തിരുന്നാവായ: മലബാർ സമരവും പൂക്കോട്ടൂർ യുദ്ധവും സമാനമായ സമരങ്ങളും വർഗീയ കലാപമായിരുന്നില്ലന്നും പ്രസ്തുത സമരങ്ങളെല്ലാം രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നുവെന്നും എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. മലബാർ സമരം നൂറ്റാണ്ട് പിന്നിടുമ്പോഴാണ് സംഘ് പരിവാർ ശക്തികൾ നുണപ്രചാരണവുമായി രംഗത്ത് വന്നിട്ടുള്ളത്.മലബാർ സമര അനുസ്മരണ സമിതിയടെ നേതൃത്വത്തിൽ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മലബാർ സമരവും തിരുന്നാവായയും എന്ന ചരിത്ര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കോട്ടൂർ യുദ്ധത്തെ കുറിച്ച് ആനി ബസൻ്റും ഡോ.അംബേദ്കറും തികച്ചും നുണക്കഥകളാണ് എഴുതി വച്ചിട്ടുള്ളത്.ഈ നുണക്കഥകൾ സാക്ഷാൽ മഹാത്മാഗാന്ധിജി പോലും പ്രചരിപ്പിച്ചാൽ താനടക്കമുള്ള പൗരന്മാർ തള്ളിക്കളയുമെന്ന് അദേഹം പറഞ്ഞു.പ്രമുഖ ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.അവറാങ്കൽ മുയ്തീൻ കുട്ടി അധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് 1921 ദൃശ്യാവിഷ്ക്കാരം അരങ്ങേറി. ചിത്രകാരൻ പ്രേംകുമാർ, കെ.പി.ഒ റഹ് മത്തുല്ലാഹ്, സി.അബ്ദുൽ ഹമീദ്, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, ചിറക്കൽ ഉമ്മർ, നാസർ കൊട്ടാരത്ത്, സി.വി ഹംസ, കെ.പി ഖമറുൽ ഇസ്ലാം എന്നിവർ സംസാരിച്ചു.