മഞ്ചേരി കൃഷ്ണഹോട്ടലില്‍ പോയവരാരും രാമേട്ടനെ മറക്കാനിടയില്ല. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന രാമേട്ടന്‍ മഞ്ചേരിക്കാര്‍ക്കെല്ലാം അത്രത്തോളം സുപരിചിതനാണ്. പ്രായം എഴുപത്തൊമ്പത് കടന്നെങ്കിലും ഇന്നും ചെറുപ്പക്കാരെ തോല്‍പിക്കുന്ന എനര്‍ജിയാണ് രാമേട്ടന്. ഒരു സപ്ലെയര്‍ എന്ന നിലയ്ക്ക് ഹോട്ടലില്‍ വരുന്നവരെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച് ഓര്‍ഡറുകളെടുത്ത് ചടുലതയോടെ
കാര്യങ്ങള്‍നീക്കുന്ന രാമേട്ടന്റെ പെരുമാറ്റംകൊണ്ടുമാത്രം ഹോട്ടലില്‍ സ്ഥിരം കസ്റ്റമറായവരുണ്ട്. മഞ്ചേരിക്കാരുടെ ഹൃദയത്തില്‍ ഇടംപിടിച്ച രാമേട്ടന്റെ സ്വദേശം പാലക്കാടാണ്.
പാലക്കാട് കാവശ്ശേരിയിലെ രാമന്‍കുട്ടി മഞ്ചേരിക്കാരുടെ രാമേട്ടന്‍ ആയതിനുപിന്നില്‍ കഥകളൊരുപാടുണ്ട്. നാടായ നാടുമുഴുവന്‍ ചുറ്റി അവസാനം യാത്രക്ക് ഫുള്‍സ്റ്റോപ്പിട്ടത് മഞ്ചേരിയിലാണ്. 14 വര്‍ഷത്തോളമായി മഞ്ചേരിയില്‍ സ്ഥിരമായി നില്‍ക്കുന്നതിന്റെ കാരണം ഇവിടുത്തെ ആളുകളൊടുള്ള അടുപ്പവും സന്തോഷകരമായ ജീവിതവുമാണെന്ന് രാമേട്ടന്‍ പറയുന്നു. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി അച്ഛനോടൊപ്പം ചായക്കട നടത്തുന്നതിനിടയില്‍ ബോംബേയിലേക്ക് നാടുവിട്ടായിരുന്നു പലായനത്തിന്റെ തുടക്കം. പന്ത്രണ്ട് വയസ്സായിരുന്നു അന്ന്. 25 വര്‍ഷത്തോളം ബോംബേയില്‍ തന്നെ തുണിക്കടയില്‍ ജോലി ചെയ്തു. അതിനിടക്ക് ഫ്‌ളൈറ്റ് വര്‍ക്ക് ഷോപ്പില്‍ ടൂള്‍ സപ്ലൈയറായി ജോലിക്കുകയറി. വര്‍ക്ക്‌ഷോപ്പിലെ ഉദ്യോഗസ്ഥനോടുള്ള സുഹൃദ്ബന്ധം കൊണ്ട് കലിംഗ എയര്‍ലൈന്‍സിലെ ജോലിക്കാരനായി മാറി. ആറുവര്‍ഷത്തെ സേവനത്തിനുശേഷം രാമേട്ടന്‍ അടുത്ത തട്ടകം തേടിയിറങ്ങി. മൂന്നുകൊല്ലം ബാംഗ്ലൂരിലും മൂന്നുകൊല്ലം ചെന്നൈയിലും ജീവിച്ച രാമേട്ടന്‍ പാലക്കാട് തുണിക്കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഹോട്ടലില്‍ പാചകക്കാരനായ ഒരു സുഹൃത്തിന്റെ കൂടെ മഞ്ചേരിയിലെത്തുന്നത്. പാണ്ടിക്കാട് റോഡിലുണ്ടായിരുന്ന വസന്ത് ഭവന്‍ ഹോട്ടലിലായിരുന്നു മൂന്നുവര്‍ഷം. കൃഷ്ണ ഹോട്ടലില്‍ കയറിയതുമുതല്‍ സംതൃപതനാണ് രാമേട്ടന്‍. ഹോട്ടലിന്റെ മുതലാളിമാരും നാട്ടുകാരുമൊക്കെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്നതില്‍ സന്തോഷവാനാണ്. മഞ്ചേരി നല്ല സ്ഥലമാണെന്നും എത്ര കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമോ അത്രകാലം ഇവിടെയുണ്ടാകുമെന്നും രാമേട്ടന്‍ പറയുന്നു. ഭാര്യ പാലക്കാടായതുകൊണ്ട് മാസത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്ന രാമേട്ടന്റെ സഹോദരങ്ങളൊക്കെ ബോംബേയിലും അമേരിക്കയിലും കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയാണ്. ഉത്സവനാളുകളില്‍ എല്ലാവരും പാലക്കാട് ഒരുമിച്ചുകൂടാറുണ്ട്. ഹോട്ടലില്‍ രാവിലെ ഏഴുമണി മുതല്‍ രാത്രി എട്ടരവരെ നിരന്തരമായി ഓടിനടക്കുന്നതുകൊണ്ടുതന്നെ പ്രായാധിക്യംകൊണ്ടുള്ള ക്ഷീണമൊന്നും രാമേട്ടനെ ബാധിച്ചിട്ടില്ല. ഈ ഓട്ടം തന്നെയാണ് തന്റെ വ്യായാമമെന്നാണ് രാമേട്ടന്റെ പക്ഷം