മലപ്പുറം :  ദേശീയ പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധരും , മാ നേജ്‌മെന്റ് പഠന മേഖലയിലെ മുന്‍നിരക്കാരും  തെരഞ്ഞെടുത്ത ജനപ്രതിനിധികളും ചേര്‍ന്ന് സംഘടിപ്പിച്ച നഗര വികസന കോണ്‍ക്ലേവ് കോഴിക്കോട് ഐ ഐ എം ക്യാമ്പസില്‍ നടന്നു. മലപ്പുറം നഗരസഭക്ക് വേണ്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചത്.
ഗഹനമായ പഠനങ്ങളും വിശകലനങ്ങളും പൊതു ചര്‍ച്ചയും ഉള്‍പ്പെടെ നടത്തിയ കോണ്‍ക്ലേവ്  ഇത്തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന  രാജ്യത്തെ തന്നെ വേറിട്ട പരിപാടിയായിരുന്നു ഇത്. ഉയര്‍ന്ന വികസന കാഴ്ചപ്പാടുകളും അന്തര്‍ ദേശീയ മാതൃകകളും ചടങ്ങില്‍ പങ്കെടുത്തവര്‍ വിവരിച്ചു.  കോണ്‍ക്ലേവ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്  ഡീന്‍ അക്കാദമിക് അഫയേഴ്‌സ് ആന്റ് ഡവലപ്പ്‌മെന്റ് പ്രൊഫ. ആനന്ദക്കുട്ടിന്‍ ബി ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ഐ ഐ എം പ്രൊഫസര്‍മാരായ പ്രൊഫ. വെങ്കിട്ട രാമന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
പൊതു ഇടങ്ങളിലെ മാതൃകാ നിര്‍മ്മിതികള്‍ എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്സ്റ്റ് നാഷണല്‍ കൗണ്‍സിലര്‍ മെമ്പര്‍ ബ്രിജേശ് ഷൈജന്‍,  നഗര വികസന മേഖലക്കുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഐ സി ഐ സി ഐ -കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ശരത് ചന്ദ്രന്‍, നഗര വികസനം മാറുന്ന കാഴ്ചപ്പാടുകള്‍ എന്ന വിഷയം ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍, നഗര വികസനം ദേശാന്തര മാതൃകകള്‍ മുന്‍ കില ഡയറക്ടര്‍ പി പി ബാലന്‍, അടിസ്ഥാന സൗകര്യ വികസന മാതൃകകള്‍ ഡോ. സണ്ണി ജോര്‍ജ്ജ്, നഗരഭരണം  എന്ന വിഷയത്തില്‍ എം എസ് ഹരീഷ്, ഡോ. ജോസഫ് എന്നിവര്‍ ക്ലാസെടുത്തു.
നഗരസഭ ഭരണ സമിതി ചുമതല ഏറ്റതുമുതല്‍ നടത്തുന്ന നവീന കാഴ്ചപ്പാടുകളുള്ള പരിപാടികള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രൊഫഷണല്‍ സമീപനമള്ള ഇത്തരം പരിപാടികള്‍ മാതൃകയാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു

Advertisement