മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ മീഡിയ വണ്ണിന്‍റേയും ഏഷ്യാനെറ്റ് ന്യൂസിന്‍റേയും സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്.നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനവും ഉയർന്നിരുന്നു.എന്നാൽ ഇന്ന് രാവിലെ അച്ചടിച്ച് വന്ന മുഖ്യധാരാ മാധ്യമങ്ങളായ മനോരമക്കും മാതൃഭൂമിക്കും അത് വലിയ വാർത്തയേ അല്ല.മാതൃഭൂമി ഒമ്പതാം പേജിൽ ഒറ്റക്കോളം വാർത്തയായും മനോരാമ ആറാം പേജിൽ രണ്ട് കോളം വാർത്തയായും ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ മാധ്യമം, ദേശാഭിമാനി, ജനയുഗം എന്നീ പത്രങ്ങള്‍ മാധ്യമവിലക്ക് ലീഡ് വാര്‍ത്തയായാണ് അവതരിപ്പിച്ചിരിക്കുന്നത്.’മിണ്ടരുത്’ എന്നാണ് മാധ്യമങ്ങള്‍ക്ക് നേരെയുള്ള നടപടിയെ ദേശാഭിമാനി തലക്കെട്ടാക്കിയത്. ദില്ലി വംശീയാതിക്രമ റിപ്പോര്‍ട്ട്, വായ് മൂടി കേന്ദ്രം എന്നായിരുന്നു മാധ്യമത്തിന്‍റെ തലക്കെട്ട്. ‘മാധ്യമ മാരണം’ എന്നാണ് ജനയുഗം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇറങ്ങുന്ന ദേശീയ ദിനപത്രങ്ങളായ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയെല്ലാം ഒന്നാം പേജില്‍ തന്നെ ചാനൽ വിലക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.

കലാപങ്ങൾ കത്തിപ്പടരുമ്പോൾ യദാർത്ഥ വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാർ വിലക്ക് ഭീഷണിയുമായി വരുമ്പോൾ   മുഖ്യധാര മാധ്യമങ്ങളായ മലയാള മനോരമയും മാതൃഭൂമിയും കൈക്കൊണ്ട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മലയാള മാധ്യമങ്ങളെ വിലക്കിയ വാർത്ത സമയത്തിന് കൊടുക്കാത്ത മനോരമയുടെയും മാതൃഭൂമിയുടേയും ചാനലുകളുടെ നിലപാടുകൾ ഇന്നലെ രാത്രി തന്നെ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.ഇന്ന് പത്രത്തിൽ പ്രധാനവാർത്തകളിൽ ഇടം പിടിക്കേണ്ട വാർത്ത ഉള്ളിലേക്ക് മുക്കുകകൂടി ചെയ്തതോടെ മനോരമയെയും മാതൃഭൂമിയെയും വായനക്കാർ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.സഹജീവികളുടെ വായ് മൂടിക്കെട്ടുമ്പോൾ നോക്കിനിൽക്കുന്നതാണോ മാധ്യമധർമ്മം എന്നാണ് സോഷ്യൽമീഡിയയിൽ നിന്നുയരുന്ന പ്രതിഷേധങ്ങളിലൊന്ന് പറയുന്നത്.