തന്റെ പത്താമത്തെ വയസ്സില്‍ വാപ്പാനെ സഹായിക്കാന്‍ ചായപ്പീട്യയില്‍ എത്തിയതാണ് അലവി എന്ന കുട്ടി. ഇന്ന് അറുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുശേഷവും അതേ പുഞ്ചിരിയോടെ പുട്ടും പപ്പടവും തുറക്കലില്‍ നാലാമത്തെയും അഞ്ചാമത്തെയും തലമുറകളെയും തീറ്റിച്ചുകൊണ്ട് നമ്മുടെ സ്വന്തം അലവ്യാക്ക.
അലവ്യാക്കാന്റെ ചെമ്പുതൂക്കില്‍ മുളംകുറ്റിവെച്ച് വിറകടുപ്പില്‍ ഉണ്ടാക്കുന്ന പുട്ടിന്റെ രുചിയറിയാത്തവര്‍ തുറക്കലില്‍ ഇല്ല. മായമോ കലര്‍പ്പോ ഇല്ലാത്ത പുട്ടിന്റെ രുചിയില്‍ ഒരു കുറവും വരുത്തിയിട്ടില്ല. രാവിലെ ബൈപ്പാസില്‍ നടത്തം കഴിഞ്ഞുവരുന്നവര്‍ക്കും തൊറക്കലെ പള്ളിയില്‍ സുബഹി കഴിഞ്ഞിറങ്ങുന്നവര്‍ക്കും ഒരു കഷ്ണം പുട്ട് പപ്പടം കൂട്ടി കഴിച്ചാലെ തൃപ്തിയാവുകയുളളു. അത് നാട്ടുകാര്‍ക്കും പുറം നാട്ടുകാര്‍ക്കും അങ്ങനെതന്നെ. കുറച്ചുകഴിഞ്ഞ് മണ്‍കുടുക്കയില്‍ നല്ല മല്ലി ഫ്‌ളേവറിലുള്ള ബീഫും കൂടി വെന്താല്‍ പിന്നെ നോക്കണ്ട…!
1930 കളിലാണ് അലവ്യാക്കാന്റെ മൂത്താപ്പ ഹസ്സന്‍ക്കാക്ക ചായപ്പീട്യ തുടങ്ങിയത്. പിന്നീട് മൂപ്പര് പലചരക്കുകച്ചവടം തുടങ്ങിയപ്പോള്‍ വാപ്പ ബാപ്പുട്ടി എന്ന മുഹമ്മദ്കാക്ക കട ഏറ്റെടുത്തു. പിന്നെയും ഒരു പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 1956 ലാണ് ചായക്കടയിലേക്ക്  പുളകുന്നന്‍ അലവി എന്ന നമ്മുടെ അലവ്യാക്ക വരുന്നത്.
അക്കാലത്ത് ഇന്ന് സഫാ ടവര്‍ ബില്‍ഡിംഗ് നില്‍ക്കുന്ന സ്ഥലത്തുണ്ടായിരുന്ന കോര്‍മത്ത് കോയക്കുട്ടിക്കാക്കാന്റെയും (ഗദ്ധാഫിന്റെ വല്ല്യാപ്പ) ആലിക്കുട്ടിക്കാക്കാന്റെയും ഓടിട്ട കെട്ടിടത്തിലായിരുന്നു  ഈ ചായപ്പീട്യ ഉണ്ടായിരുന്നത്. വാടക ഒരുകെട്ട് ബീഡി. അന്ന് കാളവണ്ടിയും പോത്തുവണ്ടിയുമായിരുന്നു റോഡിലെ താരങ്ങള്‍. പിന്നെയും അഞ്ചാറുകൊല്ലം കഴിഞ്ഞാണ് അനുജന്‍ എസി പീട്യേലെത്തുന്നത്. ഇന്നത്തെ പുതുതലമുറക്ക് ഇന്നത് എസ്യാക്കാന്റെ ചായപ്പീട്യേണ്. കഴിഞ്ഞ കുറച്ചുവര്‍ഷമായിട്ട് അസുഖങ്ങള്‍ കാരണം എസ്സ്യാക്ക പീട്യേല് വരലില്ല. തിരക്കുകുറഞ്ഞ റോഡിലായിരുന്നു അന്നത്തെ പന്തുകളി. അന്നത്തെ മറഡോണ കാക്കേങ്ങല്‍ ഹംസക്കാക്ക. ചായക്കുവില ഒരണ…!
പുലര്‍ച്ച കോഴികോട്ട്ന്ന് പേപ്പര്‍ വണ്ടിവരും അപ്പോ ഓല്‍ക്ക് നല്ല ആവി പറക്കണ ചായകൊടുക്കാന്‍ അന്ന് എളാപ്പ അബൂബക്കര്‍ക്കാക്ക (അലവി കുഞ്ഞാന്റെ വാപ്പ) റെഡിയായിരിക്കും. അന്നൊക്കെ തേങ്ങ ചിരണ്ടാനായി പാമ്പാടി മുഹമദ് (സുലൈക്കാക്കാന്റെ കാരണോല്‍) താച്ചറതൊടി മയമാക്ക (പോര്‍ട്ടര്‍ ഖാലിദിന്റെ വാപ്പ), ഓട്ടുപാറക്കല്‍ കുഞ്ഞയ്മാക്ക അങ്ങനെ കുറേ ആളുകള്‍. കൂലി ചായയും പുട്ടും.
