ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഇന്നു നടക്കേണ്ടിയിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം മാറ്റിവച്ചു. ഇന്നു നടന്ന പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രുണാലിനെയും താരവുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയ എട്ടുപേരെയും ക്വാറന്റീനിലേക്കു മാറ്റി.
ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ മൂന്നു ഏകദിനങ്ങളിലും കഴിഞ്ഞ ദിവസം നടന്ന ആദ്യ ട്വന്റി 20 മത്സരത്തിലും ക്രുണാല്‍ കളിച്ചിരുന്നു. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20 പരമ്പരയിൽ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ 38 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇരുടീമുകളുടെയും താരങ്ങള്‍ ബയോ ബബിളിലാണെന്നും ക്രുണാലിനെയും നിരീക്ഷണത്തിലുള്ള മറ്റു താരങ്ങളെയും എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ച്‌ ഐസൊലേഷനില്‍ ആക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.