മലപ്പുറം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ എത്തിയ വിഷുവിന് സംസ്ഥാനത്തെ ഏറ്റവും പഴയ പൊലീസ് സേനയായ എം.എസ്.പിയുടെ വക കൈനീട്ടമായി സേനാംഗങ്ങള്‍ക്ക് മാസ്‌കുകള്‍. മലപ്പുറത്തെ സേനയുടെ ആസ്ഥാനത്തു നിന്ന് 8,500 മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 3,500 മാസ്‌കുകള്‍ വിഷുത്തലേന്ന് വിതരണം ചെയ്തതായി എം.എസ്.പി കമാന്‍ഡന്റും ജില്ലാ പൊലീസ് മേധാവിയുമായ യു. അബ്ദുള്‍ കരീം അറിയിച്ചു.

ജില്ലാ പൊലീസ് സേനയിലുള്ളവര്‍ക്കും കോഴിക്കോട് റൂറല്‍, സിറ്റി, വയനാട് ജില്ലാ പൊലീസ് എന്നീ വിഭാഗങ്ങള്‍ക്കുമാണ് മാസ്‌കുകള്‍ വിതരണം ചെയ്യുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ പൊലീസ് സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എം.എസ്.പി ഈ പദ്ധതി വിഭാവനം ചെയ്ത് പ്രാവര്‍ത്തികമാക്കിയത്.

പുനരുപയോഗത്തിന് പറ്റുന്ന തുണിയില്‍ നിര്‍മ്മിച്ചതാണ് മാസ്‌കുകള്‍. തുണി വാങ്ങി എം.എസ്.പി സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും വിവിധ കൂട്ടായ്മകളും എടവണ്ണയിലെ സ്വകാര്യ സ്ഥാപനവും ചേര്‍ന്നാണ് 8,500 മാസ്‌കുകള്‍ തയ്യാറാക്കിയത്. വിതരണം ഉടന്‍ പൂര്‍ത്തിയാവുമെന്ന്
എം.എസ്.പി കമാന്‍ഡന്റ് അറിയിച്ചു.