രാജ്യത്ത്​ 24 മണിക്കൂറിനിടെ 6535 പേർക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു​. 146 പേര്‍ മരിച്ചു.തുടർച്ചയായ അഞ്ചാംദിവസമാണ്​ രോഗബാധിതരുടെ എണ്ണം ആറായിരം കടക്കുന്നത്​. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. നിലവില്‍ 80,722 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 60, 490 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 4167 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.കോവിഡ്​ ബാധിതരുടെ പട്ടികയിൽ പത്താമതാണ്​ ഇന്ത്യ. മഹാരാഷ്​ട്രയിലും ഡൽഹിയിലുമാണ്​ ഏറ്റവും കൂടുതൽ രോഗവ്യാപനം. ഈ സംസ്​ഥാനങ്ങളിൽ രണ്ടുദിവസങ്ങളിലായി 11 ശതമാനം വർധനവാണ്​ ഉണ്ടായിട്ടുള്ളത്​.

കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗം ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.