തിരുവനന്തപുരം: സംസ്ഥാനത്തെ 4 കളക്ടര്‍മാരുള്‍പ്പെടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. വനിത ശിശു വികസന വകുപ്പ് ഡയറക്ടറായ ടി വി അനുപമയെ പട്ടികവര്‍ഗ വികസന വകുപ്പിലേക്ക് മാറ്റി.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്‌ക്ക് നല്‍കി.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍ നിന്നും മുഹമ്മദ് വൈ സഫറുള്ളയെ കേരള ജിഎസ്ടി വകുപ്പിലേക്ക് മാറ്റി. ധനകാര്യ സെക്രട്ടറി (റിസോഴ്‌സസ്)യുടെ ചുമതലയും അദ്ദേഹത്തിന് നല്‍കി.

മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കളക്ടര്‍മാരെ മാറ്റി. മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്‌മെന്‍റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടറായി നിയമിച്ചു. പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.

കണ്ണൂര്‍ കളക്ടറായ സുഭാഷ് ടി വിയെ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്‍റ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറാക്കി. എസ് ചന്ദ്രശേഖറാണ് പുതിയ കണ്ണൂര്‍ ജില്ല കളക്ടര്‍.

വയനാട് ജില്ലാ കളക്ടറായ അദീല അബ്ദുള്ളയെ വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദീലയ്‌ക്കാണ്. എ ഗീത വയനാട് ജില്ലാ കളക്ടറാവും.

കൊല്ലം കളക്ടറായ അബ്ദുള്‍ നാസറിനാണ് തൊഴലുറപ്പ് മിഷന്‍ ഡയറക്ടറുടെ പുതിയ ചുമതല. പകരം എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്‌സാന പര്‍വീണിനെ കൊല്ലം കളക്ടറായി നിയമിച്ചു.

കണ്ണൂര്‍ വികസന കമ്മീഷണറായ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ സംസ്ഥാന ഐ ടി മിഷനിലേക്ക് മാറ്റി. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായ ഷാനവാസിനെ കൊച്ചിന്‍ സ്റ്റാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒയായി നിയമിച്ചു.