എന്‍.പി മുനീര്‍
സംഗീതലോകത്ത് തിളങ്ങുന്നൊരു താരമായ് അറിയപ്പെടണമെന്നാഗ്രഹിക്കുന്ന ഏതൊരു കുട്ടിക്കും കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരൂ. സംഗീതാദ്ധ്യപകന്റെ കീഴില്‍ പാട്ടുപഠിക്കുന്നതിനും നിരന്തരമായി പാട്ട് പരിശീലിക്കുന്നതിനുമൊക്കെ സംഗീതത്തെ സ്‌നേഹിക്കുന്ന ഒരാളെങ്കിലും വീട്ടിലുണ്ടാവണം. സഞ്ജനയെന്ന പാട്ടുകാരി ആ കാര്യത്തില്‍ ഭാഗ്യവതിയാണ്. അച്ഛന്‍ ഓടക്കുഴലില്‍ ഈണമിടുമ്പോള്‍ തബലയും വയലിനുമായി പശ്ചാത്തല സംഗീതമൊരുക്കാന്‍ രണ്ട് അനിയത്തിമാരും കൂട്ടിനുണ്ട്. വീട്ടിനുള്ളില്‍ത്തന്നെ വേണമെങ്കില്‍ ഒരു ഗാനമേള സംഘടിപ്പിക്കാനുള്ള ടീമുണ്ടെന്നര്‍ത്ഥം. കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ടുതന്നെ സഞ്ജന സ്‌കൂള്‍ കലോത്സവങ്ങളിലെ നിറസാന്നിധ്യവുമാണ്. മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സഞ്ജന സബ് ജില്ലാ കലോത്സവത്തില്‍ ലളിതാഗാനത്തില്‍ ഒന്നാംസമ്മാനം നേടിയതിലും പ്രത്യേകതയുണ്ട്. സ്‌കൂളിലെ ടീച്ചര്‍ ജലജാപ്രസാദ് എഴുതിയ വരികളായിരുന്നു മത്സരത്തില്‍ പാടിയത്. ജില്ലാ കലോത്സവത്തിലും സഞ്ജനക്ക് ലളിതഗാനത്തില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കര്‍ണാടക സംഗീതത്തോടൊപ്പം ഹിന്ദുസ്ഥാനിയും പഠിക്കുന്ന ബോയ്‌സ് സ്‌കൂളിലെ പാട്ടുകാരി ശ്രുതിമധുരമായ ആലാപനംകൊണ്ട് ആസ്വാദകരെ കയ്യിലെടുക്കാന്‍ മിടുക്കിയാണ്.

സംഗീത പഠനം : രണ്ടാം ക്ലാസ് മുതല്‍ കര്‍ണ്ണാടക സംഗീതം പഠിക്കുന്നുണ്ട്. വണ്ടൂര്‍ പ്രകാശിന്റെ കീഴിലായിരുന്നു ആദ്യകാലത്തെ പരിശീലനം. പിന്നീട് നിസാര്‍ തൊടുപുഴയായിരുന്നു ഗുരു. സഞ്ജനക്ക് ഏറ്റവുമധികം ഇഷ്ടവും നിസാര്‍മാഷിനെയാണ്. നിസാര്‍മാഷിന്റെ ഇഷ്ടശിഷ്യയായതുകൊണ്ടുതന്നെ ഇടയ്ക്ക് മറ്റുകുട്ടികളെ പരിശീലിപ്പിക്കാനും സഞ്ജനക്ക് അവസരം കിട്ടാറുണ്ട്. രണ്ടുവര്‍ഷമായി ഹിന്ദുസ്ഥാനിയും ഹാര്‍മോണിയവും പഠിക്കുന്നുണ്ട്. പടപ്പറമ്പിലുള്ള ഉസ്താദ് ഫാറൂഖ് അലി ചന്ദാണ് ഹിന്ദുസ്ഥാനിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. ഫയാസ്ഖാന്റെ ശിഷ്യയായ നിഖിതയാണ് ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്നത്.

റിയാലിറ്റി ഷോ: ദര്‍ശനചാനലിലെ കുട്ടിക്കുപ്പായത്തിലേക്കും റിപ്പോര്‍ട്ടര്‍ ചാനലിലെ ഇശല്‍മാലയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വണ്ടൂരിലുള്ള സഹ്യ ചാനലിന്റെ മൊഹബ്ബത്ത് എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലും സഞ്ജന പങ്കെടുത്തിരുന്നു.

ഇഷ്ടഗാനം : എസ്.ജാനകി പാടിയ ‘താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും…’എന്ന ഗാനത്തോടാണ് കൂടുതല്‍ ഇഷ്ടം. ഈ ഗാനം മനോഹരമായി സഞ്ജന പാടാറുമുണ്ട്. മലയാളിയല്ലാതിരുന്നിട്ടും മലയാളം പാട്ടുകള്‍ മനോഹരമായി ആലപിക്കുന്ന ഗായിക ശ്രേയാ ഘോഷാലാണ് ഇഷ്ടപ്പെട്ട പാട്ടുകാരി.

അനുഭവങ്ങള്‍ : സംഗീത സംവിധായകന്‍ കെ വി.അബൂട്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഗാനം ‘അയ്യൂബ് നബി കരഞ്ഞു…’ പാടാന്‍ കഴിഞ്ഞതും സദസ്സ് ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചതും വലിയൊരു അനുഭവമായിരുന്നു സഞ്ജനക്ക്. സംഗീതഗുരുവായ നിസാര്‍ തൊടുപുഴ ഒരു പ്രോഗ്രാമില്‍ പ്രത്യേകം പരിചയപ്പെടുത്തി പാടിപ്പിച്ചതും പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം കരുവാരക്കുണ്ട് പാട്ടിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതും സഞ്ജനക്ക് നല്ല പ്രോത്സാഹനമായിട്ടുണ്ട്.

നേട്ടങ്ങള്‍ : സാംസ്‌കാരിക പരിഷത്തിന്റെ സംഗീത പ്രതിഭാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൂങ്കുടില്‍മനയില്‍നടന്ന സംഗീതപരിപാടിയില്‍ സമ്മാനം നേടിയിട്ടുണ്ട്. മഞ്ചേരി ഗേള്‍സ് സ്‌കൂളില്‍നടന്ന സബ്ജില്ലാ കലോത്സവത്തില്‍ ലളിതഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. മേലാറ്റൂരില്‍ ജില്ലാ കലോത്സവത്തില്‍ ലളിതഗാനത്തിന് എ ഗ്രേഡ് ലഭിച്ചു.

കുടുംബം : ആനക്കയം ചെക്‌പോസ്റ്റില്‍ താമസിക്കുന്ന സതീഷിന്റേയും സജിതയുടേയും മകളാണ് സഞ്ജന. സതീഷ് മഞ്ചേരിയില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്യുന്നു. ശ്രീനന്ദ, സാന്ത്വന എന്നിവരാണ് സഞ്ജനയുടെ സഹോദരിമാര്‍.