ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. നേരത്തെ പൈറസി തടയണമെന്ന് സർക്കാർ ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.

തിയേറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് ‘മാലിക്’. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ചിത്രം വേള്‍ഡ്-വൈഡ് റിലീസാണ്.