മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനായ വൈക്കം മുഹമ്മദ് ബഷീര്‍
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന അദ്ദേഹം
1908 ജനുവരി 21ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിലാണ് ജനിച്ചത് പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌
കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
മലയാളത്തിന്റെ സുല്‍ത്താനാണെങ്കിലും ബേപ്പൂരിന്റെ കഥാകാരന് സ്മാരകം വേണമെന്ന ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല
നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയില്‍ ബഷീര്‍ കുറിച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി. പ്രേമ ലേഖനവും, പാത്തുമ്മയുടെ ആടും, ഇമ്മിണി ബല്ല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയായിരുന്നു. ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ ബഷീറിന് കഴിഞ്ഞു.
നിഘണ്ടുവില്‍ പോലും കാണാന്‍ കഴിയാത്ത വാക്കുകളാണ് ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകത. അനുഭവങ്ങള്‍ വിവരിക്കാന്‍ അദ്ദേഹം സ്വന്തം ഭാഷ തന്നെ സൃഷ്ടിച്ചെടുത്തു. ഇമ്മിണി വല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പദങ്ങളും പ്രയോഗങ്ങളും ബഷീര്‍ മലയാളത്തിന് സമ്മാനിച്ചു.
കാലങ്ങള്‍ കടന്നുപോകുമ്പോളും സാഹിത്യപ്രേമികളുടെ മനസില്‍ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലെ ആ ചാരുകസേരയില്‍ ചാരിക്കിടന്ന് ഗ്രാമഫോണില്‍ ‘സോജാ രാജകുമാരി’ കേട്ടുറങ്ങുകയാണ് എഴുത്തിന്റെ സുല്‍ത്താന്‍. വായനയുടെ വസന്തം ആസ്വാദകനില്‍ പാകിയ ബേപ്പൂര്‍ സുല്‍ത്താനെ ഓര്‍ക്കാതെ അദ്ദേഹത്തിന്റെ ഒരു ചരമദിനവും കടന്നു പോകില്ല. മഹാ പ്രതിഭയ്ക്ക് പ്രണാമം