഞി ടീസ്റ്റാളുകളും കല്ല്യാണങ്ങൾക്ക് കപ്പ വേണ്ടവരുമൊക്കെ കൃഷ്ണന്റടുത്ത് എത്താറുണ്ട്.കൃഷ്ണൻ കപ്പ കച്ചവടം തുടങ്ങിയിട്ട് രണ്ട് വർഷമായിട്ടേ ഉള്ളൂ..അതിന് മുൻപ് കൽപ്പണിയായിരുന്നു.വിധിയുടെ വിളയാട്ടത്തിൽ കൃഷ്ണന് ഒരപകടം നേരിടേണ്ടി വന്നു.ഒരു വീട് പണി ചെയ്യുന്നതിനിടെ കാൽ തെറ്റി കിണറ്റിൽ വീണു.കിണറ്റിനടിയിലുണ്ടായിരുന്ന പാറയിലേക്കാണ് വീണത്.ഇടത് കാലും ഇടത് കയ്യും പൊട്ടി കിടപ്പിലായി.അതിന് ശേഷം ഭാരമുള്ള പണിയൊന്നും ചെയ്യാൻ കഴിയാതെ വന്നു.അങ്ങിനെയാണ് കപ്പക്കച്ചവടത്തിലേക്ക് തിരിയുന്നത്.രാവിലെ 8 മണിക്ക് കട തുറക്കും.കപ്പ തീരും വരെയാണ് കച്ചവടം.മുള്ളമ്പാറ സ്വദേശിയായ കൃഷ്ണനും ഭാര്യ സുമതിക്കും ആറ് കുട്ടികളാണ്.നാലു പെൺകുട്ടികളും രണ്ട് ആണ് കുട്ടികളും.

കാലങ്ങളായി മഞ്ചേരി നഗരം നാടൻ കച്ചവടക്കാർക്ക് നൽകുന്ന പരിഗണന കൊണ്ടാണ് കൃഷ്ണനും ഈ കാലത്ത് പിടിച്ച് നിൽക്കാൻ കഴിയുന്നത്.എന്നാൽ പഴയ ബസ്റ്റ്സ്റ്റാന്റ് കെട്ടിടം പൊളിക്കാനായതോടെ കൃഷ്ണനും അങ്കലാപ്പിലാണ് .സാധാരണക്കാർ തേടി വരുന്ന സാധനങ്ങൾ ചെറിയ വിലയിൽ തന്നെ കൊടുക്കാൻ കഴിയണമെങ്കിൽ വാടക കുറഞ്ഞ തിരക്കുള്ള സ്ഥലം തന്നെ വേണം.മഞ്ചേരിയുടെ ഗതകാല സ്മരണകളുറങ്ങുന്ന പഴയ ബസ്റ്റാന്റ് ആധുനിക വൽക്കരണത്തിലേക്ക് വഴിമാറിക്കൊടുക്കുമ്പോൾ കൃഷ്ണനോടൊപ്പം പടിയിറങ്ങേണ്ടി വരുന്ന ഒരു പാട് സാധാരണക്കാറുണ്ട്.കൃഷ്ണന് മറ്റ് ജോലികൾ ഏടുക്കാൻ പ്രയാസങ്ങളുള്ളത് കൊണ്ടും നാടൻ കച്ചവടത്തിൽ ആവേശം കണ്ടെത്തിയത് കൊണ്ടും മഞ്ചേരിയെ വിട്ട് പോകാനും കഴിയില്ല.“ഇവിടം വിട്ടെവിടെ പോകാനാ..ആളുകളെന്നെ തേടി വരുന്നുണ്ട്..കട പൊളിച്ചാലും ഇവിടൊക്കെത്തന്നെ ഞാനുണ്ടാവും..വീട്ട് വളപ്പില് നട്ടുണ്ടാക്കുന്ന സാധനങ്ങൾ നാട്ടാര് കൊണ്ടോണങ്കില് എന്നെപ്പോലൊരാള് വേണ്ടേ..മാത്രല്ല..നാട്ടാർക്ക് നല്ലത് കൊടുക്കാൻ പറ്റ്ണതിന്റെ
സന്തോഷം ഒന്ന് വേറെയാ..” കൃഷ്ണന് കെട്ടിടം പൊളിക്കുന്നതിന്റെ വിഷമമുണ്ടെങ്കിലും കപ്പകച്ചവടം നിർത്താൻ ഉദ്ധേശിക്കുന്നില്ല. കാലത്തിന്റെ കുതിപ്പിന് നഗരം വഴിമാറുമ്പോഴൂം നാടിന്റെ നന്മകൾ നില നിർത്താൻ കൃഷ്ണനെപ്പോലുള്ളവർ ഇവിടെ വേണം.പഴമയും പുതുമയും ഒന്ന് ചേർന്ന് പോകുന്ന മഞ്ചേരി നഗരവും കൊതിക്കുന്നതതിനാണ്.