മലപ്പുറം:കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ 55 പഞ്ചായത്തുകളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു പ്രഖ്യാപിച്ച ആറു പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. മേയ് 14 വരെ നിരോധനം തുടരും.
കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതല്‍ കാടാമ്പുഴഭഗവതി അമ്പലത്തിൽ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.
3,945 പേര്‍ക്കാണ് കഴിഞ്ഞദിവസം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
സംസ്ഥാനത്തെ രണ്ടാം വാരാന്ത്യനിയന്ത്രണം പൂര്‍ണം. പൊലീസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ് എടുത്തു. മാര്‍ക്കറ്റുകളിലും ഹാര്‍ബറിലും നിയന്ത്രണം കടുപ്പിച്ചു.
വോട്ടെണ്ണല്‍ ദിനമായ നാളെ ആളുകള്‍ റോഡിലേയ്ക്ക് ഇറങ്ങാനുള്ള സാധ്യത മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.