അന്ന് റമദാനില്‍ നോമ്പുതൊറന്നതിനുശേഷം തറവീഹ് കഴിയുന്നതുവരെ ചായപ്പീട്യയുണ്ടാവും. പിന്നെ പെരുന്നാള്‍ക്ക് അന്ന് ഇന്നത്തെപ്പോലെ ഇഷാ ആവുമ്പോഴേക്കും പെരുന്നാള്‍ തീരുമാനമാവുന്ന പരിപാടിയില്ല. ഏറേ വൈകിയാണ് പെരുന്നാളും നോമ്പുമെല്ലാം ഉറപ്പിക്കുക. ചിലപ്പോള്‍ നേരം വെളുത്തിട്ട്. തെഞ്ചീരീലെ അലവിക്കാക്ക പറയുന്നതുകേട്ട്ക്ക്ണ് രാവിലെ 10 മണിക്ക് പെരുന്നാള്‍ ഉറപ്പിച്ച കഥ. അതുകൊണ്ട് അന്നത്തെ പെരുന്നാള്‍ നിസ്‌കാരം പത്തുമണിക്കായിരുന്നു. അന്നും ചായക്കച്ചവടത്തിന് കുറവില്ലാ എന്നര്‍ത്ഥം. തൊട്ടുമുന്നില്‍ താമസിച്ചിരുന്ന തായത്തീല്‍ കുട്ട്യാക്ക പറയുന്നു ”എന്റെ വീട് അതിന്റെ മുന്നില്‍തന്നെ ആയതുകൊണ്ട് എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വിരുന്നുകാര്‍വന്നാല്‍ എസിക്കാന്റെ ചായപ്പീട്യേപ്പോയി പാല് പാര്‍ന്ന ചായയും കടിയും കൊണ്ടരിച്ചും. എന്നിട്ട് വിരുന്നുകാര്‍ക്ക് കൊടുക്കും. ഇന്നത്തെപ്പോലെ എല്ലാ വീട്ടിലും പാലും ബേക്കറി സാധനങ്ങളൊന്നും അന്നുണ്ടാവില്ല. ചൂടുള്ള നെയ്യപ്പം വല്ലാത്ത ഒരു രസംതന്നെയായിരുന്നു.”
മില്‍മയും മറ്റു കമ്പനി പാലുകളുമില്ലാത്ത കാലത്ത് പൈക്കളെ വളര്‍ത്തി കറന്നുകൊണ്ടുവരുന്ന പാട്ടപ്പാലായിരുന്നു ആശ്രയം. അപ്പക്കൂട്ടിലെ മോയിന്‍ക്കാക്കാന്റെ ബെന്നും ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് 80 കളും 90 കളും ആയപ്പോള്‍ ചേനക്കണ്ടം എന്ന് ഞങ്ങള്‍ കുട്ടികള്‍ പറഞ്ഞിരുന്ന സല്‍വാമണ്ടയും ആറ്റിത്തണുപ്പിച്ച വെള്ളച്ചായുമായിരുന്നു ഞങ്ങള്‍ കുട്ട്യോള്‍ക്ക് ഇഷ്ടം. ചെറുപ്പത്തില്‍ സുബഹിക്കുവന്നതിന് സമ്മാനമായി വെള്ളച്ചായ വാങ്ങിത്തന്ന ഇണ്ണിതെറി അബൂബക്കര്‍ക്കാക്കാനെ ഓര്‍മ്മവരുന്നു. കോര്‍മത്ത് കോയക്കുട്ടിക്കാക്ക പിന്നീട് കെട്ടിടം കുട്ടി ഓഫീസര്‍ക്ക് വിറ്റു. പിന്നെയും കുറേ കാലങ്ങള്‍ക്കുശേഷം ജീര്‍ണ്ണിച്ച കെട്ടിടം പൊളിച്ചപ്പോള്‍ തൊട്ടടുത്തുള്ള, ഇപ്പോള്‍ ചായപ്പീട്യ നില്‍ക്കുന്ന ബില്‍ഡിംഗിലേക്ക് മാറ്റി. പഴയ പീട്യേല്‍ പറ്റ് ഓവറായാല്‍ പുറകിലൂടെ ഇറങ്ങിപ്പോവാന്‍ വഴിയുണ്ടായിരുന്നു.
പിന്നെ പെട്ടിപ്പാട്ടും കുറിക്കല്യാണവുമൊക്കെവെയ്ക്കും, പറ്റ് കിട്ടാന്‍… ആ പൈസകൂടി പോവുമെന്നല്ലാതെ പറ്റ് കിട്ടൂല. ഇന്ന് ആരും കടം പറയാറില്ല. അതുപോലെ അന്ന് പഞ്ചാരയിടാത്ത ചായ മേച്ചേരി അത്തുണ്ണിക്കാക്ക മാത്രമാണ് കുടിച്ചിരുന്നത്. ഇന്ന് കൂടുതല്‍ ആളുകള്‍ക്കും വിത്തൗട്ട് മതി. അതൊക്കെയാണ് കാലങ്ങള്‍ തമ്മിലുള്ള മാറ്റം. പഴയ കഥകള്‍ പറഞ്ഞ് അലവിക്കാക്ക ചിരിക്കുന്നു. അറുപതുകൊല്ലം പഴക്കമുള്ള ചിരി…

നിംഷാദ്.പി