ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട വാങ്ങി.ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ഇന്ന് ഉച്ചക്ക് 1.04നാണ് അന്ത്യം സംഭവിച്ചത്. 74 വയസായിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു.ഇതിനിടെ  കോവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ ​പ്രശ്നങ്ങൾ  അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും  മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം അദ്ദേ​ഹത്തിന്റെ ആരോ​ഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടില്‍ 4.30 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. റെഡ്ഹില്‍സിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം.

ഗായകനെന്നതോടൊപ്പം തന്നെ നടന്‍,സംഗീത സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയിട്ടുള്ള കലാകാരനാണ് എസ്.പി.ബി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ് .തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്.

Advertisement