കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മഹോത്സവം ഇന്നും നാളെയുമായി( മാര്‍ച്ച് ആറ്, ഏഴ്) വൈദ്യര്‍ അക്കാദമിയില്‍ നടക്കും. മലബാര്‍ സമര ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സെമിനാറും റിയാലിറ്റി ഷോയും സംഘടിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൂര്‍വ വിദ്യാര്‍ഥി സംഗമവും വൈകീട്ട് നാലിന് മാപ്പിളപ്പാട്ടുകളുടെ അവതരണവും നടക്കും.  വൈകീട്ട് ഏഴിന് മാപ്പിളപ്പാട്ടിന്റെ   സംസ്‌കൃതി എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വൈദ്യര്‍ സ്മാരക പ്രഭാഷണം നടത്തും. ഇശല്‍ പൈതൃകം മലബാര്‍ സമര ശതാബ്ദി പ്രത്യേക പതിപ്പ്, ഡോ.ഷംഷാദ് ഹുസൈന്‍ രചിച്ച മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം എന്നിവയുടെ പ്രകാശനവും നടക്കും. ബക്കര്‍ മാറഞ്ചേരി, നിവേദിത ടീമിന്റെ മെഹഫില്‍ അരങ്ങേറും.
നാളെ രാവിലെ 10ന് 1921 മലബാര്‍ സമരാനന്തര മലബാര്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ.രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്യും. ഡോ. പി. അബ്ദു റസാഖ്, ഡോ. ശ്രീവിദ്യ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ടിന് മാപ്പിളപ്പാട്ട് കവിയരങ്ങ്, വൈകീട്ട് ഏഴിന് വൈദ്യര്‍ രാവ് റിയാലിറ്റി ഷോയും നടക്കും.