മഞ്ചേരി∙ ഈണങ്ങൾ ബാക്കിയാക്കി സംഗീത സംവിധായകൻ പ്യാരി മുഹമ്മദ് യാത്രയായി. നിലമ്പൂർ റോഡിലെ ‘ശ്രുതിലയ’ത്തിലും ആസ്വാദക മനസ്സിലും നിലയ്ക്കാത്ത രാഗമായി അദ്ദേഹത്തിന്റെ ഓർമകൾ ജീവിക്കും. ഒട്ടേറെപ്പേർ    അദ്ദേഹത്തിന് അന്ത്യയാത്ര നൽകാൻ മഞ്ചേരിയിലെ വീട്ടിലെത്തി.ചെറുപ്പം മുതൽ ജീവിത വഴി സംഗീതമാണെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു.
വയലിൻ, ഹാർമോണിയം എന്നിവയിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവീണ്യം നേടി. പണ്ഡിറ്റ് രാമാനന്ദ് പൈയിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്. മഞ്ചേരിയിൽ പ്രീതി മ്യൂസിക് ക്ലബ് രൂപീകരിച്ച് ഒട്ടേറെ സംഗീത നാടക പരിപാടികൾ നടത്തി. കല്ലായി അബൂബക്കർ, കെ.എസ്.വില്യം, മഞ്ചേരി ചന്ദ്രൻ, നിലമ്പൂർ ആയിഷ, നടി ഫിലോമിന എന്നിവർക്കൊപ്പം നാടക രംഗത്ത് പ്രവർത്തിച്ചു. സുഹൃത്ത് കൂരി കുഞ്ഞിമുഹമ്മദിന്റെ കൂടെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് സംഗീത സംവിധാനത്തിൽ തുടക്കം കുറിച്ചത്.
പ്യാരി –കൂരി കസെറ്റുകൾ അന്ന് ഹിറ്റ് ആയി. ഫിഫ്റ്റി ഫിഫ്റ്റി, അക്കരെ നിന്ന്, അഖില, പവിഴക്കൊട്ടാരം, വല്ലഭനു പുല്ലും ആയുധം, ജാക്ക് ആൻഡ് ജിൽ എന്നീ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1969ൽ അഖില കേരള നാടക മത്സരത്തിലും 1972ൽ സംഗീത നാടക അക്കാദമിയുടെ നാടക മത്സരത്തിലും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം, 2006ൽ എംഎസ് ബാബുരാജ് പുരസ്കാരം തുടങ്ങിയവ ലഭിച്ചു.