മലപ്പുറം:  ജില്ലയില്‍ സൗജന്യ റേഷന്‍ ഏപ്രില്‍ ആദ്യവാരം വിതരണം ചെയ്യുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ, മുന്‍ഗണന വിഭാഗത്തിന് നിലവിലുള്ള അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം സൗജന്യമായി വിതരണം ചെയ്യും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തിലുള്ളവര്‍ക്കും  നോണ്‍ സബ്‌സിഡി  വിഭാഗത്തിനും കാര്‍ഡ് ഒന്നിന് റേഷന്‍ വിഹിതമായി പരമാവധി 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. കോവിഡ്്19 വ്യാപനവുമായി ബന്ധപ്പെട്ട്  ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും റേഷന്‍ വിതരണം ചെയ്യുക. റേഷന്‍ കടയില്‍ എത്തുന്ന ഗുണഭോക്താവ് ഒരു മീറ്റര്‍ അകലം പാലിക്കണം. ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ ക്യൂവില്‍  നിര്‍ത്തില്ല.
എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം കാര്‍ഡുകള്‍ക്ക്  (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) രാവിലെ ഒന്‍പത്  മുതല്‍ ഉച്ചക്ക് ഒന്ന് വരെയും  എന്‍.പി.എസ്, എന്‍.പി.എന്‍.എസ് (നീല, വെള്ള കാര്‍ഡുകള്‍) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് വിതരണം ചെയ്യുകയെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.