കെ ടി ജലീലിന്റെ ഫോട്ടോ ബലൂണിൽ കെട്ടി ആകാശത്തേക്ക് പറത്തി മലപ്പുറത്ത് യൂത്ത് ലീഗ് പ്രകടനം. ജലീൽ രാജി വെച്ചതിന്റെ ആഹ്ലാദ പ്രകടനം മലപ്പുറം നഗരസഭ ചെയർമാൻ കൂടിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കടേരി ഉദ്ഘാടനം ചെയ്തു.തന്നെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നാണെന്നും മറ്റാരു പറഞ്ഞാലും രാജി വെക്കില്ലന്നും ധാർഷ്ട്യം പറഞ്ഞിരുന്ന മന്ത്രി ജലീൽ ഗത്യന്തരമില്ലാതെ രാജി വെക്കേണ്ടി വന്നത് ജനവിധിയോടു കൂടിതിരിച്ചിറങ്ങാനിരിക്കുന്ന സർക്കാരിന്റെ തുടക്കം കുറിക്കലാണെന്ന് മുജീബ് കാടേരി പറഞ്ഞു.

ലോകായുക്തയുടെ വിധി വന്നതിനു ശേഷവും നിരന്തരം ധാർഷ്ട്യം മാത്രം പറഞ്ഞിരുന്ന മന്ത്രി പെട്ടെന്ന് ധാർമികതയുടെ പേരിൽ രാജി വെക്കേണ്ടി വന്നത് തികഞ്ഞ അപഹാസ്യതയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ചരിത്രത്തിൽ ഇതുപോലെ കഴിവുകെട്ടൊരു മന്ത്രിയെ ഒരു ഗവൺമെന്റിന്റെ കാലത്തും കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ജലീൽ മന്ത്രി എന്ന നിലയ്ക്ക് നടത്തിയ മുഴുവൻ നിയമങ്ങളും, പ്രധാന തീരുമാനങ്ങളും പരിശോധന വിധേയമാക്കണമെന്നും ഖജനാവിൽ നിന്ന് മന്ത്രി എന്ന പേരിൽ പറ്റിയ വേതനം തിരിച്ചടക്കാനുള്ള ധാർമികത കൂടി ജലീൽ പ്രകടിപ്പിക്കണം” – മുജീബ് കാടേരി പറഞ്ഞു.