വെല്ലുവിളികളെ ദൈവം നമുക്കുനല്‍കുന്നത് നമ്മെ കൂടുതല്‍ കരുത്തരാക്കുവാനാണ്. പ്രതിസന്ധികള്‍ക്കുമുന്നില്‍ തളരുകയാണെങ്കില്‍ ചുറ്റിലും ഒന്നുനോക്കുക. തന്നെക്കാള്‍ കഷ്ടപ്പെടുന്നവരിലേക്കുനോക്കുമ്പോള്‍ മാത്രമാണ് താന്‍ അനുഭവിക്കുന്ന എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെക്കുറിച്ച് ബോദ്ധ്യം വരിക. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ നിന്ന് കഠിനാദ്ധ്വാനം മൂലം ലോകത്തിന്റെ നെറുകയിലെത്തിയവര്‍ അനേകം. അത്തരം ഒരാളെ പരിചയപ്പെടാം. നിക്ക് വുജിസിക്. ഇതാണ് അദ്ദേഹത്തിന്റെ പേര്. 1982 ഡിസംബര്‍ 4ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലായിരുന്നു നിക്കിന്റെ ജനനം. അദ്ദേഹത്തിന് ജന്‍മനാ രണ്ടുകൈകളും ഉണ്ടായിരുന്നില്ല. ‘ഫോക്ക്മീലിയ’ എന്ന അപൂര്‍വ്വമായ രോഗാവസ്ഥയായിരുന്നു കാരണം. ബാല്യത്തിലേ മാനസികമായും ശാരീരികമായും നിക്ക് വല്ലാതെ തളര്‍ന്നു. ആത്മഹത്യയെക്കുറിച്ചുപോലും ചില അവസരങ്ങളില്‍ നിക്ക് ചിന്തിച്ചു. പതിനേഴാം വയസ്സില്‍ അമ്മ അവനെ കാണിച്ച ഒരു ന്യൂസ് പേപ്പറിലെ വാര്‍ത്തയാണ് നിക്കിന്റെ ജീവിതം മാറ്റിമറിച്ചത്. വൈകല്യങ്ങളോട് പൊരുതിജയിച്ച ഒരു യുവാവിനെക്കുറിച്ചായിരുന്നു ആ ലേഖനം. ഇതോടെ താന്‍ ഒറ്റയ്ക്കല്ലെന്നും തന്നെക്കാളേറെ വെല്ലുവിളികള്‍ നേരിടുന്നവരുണ്ടെന്നും നിക്കിന് ബോദ്ധ്യപ്പെട്ടു. പരിസരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനേഴാം വയസ്സില്‍ തന്നെ മോട്ടിവേഷന്‍ ക്ലാസുകള്‍ നയിച്ചുതുടങ്ങി. ശാരീരിക പരിമിതികള്‍ ജീവിതത്തില്‍ ഒറ്റപ്പെടാനുള്ള കാരണമല്ലെന്നും മനക്കരുത്തുകൊണ്ട് നേടാനാവാത്തതായി ഒന്നുമില്ലെന്നും നിക്ക് വുജിസിക് തിരിച്ചറിഞ്ഞു. ലോകമറിയുന്ന ഒരു മോട്ടിവേഷന്‍ സ്പീക്കറാണ് ഇന്നദ്ദേഹം. നിക്കിന് ഇപ്പോള്‍ സുന്ദരമായി നടക്കാം, നീന്താം, കളിക്കാം, സംഗീതോപകരണങ്ങള്‍ വായിക്കാം. ചില ഹോളിവുഡ് സിനിമകളിലും നിക്ക് അഭിനയിച്ചിട്ടുണ്ട്. ഒന്നെണീറ്റുന ില്‍ക്കാന്‍ പോലും സാധിക്കാതിരുന്ന നിക്ക്, പെട്ടൊന്നൊരുദിനം അദ്ഭുതമനുഷ്യന്‍ ആയിത്തീര്‍ന്നതല്ല. എണീറ്റുനല്‍ക്കാന്‍ പഠിക്കുന്നതിനിടെ നിക്ക് പലതവണവീണു. ഓരോതവണ വീണപ്പോഴും നിക്ക് തന്നോടുതന്നെ പറഞ്ഞു ”എണീറ്റുനില്‍ക്കാനുള്ള എന്റെ ശ്രമം നൂറുതവണ പരാജയപ്പെട്ടാലും ശരി, തോല്‍വി സമ്മതിച്ച് ഞാന്‍ പിന്‍വാങ്ങിയാല്‍ ഒരിക്കലുമെനിക്ക് നില്‍ക്കാനാവില്ലല്ലോ.”
നിങ്ങള്‍ വിജയിക്കുന്നതുവരെ പരാജയം സമ്മതിക്കാതിരിക്കൂ. നിങ്ങള്‍ക്കുമാത്രമേ നിങ്ങളെ ജീവിതത്തില്‍ പരാജയപ്പെടുത്താനാകൂ, നിങ്ങള്‍ക്കു മാത്രം. മനസ്സുകൊണ്ട് പരാജയം സമ്മതിക്കുന്നതുവരെ തളര്‍ത്താന്‍ ഒരാള്‍ക്കുമാവില്ല, തീര്‍ച്ച. ഓരോ പരാജയവും വിജയത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജമേകണം. ഒരു കുത്തിന് ഒരു വാക്യം അവസാനിപ്പിക്കാനാകും. എന്നാല്‍ ഒന്നിലധികം കുത്തുകളോ, അവസാനമില്ലാത്തൊരു തുടര്‍ച്ചയെ കുറിക്കുന്നു.
Ever tried,
And Ever failed?
No problem.
Try again,
And
Fail again.
But…
Fail better.
ഒന്നുകൂടി ഓര്‍ക്കൂ, വിജയിക്കണമെന്നുള്ള കഠിനമായ ആഗ്രഹം മാത്രം പോര, വിജയകിരീടമണിയാന്‍.
പ്രശസ്ത ഇംഗ്ലീഷ് കവി എച്ച്.ഡബ്ല്യൂ. ലോംഗ്‌ഫെലോയുടെ വരികള്‍ നമുക്ക് വെളിച്ചമാവട്ടെ.
“Heights by great men reached and kept
were not allowed by a sudden flight.
But they were toiling in the night
when their companions slept.”
നിമിഷാര്‍ദ്ധങ്ങളില്‍ സംഭവിക്കുന്ന അദ്ഭുതങ്ങളല്ല, പകലിരവുകളിലെ കഠിനാദ്ധ്വാനം മാത്രമാണ് ജേതാക്കളുടെ വിജയരഹസ്യം.